10:06am 13 November 2026
NEWS
പാംപ്ലാനിയുടെയും പോലീസിന്റെയും ഭീഷണിക്ക് വഴങ്ങില്ല വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ്.
05/01/2026  08:06 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പാംപ്ലാനിയുടെയും പോലീസിന്റെയും ഭീഷണിക്ക് വഴങ്ങില്ല വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ്.

കൊച്ചി: ഏകീകൃത കുർബാനയ്ക്കായി നിലകൊള്ളുന്ന വിശ്വാസികളുടെ അവകാശ ശബ്ദത്തെ അടിച്ചൊതുക്കാൻ മാർ ജോസഫ് പാംപ്ലാനിയും പോലീസും ചേർന്ന് നടത്തുന്ന ഒരു ഭീഷണിക്കും സഭാ സ്നേഹികളായ വിശ്വാസികൾ വഴങ്ങില്ലെന്ന് വൺ ചർച്ച് വൺ കുർബാന  മൂവ്മെൻ്റ് ചീഫ് കോഡിനേറ്റർ അഡ്വ. മത്തായി മുതിരേന്തി പറഞ്ഞു. എറണാകുളം സെൻറ് മേരീസ് ബസിലിക്കയിൽ കഴിഞ്ഞ 27 ദിവസങ്ങളായി നടക്കുന്ന പ്രാർത്ഥന കൂട്ടായ്മക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് വിശ്വാസികൾ  നടത്തിയ പ്രാർത്ഥന റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഇന്നലെ രാവിലെ മുതൽ ബസിലിക്ക ദേവാലയത്തിലേക്കുള്ള വൈദ്യുതിയും വെള്ളവും പോലീസിന്റെ ഒത്താശയോടെ അതിരൂപത അധികൃതർ വിച്ചേദിച്ചിരിക്കുകയാണ്.  പള്ളിയിൽ സമാധാനപരമായി പ്രാർത്ഥിക്കുന്നവർക്കെതിരെ പോലീസിന്റെ നേതൃത്വത്തിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്.  നാളെ ആരംഭിക്കുന്നസീനഡിനു മുൻപ് പ്രതിഷേധക്കാരെ ബസ്ലീക്കയിൽ നിന്നും പോലീസിനെ ഉപയോഗിച്ച് പുറത്തിറക്കി മുഖം രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പാമ്പ്ലാനിയും കൂട്ടരും. ബസിലിക്കയിൽ കോടതിവിധി നടപ്പിലാക്കുന്നത് വരെയും ഏകീകൃത കുർബാന പൂർണമായും ലഭിക്കുകയെന്ന ലക്ഷ്യം നേടുന്നതുവരെയും പ്രതിഷേധം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വൈകിട്ട് 6 മണിയോടെ ബസിലിക്കക്കു മുമ്പിൽ സംഘടിച്ച വിശ്വാസികൾ മെഴുകുതിരികൾ  കത്തിച്ച് അരമന കവാടത്തിനു മുമ്പിലേക്കും അവിടുന്ന് തിരിച്ചും റാലി നടത്തി. അഡ്വ. ജോയ് ജോർജ്, ടെൻസൻ പുളിക്കൽ, ആൻറണി പുതുശ്ശേരി എന്നിവർ പ്രസംഗിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img