08:16pm 10 May 2026
NEWS
ജനങ്ങൾക്ക് വേണ്ടത് സദ്ഭരണം
10/05/2026  09:45 AM IST
ജനങ്ങൾക്ക് വേണ്ടത് സദ്ഭരണം

പത്തുവർഷത്തെ പിണറായി വിജയൻ സർക്കാരിന് അന്ത്യം കുറിച്ച് നൂറുകടന്ന ഭൂരിപക്ഷത്തിന് ഐക്യജനാധിപത്യമുന്നണി കേരളത്തിന്റെ ഭരണം പിടിച്ചിരിക്കുകയാണല്ലോ. ഈ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനും ഇടതുമുന്നണിക്കും ഒരൊറ്റ മുഖമേ ഉണ്ടായിരുന്നുള്ളൂ. മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ 140 മണ്ഡലങ്ങളിലും ദേശീയപാതകളുടേയും സംസ്ഥാനപാതകളുടെയും പ്രാദേശിക റോഡുകളുടെയും ഓരത്ത് ഭീമാകാരമായ ഹോർഡിംഗുകളിൽ ആ മുഖം പ്രദർശിപ്പിച്ചിരുന്നു. അതിൽ 'ഇടതുമുന്നണിയല്ലാതെ മറ്റാര്' എന്ന ചോദ്യവും ജനങ്ങളോട് ഉന്നയിച്ചിരുന്നു.

ഞങ്ങൾ പലതവണ എഴുതിയിട്ടുള്ളതുപോലെ ഒരു നേതാവിന്റെ വ്യക്തിപ്രഭാവത്തിന് മുന്നിൽ പ്രസ്ഥാനമാകെ കീഴ്‌പ്പെട്ടപ്പോൾ അത് പാർട്ടിയിൽ യഥാർത്ഥ വിമർശന സ്വയംവിമർശന സാധ്യതകളെ അടച്ചുകളഞ്ഞു. ഏകാധിപതികൾ ഉണ്ടാകുന്നത് അവർക്കുവേണ്ടി കൃത്യമായി നിർമ്മിക്കുന്ന നായകപരിവേഷങ്ങളിലൂടെയാണെന്ന് ഇടതുചിന്തകനായ നോംചോസ്‌കി പറഞ്ഞിട്ടുണ്ട്. കോടാനുകോടികൾ മുടക്കി നേതാവിന്റെ വ്യക്തിപ്രഭാവം ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നതിലെ അനൗചിത്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ പാർട്ടി ജനറൽ സെക്രട്ടറി പറഞ്ഞത് അത് അദ്ദേഹം കേരളജനതയുടെ പിതൃബിംബം ആയതുകൊണ്ടാണെന്നാണ്.

അധികാരത്തിൽ തുടരുക എന്നതുമാത്രം ലക്ഷ്യമാക്കി നാല് വോട്ടിനുവേണ്ടി പ്രസ്ഥാനത്തിന്റെ അടിസ്ഥാന തത്വങ്ങൾ പലതും ബലികഴിച്ച് മത-ജാതി-വർഗ്ഗീയ സംഘടനകളോട് ഒത്തുതീർപ്പ് ഉണ്ടാക്കാനും, സമൂഹത്തിലെ അടിസ്ഥാനവർഗ്ഗത്തെ മറന്ന് ഉപരിവർഗ്ഗത്തിന്റെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്തപ്പോൾ സി.പി.എമ്മിനുണ്ടായിരുന്ന തൊഴിലാളി വർഗ്ഗപ്പാർട്ടിയെന്നും, മതനിരപേക്ഷ പ്രസ്ഥാനമെന്നുമുള്ള അവകാശവാദവും അവർക്ക് മാത്രമല്ല ഇടതുമുന്നണിക്കും നഷ്ടപ്പെടുകയായിരുന്നു.

ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ നിന്നും സാമാന്യജനം പ്രതീക്ഷിച്ച നന്മകൾക്കുപകരം ഭരണത്തുടർച്ചയുടെ ലഹരിയായി ധാർഷ്ട്യവും, ഭരിക്കാൻ തങ്ങളല്ലാതെ ആരുണ്ട് എന്ന അഹന്തയും, എതിരഭിപ്രായങ്ങളോടുള്ള അസഹിഷ്ണുതയും അതിരുവിട്ടപ്പോഴാണ് ഭരണത്തിലിരുന്നവരോട് രാഷ്ട്രീയപ്രബുദ്ധരായ കേരളജനത കടക്കുപുറത്ത് എന്നുപറഞ്ഞത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് ഉയർത്തിക്കൊണ്ടുവന്ന രാഷ്ട്രീയ നയനിലപാടുകൾക്കു ലഭിച്ച അംഗീകാരമാണ് അവരുടെ ഐതിഹാസിക വിജയം.

ഇനി അധികാരത്തിൽ വരുന്ന സർക്കാരിനെ കാത്തിരിക്കുന്നത് ഭരണരംഗത്ത് കടുത്ത വെല്ലുവിളികളാണ്. സംസ്ഥാനത്തിന്റെ ധനസ്ഥിതി അതിദാരുണമാണ്. അത്തരം പ്രശ്‌നങ്ങളിൽ കേന്ദ്രസർക്കാർ പിണറായി സർക്കാരിനോട് കാണിച്ച അത്രപോലും ദാക്ഷിണ്യം കോൺഗ്രസ് സർക്കാരിനോട് കാണിക്കണമെന്നില്ല. ആരോഗ്യം, വിദ്യാഭ്യാസം, മലയോര കർഷകരുടെ പ്രശ്‌നങ്ങൾ തുടങ്ങി വിദ്യാഭ്യാസവും തൊഴിലും തേടി വിദേശത്തേയ്ക്കുള്ള യുവാക്കളുടെ ഒഴുക്ക് തടയുന്നതുവരെയുള്ള സമസ്ത മേഖലകളിലും തങ്ങൾക്ക് ബദൽ പരിഹാരം ഉണ്ടെന്ന് പ്രചാരണഘട്ടത്തിൽ യു.ഡി.എഫ്, പ്രത്യേകിച്ച് അതിന്റെ ചെയർമാൻ ജനങ്ങളോട് ഉറപ്പുനൽകിയിരുന്നു. കെ.എസ്.ആർ.ടി.സി ബസിൽ സൗജന്യയാത്രയടക്കം അഞ്ചിന 'ഇന്ദിരാഗ്യാരണ്ടി' 6 മാസത്തിനകം നടപ്പാക്കുമെന്ന ഉറപ്പും ജനങ്ങൾക്ക് മുമ്പിലുണ്ട്. പറഞ്ഞ വാക്കുകൾ കൃത്യമായി പാലിക്കുകയും രണ്ടാം പിണറായി സർക്കാരിന്റെ പാളിച്ചകൾ മനസ്സിലാക്കി ഐക്യത്തോടെ സദ്ഭരണം കാഴ്ചവയ്ക്കുകയും ചെയ്തില്ലെങ്കിൽ അഞ്ചുവർഷം കഴിയുമ്പോൾ കടക്കുപുറത്ത് എന്നുപറയാൻ മടിക്കാത്ത രാഷ്ട്രീയബോധമുള്ള ജനമാണ് കേരളത്തിലേത് എന്നത് മറക്കണ്ട.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.