11:27am 05 November 2026
NEWS
ചെങ്കൊടി നിഴലിലെ ചേരിപ്പോര്: പ്രതിപക്ഷ ഉപനേതാവ് പദവിയും എൽ.ഡി.എഫിലെ പുതിയ സമവാക്യങ്ങളും
04/09/2026  04:23 PM IST
സുരേഷ് വണ്ടന്നൂർ
ചെങ്കൊടി നിഴലിലെ ചേരിപ്പോര്: പ്രതിപക്ഷ ഉപനേതാവ് പദവിയും എൽ.ഡി.എഫിലെ പുതിയ സമവാക്യങ്ങളും

കേരള രാഷ്ട്രീയത്തിലെ സ്ഥിരം കാഴ്ചകളിലൊന്നാണ് സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള ചേരിപ്പോരുകൾ. സിനിമകളിലെ 'അനിയൻബാവയും ചേട്ടൻബാവയും' പോലെയാണ് ഈ രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും ബന്ധം. എപ്പോഴും സൗഹൃദത്തിലാണെന്ന് തോന്നിക്കുമെങ്കിലും പല നിർണായക ഘട്ടങ്ങളിലും ഇവർ കൊമ്പുകോർക്കാറുണ്ട്. മുന്നണിയിലെ പ്രധാന പങ്കാളിയാണെങ്കിലും എല്ലാ കാര്യങ്ങളിലും കടുംപിടുത്തത്തിനുള്ള അവകാശം സി.പി.ഐയ്ക്കും, അന്തിമമായി കാര്യങ്ങൾ തീരുമാനിക്കാനും ജയിക്കാനുമുള്ള അവകാശം സി.പി.എമ്മിനുമാണ് എന്നൊരു അനൗദ്യോഗിക ധാരണ കേരള രാഷ്ട്രീയത്തിലുണ്ട്. പലപ്പോഴും തോൽക്കാൻ വേണ്ടി മാത്രം സി.പി.എമ്മുമായി മത്സരിക്കുന്നത് സി.പി.ഐയ്ക്ക് ഒരു ശീലമായി മാറിയിട്ടുണ്ടോ എന്ന് സാധാരണക്കാർ പോലും സംശയിച്ചുപോകും വിധമാണ് കാര്യങ്ങളുടെ പോക്ക്.

