
പാർലമെന്റിൽ അവതരിപ്പിക്കപ്പെടുന്ന വനിതാ സംവരണ ബിൽ കേരളത്തിലെ രാഷ്ട്രീയ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ. സംസ്ഥാനത്ത് ഏപ്രിൽ 9ന് നടന്നത് നിലവിലെ 140 മണ്ഡലങ്ങളിലേക്കുള്ള അവസാന നിയമസഭാ തിരഞ്ഞെടുപ്പായിരിക്കാമെന്ന സൂചനകളാണ് രാഷ്ട്രീയ നിരീക്ഷകർ മുന്നോട്ടുവയ്ക്കുന്നത്. സീറ്റുകളുടെ എണ്ണം ഏകദേശം 50 ശതമാനം വർധിപ്പിക്കപ്പെടുന്ന സാഹചര്യം വന്നാൽ അടുത്ത നിയമസഭയിൽ മണ്ഡലങ്ങളുടെ എണ്ണം 210 ആയി ഉയരാനിടയുണ്ട്. അങ്ങനെ വന്നാൽ കേവല ഭൂരിപക്ഷത്തിനാവശ്യമായ സീറ്റുകളുടെ എണ്ണം 71ൽ നിന്ന് 106 ആയി ഉയരും.
ഇതോടെ സിപിഎം, കോൺഗ്രസ്, ബിജെപി പോലുള്ള പ്രധാന കക്ഷികൾ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം നൂറിന് മുകളിലേക്ക് ഉയരും. മുസ്ലിം ലീഗും സിപിഐയും ഉൾപ്പെടെ മറ്റ് പാർട്ടികളും കൂടുതൽ സീറ്റുകൾ ആവശ്യപ്പെടും. ചെറുകക്ഷികളും സ്വാധീന മേഖലകളിൽ കൂടുതൽ അവകാശവാദവുമായി രംഗത്തെത്തും. വനിതാ സംവരണം നടപ്പിലാകുന്നതോടെ നിരവധി മണ്ഡലങ്ങൾ സ്ത്രീകൾക്കായി മാറ്റിവെക്കപ്പെടും എന്നതിനാൽ, വർഷങ്ങളായി ഒരേ മണ്ഡലത്തിൽ മത്സരിച്ചുവരുന്ന നേതാക്കൾക്ക് സീറ്റുകൾ നഷ്ടപ്പെടാനുള്ള സാധ്യതയും ഉയരും.
1957ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ 114 മണ്ഡലങ്ങളായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്. എന്നാൽ, ചില മണ്ഡലങ്ങൾ ദ്വയാംഗ മണ്ഡലങ്ങളായിരുന്നു. ഇതിനാൽ 126 അംഗങ്ങളെയാണ് തിരഞ്ഞെടുത്തത്. 1965ലെ പുനർനിർണയത്തോടെ മണ്ഡലങ്ങളുടെ എണ്ണം 133 ആയി ഉയർന്നു. 1967, 1970 തിരഞ്ഞെടുപ്പുകളും ഇതേ അടിസ്ഥാനത്തിലായിരുന്നു. 1977 മുതൽ മണ്ഡലങ്ങളുടെ എണ്ണം 140 ആയി നിശ്ചയിക്കപ്പെട്ടതും ഇന്നുവരെ അതേ നില തുടരുന്നതുമാണ്. 2008ൽ പുനർനിർണയം നടന്നിട്ടും 2011ൽ സീറ്റുകളുടെ എണ്ണം വർധിച്ചിരുന്നില്ല.
ഭാവിയിൽ മണ്ഡലങ്ങളുടെ കൃത്യമായ എണ്ണം നിർണയിക്കുന്നത് സെൻസസ് കണക്കുകൾ അടിസ്ഥാനമാക്കിയായിരിക്കും. 140 മണ്ഡലങ്ങൾ നിശ്ചയിക്കുമ്പോൾ കേരളത്തിന്റെ ജനസംഖ്യ 2.13 കോടിയായിരുന്നു. 2011ലെ സെൻസസ് പ്രകാരം ഇത് 3.34 കോടിയായി ഉയർന്നു. പുതിയ സെൻസസ് പൂർത്തിയാകുന്നതിന് ശേഷമേ മണ്ഡല പുനർനിർണയത്തിന്റെ അന്തിമ ചിത്രം വ്യക്തമാകൂ.
വിസ്തൃതിയിൽ ഏറ്റവും വലിയ മണ്ഡലം പത്തനംതിട്ടയിലെ കോന്നിയാണ്, ഏകദേശം 1,611.93 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ് കോന്നി. ഇടുക്കിയിലെ ഉടുമ്പൻചോലയും ദേവികുളവും വിസ്തൃതിയിൽ മുന്നിലാണ്. വോട്ടർമാരുടെ എണ്ണത്തിൽ മലപ്പുറം ജില്ലയിലെ തിരൂർ മണ്ഡലമാണ് മുന്നിൽ, 2.55 ലക്ഷത്തിലധികം വോട്ടർമാരാണ് ഇവിടെയുള്ളത്. ഏറ്റവും കുറഞ്ഞ വോട്ടർമാർ ഉള്ളത് എറണാകുളം മണ്ഡലത്തിലാണ്, ഏകദേശം 1.36 ലക്ഷം.
വനിതാ സംവരണ ബിൽ പാസായാൽ നിയമസഭയോടൊപ്പം ലോക്സഭയിലും മാറ്റമുണ്ടാകും. കേരളത്തിലെ ലോക്സഭ സീറ്റുകൾ 20ൽ നിന്ന് 30 ആയി ഉയരാനാണ് സാധ്യത. 1957ൽ 18 സീറ്റുകളുമായാണ് കേരളം ലോക്സഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. പിന്നീട് അത് 19 ആയി വർധിക്കുകയും 1977 മുതൽ 2024 വരെ 20 സീറ്റുകളായി തുടരുകയും ചെയ്തു. പുതിയ പുനർനിർണയം നടപ്പിലായാൽ ഈ കണക്കിലും വലിയ മാറ്റം പ്രതീക്ഷിക്കപ്പെടുന്നു.










