
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ നേമം മണ്ഡലം ചർച്ചാവിഷയമാകുന്നു. തന്റെ സിറ്റിംഗ് മണ്ഡലമായ നേമത്ത് മത്സരിക്കാൻ പ്രതിപക്ഷ നേതാവിനെ വി ശിവൻകുട്ടി വെല്ലുവിളിച്ചതോടെയാണ് നേമം മണ്ഡലം കേരള രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയാകുന്നത്. ചരിത്രത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറക്കുകയും തൊട്ടുപിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം വി ശിവൻകുട്ടിയിലൂടെ ആ അക്കൗണ്ട് പൂട്ടുകയും ചെയ്ത അതേ നേമം ഇക്കുറിയും തീപാറുന്ന പോരാട്ടത്തിന് തന്നെയാകും സാക്ഷ്യം വഹിക്കുക എന്ന കാര്യത്തിൽ തർക്കമില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാകും ബിജെപിക്കായി ഇക്കുറി നേമത്ത് ഇറങ്ങുക. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാകും സിപിഎമ്മിന്റെ സ്ഥാനാർത്ഥി. അവിടേക്കാണ് ശിവൻകുട്ടി തന്നെ പ്രതിപക്ഷ നേതാവിനെ മത്സരിക്കാൻ വെല്ലുവിളിച്ചത്. എന്നാൽ, ആ വെല്ലുവിളി ഏറ്റെടുക്കാൻ വി ഡി സതീശൻ തയ്യാറാകാതിരുന്നതോടെ മറ്റൊരു ഗുരുതരമായ ആരോപണമുയർത്തി വി ശിവൻകുട്ടി രംഗത്തെത്തി.
നേമത്ത് ശിവൻകുട്ടിക്കെതിരെ മത്സരിക്കാൻ താൻ “ആളല്ല” എന്ന് പറഞ്ഞ സതീശൻ, ഇപ്പോൾ എൽഡിഎഫിന്റെ “ചങ്ക് തുളച്ചു പോകുന്ന” രാഷ്ട്രീയ നരേറ്റീവുകൾ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാണെന്നും ആരോപിച്ചു. അതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഈ വെല്ലുവിളിയെന്നും സതീശൻ ആരോപിച്ചു. അത്തരം തന്ത്രങ്ങളിൽ വീഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സതീശന്റെ നേമം നിലപാടിനെതിരെ ശിവൻകുട്ടി ശക്തമായ രാഷ്ട്രീയ ആരോപണങ്ങളാണ് ഉന്നയിച്ചത്. നേമത്ത് മത്സരിക്കില്ലെന്ന പ്രഖ്യാപനം വ്യക്തിപരമായ തീരുമാനമല്ലെന്നും, ബിജെപിയുമായി നടത്തിയ “രാഷ്ട്രീയ കച്ചവടത്തിന്റെ” ഭാഗമാണെന്നുമാണ് മന്ത്രിയുടെ ആരോപണം. നേമത്ത് ബിജെപിയെ സഹായിക്കുകയും, പകരമായി പറവൂരിൽ ബിജെപി വോട്ടുകൾ കോൺഗ്രസിന് ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഈ “ഡീലിന്റെ” ഉള്ളടക്കമെന്ന് ശിവൻകുട്ടി ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. വികസനവും മതേതരത്വവും ചർച്ചയാകുമ്പോൾ കോൺഗ്രസിന്റെ ബിജെപി പ്രീണനം ജനമധ്യത്തിൽ വിചാരണ ചെയ്യപ്പെടുമെന്ന മുന്നറിയിപ്പോടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കേരള രാഷ്ട്രീയത്തിൽ ഏറെ പ്രാധാന്യമുള്ള മണ്ഡലമാണ് നേമം. ബിജെപി ഇക്കുറി വിജയം ഉറപ്പായും പ്രതീക്ഷിക്കുന്ന മണ്ഡലത്തിൽ സിപിഎമ്മിനും വിജത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷയില്ല. സിറ്റിംഗ് സീറ്റ് നിലനിർത്തുക എന്ന് സിപിഎമ്മിന്റെ അഭിമാന പ്രശ്നമാണ്. ആരാകും മൂന്നാം സ്ഥാനത്ത് പോകുക എന്നതും പ്രധാനമാണ്.
വി ഡി സതീശനെ നേമത്ത് മത്സരിക്കാൻ വി ശിവൻകുട്ടി വെല്ലിവിളിച്ചത് കേവലം വൈകാരികമായ പ്രതികരണമാകാൻ തരമില്ല. പറവൂർ പോലെ താരതമ്യേന സുരക്ഷിതമായ മണ്ഡലം വിട്ട് സതീശൻ നേമത്തേക്ക് എത്തില്ലെന്ന് ശിവൻകുട്ടിക്കും സിപിഎമ്മിനും നന്നായി അറിയാം. എന്നാൽ, പറവൂർ - നേമം ബിജെപി കോൺഗ്രസ് ഡീൽ എന്ന ആരോപണം കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചേക്കാം.