​പി.എംശ്രീ വിവാദവും പുതിയ പ്രതിസന്ധിയും

​കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലിരിക്കുമ്പോൾ തന്നെ വലിയ പോരുകൾക്ക് വേദിയായിട്ടുണ്ട്. മുൻകാലങ്ങളിൽ പി.എംശ്രീ പദ്ധതി ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട് മുന്നണിയിൽ വലിയ തർക്കങ്ങൾ ഉടലെടുത്തിരുന്നു. മുന്നണി വിട്ടുപോകുമെന്ന് തോിപ്പിച്ചുപോലും സി.പി.ഐ രംഗത്തുവന്ന ആ ഘട്ടത്തിൽ, ഒടുവിൽ അനുസരണയുള്ള കുട്ടിയെപ്പോലെ സി.പി.ഐ വഴങ്ങിക്കൊടുക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. എന്നാൽ ഭരണം അതിന്റെ സ്വാഭാവിക വഴിയിലൂടെ മുന്നോട്ടുപോകുമ്പോൾ, തികച്ചും അപ്രതീക്ഷിതമായി ഉയർന്നുവന്നിരിക്കുന്ന പുതിയ രാഷ്ട്രീയ തലവേദനയാണ് 'പ്രതിപക്ഷ ഉപനേതാവ്' പദവിയെച്ചൊല്ലിയുള്ള തർക്കം.
​ചരിത്രം പരിശോധിച്ചാൽ വെളിയം ഭാർഗവൻ, സി.കെ. ചന്ദ്രപ്പൻ തുടങ്ങിയ ശക്തരായ നേതാക്കൾ സി.പി.ഐ സംസ്ഥാന സെക്രട്ടറിമാരായിരുന്ന കാലത്ത് സി.പി.എമ്മിന്റെ വലിയ കണ്ണുരുട്ടലുകൾക്കൊന്നും മുന്നിൽ പാർട്ടിയുടെ നട്ടെല്ല് വളഞ്ഞിരുന്നില്ല. പിന്നീട് കാനം രാജേന്ദ്രന്റെ കാലത്ത് നേതൃത്വം അൽപ്പം കടുംപിടുത്തങ്ങൾ കാട്ടിയെങ്കിലും 'വാശി പിടിക്കുക, ഒടുവിൽ വഴങ്ങിക്കൊടുക്കുക' എന്ന ശൈലിയിലേക്ക് കാര്യങ്ങൾ മാറിമറിഞ്ഞു. എന്നാൽ ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ശൈലി തികച്ചും വ്യത്യസ്തമാണ്. കേരള പൊലീസിന്റെ ആപ്തവാക്യമായ 'മൃദുഭാവേ ദൃഢകൃത്യേ' എന്ന സമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നത്. ആപ്തവാക്യത്തിലെ മൃദുഭാവം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെങ്കിലും, പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവർത്തനത്തിലെ ദൃഢത എവിടെയെന്ന ചോദ്യം സാധാരണ പ്രവർത്തകരുടെ ഇടയിൽ നിന്നുപോലും ഉയരുന്നുണ്ട്.
​ഈ തിരഞ്ഞെടുപ്പിൽ മുന്നണി പരാജയപ്പെട്ട് പ്രതിപക്ഷ നിരയിലേക്ക് തങ്ങൾ തള്ളപ്പെട്ട സ്ഥിതിക്ക്, നിയമസഭയിൽ ഒരു പ്രതിപക്ഷ ഉപനേതാവ് പദവിയെങ്കിലും കിട്ടിയില്ലെങ്കിൽ പിന്നെ രാഷ്ട്രീയത്തിൽ ഒരു 'ഗെറ്റപ്പും ഗുംഗും' ഇല്ലെന്ന് സി.പി.ഐ നന്നായി തിരിച്ചറിയുന്നുണ്ട്. എന്നാൽ, പ്രതിപക്ഷ നേതാവും ഉപനേതാവും തന്റെ പാർട്ടിയിൽ നിന്നുതന്നെയആവണമെന്ന കടുത്ത വാശിയിലാണ് പിണറായി വിജയൻ. സി.പി.ഐയെ ഇടയ്ക്കിടെ രാഷ്ട്രീയമായി കുത്തിനോവിക്കുന്നതും പരിഹസിക്കുന്നതും പിണറായിക്ക് ഒരുതരം രാഷ്ട്രീയ ആനന്ദമാണ്. എം.വി. ഗോവിന്ദനോ ടി.പി. രാമകൃഷ്ണനോ ഒക്കെ ഒരു അഭിപ്രായം പറയുന്നതിന് മുമ്പ്, പിണറായി വിജയൻ തന്നെ കയറി ഏകപക്ഷീയമായി ഇക്കാര്യത്തിൽ നിലപാട് പ്രഖ്യാപിച്ചതോടെ പ്രശ്നം കൂടുതൽ വഷളായി.

