
ദോഹ: ഇന്ത്യയിലെ പ്രശസ്ത മെന്റലിസ്റ്റ് ആനന്ദു അവതരിപ്പിക്കുന്ന മെഗാ മെന്റലിസം ഷോയുടെ ഔദ്യോഗിക ലോഞ്ചിംഗ് ചടങ്ങ് ദോഹയിലെ Zaatar Restaurant-ൽ പ്രൗഢഗംഭീരമായി നടന്നു. 2026 ഓഗസ്റ്റ് 28-ന് ദോഹയിൽ അരങ്ങേറുന്ന മെഗാഷോയുടെ ഔദ്യോഗിക പ്രഖ്യാപനമാണ് ചടങ്ങിലൂടെ നടത്തിയത്.
സാമൂഹിക, സാംസ്കാരിക, ബിസിനസ് രംഗങ്ങളിലെ പ്രമുഖർ, മാധ്യമപ്രവർത്തകർ, സ്പോൺസർമാർ, വിവിധ സംഘടനാ പ്രതിനിധികൾ, വിശിഷ്ടാതിഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഷോയുടെ പ്രമോഷണൽ വീഡിയോ പ്രദർശനവും ഔദ്യോഗിക ലോഞ്ചിംഗും ചടങ്ങിന്റെ പ്രധാന ആകർഷണങ്ങളായി.
പരിപാടിയിൽ സംസാരിച്ച സംഘാടകർ, ഖത്തറിലെ മലയാളികൾക്കും മറ്റ് പ്രവാസി സമൂഹങ്ങൾക്കും ലോകോത്തര നിലവാരത്തിലുള്ള മെന്റലിസം അനുഭവം ഒരുക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞു. മെന്റലിസം, സൈക്കോളജി, മാജിക്, അത്യാധുനിക സ്റ്റേജ് അവതരണം എന്നിവയുടെ സമന്വയമായ ആനന്ദുവിന്റെ പ്രകടനം പ്രേക്ഷകർക്ക് പുതിയ അനുഭവം സമ്മാനിക്കുമെന്നും അവർ അറിയിച്ചു.
ചടങ്ങിൽ പങ്കെടുത്ത അതിഥികൾ പരിപാടിക്ക് എല്ലാ വിജയാശംസകളും നേർന്നു. പരിപാടിയുടെ വിജയത്തിനായി പിന്തുണ നൽകിയ സ്പോൺസർമാർക്കും, മാധ്യമങ്ങൾക്കും, സഹസംഘാടകർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.
ഓഗസ്റ്റ് 28-ന് ദോഹയിൽ നടക്കുന്ന ഈ മെഗാഷോയുടെ ടിക്കറ്റ് വിൽപ്പനയും വിപുലമായ പ്രചാരണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഖത്തറിലെ മലയാളി സമൂഹവും മറ്റ് പ്രവാസികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പരിപാടി ഖത്തറിലെ വിനോദരംഗത്ത് ശ്രദ്ധേയമായ ഒരു അധ്യായമായി മാറുമെന്ന പ്രതീക്ഷയും അവർ പങ്കുവച്ചു.