​കെ. രാജന്റെ ആഗ്രഹവും പിണറായിയുടെ പിടിവാശിയും


​മുൻ മന്ത്രിയെന്ന നിലയിലുള്ള അനുഭവസമ്പത്തുള്ള കെ. രാജൻ, പ്രതിപക്ഷ ഉപനേതാവ് പദവിയിലേക്ക് എത്താനുള്ള കായിക പരിശീലനങ്ങളും രാഷ്ട്രീയ തയ്യാറെടുപ്പുകളും നേരത്തെ തന്നെ തുടങ്ങിയതായിരുന്നു. നിയമസഭാ സമ്മേളനങ്ങളിൽ സർക്കാരിനെതിരെ നാല് നല്ല വാക്ക് കട്ടിയിൽ സംസാരിക്കണമെങ്കിൽ പാർട്ടിക്ക് ആ പദവി ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹവും പാർട്ടിയും കണക്കുകൂട്ടുന്നു. എന്നാൽ, പാവം രാജന്റെ ആത്മാർത്ഥതയും മോഹങ്ങളും തിരിച്ചറിയാനുള്ള വലിയ മനസ്സ് പിണറായി വിജയന് ഇല്ലാതെപോയി. പകരം, കെ.എൻ. ബാലഗോപാലിനെ പ്രതിപക്ഷ ഉപനേതാവിന്റെ കുപ്പായം അണിയിക്കാനാണ് പിണറായിയുടെ കടുത്ത പിടിവാശി.
​ഈ വിവാദം കത്തിനിൽക്കുന്നതിനിടയിൽ, 'പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്തുകാര്യം' എന്ന പോലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സമ്പൂജ്യരായി നിൽക്കുന്ന കേരള കോൺഗ്രസ് (മാണി) വിഭാഗവും ഈ തർക്കം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നു. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഈ പരസ്യമായ അടി കണ്ട് അവർക്ക് പോലും സഹിക്കാനാവാത്ത അവസ്ഥയാണ്. ഇരു പാർട്ടികളുടെയും യുവജന സംഘടനാ നേതാക്കൾ സോഷ്യൽ മീഡിയയിലൂടെ കൂടി ഏറ്റുമുട്ടിയതോടെ വിഷയം കൂടുതൽ വഷളായി. സർക്കാർ അധികാരത്തിലെത്തി നൂറു ദിവസങ്ങൾ പിന്നിട്ടിട്ടും കൃത്യമായ ഇടവേളകളിൽ ചേരേണ്ട എൽ.ഡി.എഫ് യോഗം പോലും ചേരാനാവാത്ത അത്രയും വലിയ പ്രതിസന്ധിയാണ് മുന്നണിയിലുള്ളത്. മുന്നണി യോഗം ചേർന്നാൽ സി.പി.ഐ ഈ ഉപനേതാവ് പദവി ചർച്ചയ്ക്ക് എടുത്തിടുമെന്ന് സി.പി.എമ്മിന് നല്ല ബോധ്യമുണ്ട്.

​പുരകത്തുമ്പോൾ വാഴ വെട്ടുന്ന ലീഗ് തന്ത്രം

​ഇതിനിടയിലാണ് രാഷ്ട്രീയ മുതലെടുപ്പിനായി മുസ്ലീം ലീഗ് രംഗപ്രവേശം ചെയ്തത്. പണ്ട് കോൺഗ്രസിന്റെ തണലിൽ ഇരു പാർട്ടികളുമായി ഒരേപോലെ സൗഹൃദം സ്ഥാപിച്ചിരുന്ന പഴയകാല രാഷ്ട്രീയ ഓർമ്മകൾ പുനരുജ്ജീവിപ്പിച്ചുകൊണ്ട് സി.പി.ഐയെ യു.ഡി.എഫിലേക്ക് പ്രലോഭിപ്പിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. എത്ര സ്നേഹത്തോടെയും ആദരവോടെയുമാണ് ലീഗ് നേതാക്കൾ സി.പി.ഐയെ സ്വാഗതം ചെയ്യുന്നത്. സാധാരണഗതിയിൽ രണ്ട് ദിവസം പിണങ്ങിനിന്ന് മൂന്നാം ദിവസം ചിരിച്ചുകൊണ്ട് മുന്നണിയുടെ പടി കടന്നെത്തുന്ന സി.പി.ഐ, ഇക്കുറി തന്റെ നിലപാടുകളിൽ കൂടുതൽ കടുപ്പം കാട്ടിയതോടെ സി.പി.എമ്മിനും പന്തികേട് തോന്നിത്തുടങ്ങി.
​എങ്കിലും, മുന്നോട്ടുവെച്ച കാൽ ഇനി പിറകോട്ടെടുത്താൽ അത് വിപ്ലവ പാർട്ടിക്ക് വലിയ നാണക്കേടാകും എന്ന ആശങ്ക സി.പി.എമ്മിനുണ്ട്. മറുവശത്ത്, കെ. രാജനാകട്ടെ ഉപനേതാവ് പദവി ലഭിച്ചില്ലെങ്കിൽ സമാധാനത്തോടെ ഉറങ്ങാൻ പോലും കഴിയാത്ത മാനസികാവസ്ഥയിലുമാണ്.

​ഒത്തുതീർപ്പ് ഫോർമുലകളും പുതിയ സമവാക്യങ്ങളും

​പാർട്ടി ഘടകങ്ങളുമായി കൂടിയാലോചിക്കാതെ, പ്രതിപക്ഷ ഉപനേതാവ് പദവി സി.പി.എമ്മിന് തന്നെയായിരിക്കുമെന്നും താൻ കത്ത് കൊടുക്കേണ്ട താമസമേ ഉള്ളൂ എന്നും പിണറായി പരസ്യമായി പ്രസ്താവിച്ചതിൽ സി.പി.എമ്മിനുള്ളിലും അസംതൃപ്തി പുകയുന്നുണ്ട്. ഒടുവിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് മനസ്സിലാക്കിയാകണം, ഇപ്പോൾ ചില ഒത്തുതീർപ്പ് ഫോർമുലകൾ അണിയറയിൽ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. അതായത്, "എനിക്കില്ലെങ്കിലും അവന് കിട്ടേണ്ട" എന്ന നിലയിലുള്ള ഒരു ഒത്തുതീർപ്പ്. പ്രതിപക്ഷ ഉപനേതാവ് പദവി തത്കാലം ആർക്കും നൽകാതെ ഒഴിച്ചിടുക എന്ന നിർദ്ദേശം സി.പി.ഐയ്ക്ക് മുന്നിൽ വെക്കുക. പദവി സി.പി.എമ്മിനും കിട്ടരുത് എന്ന വാശിയിൽ ഈ നിർദ്ദേശം ബിനോയ് വിശ്വം സ്വീകരിക്കുമോ എന്നതാണ് ചോദ്യം.
​ഈ നിർദ്ദേശം അംഗീകരിച്ചാൽ പിന്നെ ബിനോയ് വിശ്വത്തിന് കെ. രാജന്റെ മുഖത്ത് എങ്ങനെ നോക്കാൻ സാധിക്കും? അങ്ങനെയങ്ങ് എളുപ്പത്തിൽ കീഴടങ്ങരുതെന്ന് മുസ്ലീം ലീഗ് നേതാക്കൾ ലേഖനങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും സി.പി.ഐയെ നിരന്തരം ഉപദേശിക്കുന്നുണ്ട്. തങ്ങളുടെ രാഷ്ട്രീയ തന്ത്രം ഫലം കാണുമോ എന്ന ആശങ്ക ലീഗിനുമുണ്ട്. മറുവശത്ത്, ബിനോയ് വിശ്വം ഈ ഒത്തുതീർപ്പിന് വഴങ്ങിയാലും, പാർട്ടിയിലെ മറ്റ് തീപ്പൊരി നേതാക്കൾ അത് അംഗീകരിക്കുമോ എന്നത് വലിയൊരു ചോദ്യചിഹ്നമാണ്.

​ഒരു യാഥാർത്ഥ്യം: ലീഗിന്റെ പ്രലോഭനങ്ങളിൽ വീണ് അത്യധികം പെട്ടെന്ന് യു.ഡി.എഫിലേക്ക് കൂടുമാറിയാൽ, എൽ.ഡി.എഫിലെ കരുത്തുറ്റ രണ്ടാം സ്ഥാനക്കാരായ സി.പി.ഐയ്ക്ക് യു.ഡി.എഫിൽ എത്തുമ്പോൾ കോൺഗ്രസിനും ലീഗിനും പിറകിലെ മൂന്നാം സ്ഥാനക്കാരായി ചുരുങ്ങേണ്ടി വരുമെന്ന രാഷ്ട്രീയ യാഥാർത്ഥ്യവും അവർക്ക് മുന്നിലുണ്ട്.

​ഈ രാഷ്ട്രീയ പ്രതിസന്ധിയുടെയും അധികാര വടംവലിയുടെയും അന്ത്യം എവിടെയായിരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img