03:18am 07 November 2026
NEWS
പിണറായിക്ക് മുന്നിലെ 'നിലമ്പൂർ' വെല്ലുവിളി അസ്സാധാരണമായ രാഷ്ട്രീയ പ്രാധാന്യം
10/06/2025  07:46 PM IST
ചെറുകര സണ്ണീലൂക്കോസ്
പിണറായിക്ക് മുന്നിലെ നിലമ്പൂർ വെല്ലുവിളി അസ്സാധാരണമായ രാഷ്ട്രീയ പ്രാധാന്യം

കേരള നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനും, സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിനും മുമ്പ് കേരളത്തിലെ വോട്ടർമാരുടെ രാഷ്ട്രീയ മനസ്സ് എന്തെന്ന് വ്യക്തമാക്കുന്ന ഒരു ഉപതെരഞ്ഞെടുപ്പും ഇനിയുണ്ടാവില്ല എന്നതുകൊണ്ട് ജൂൺ 19 ന് നടക്കുന്ന നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് അസാധാരണമായ രാഷ്ട്രീയപ്രാധാന്യം കൈവന്നിരിക്കുന്നു.

എൻ.ഡി.എയ്‌ക്കോ, ബി.ജെ.പിക്കോ കാര്യമായ സ്വാധീനം നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഇല്ലാത്തതിനാൽ എൽ.ഡി.എഫും, യു.ഡി,എഫും തമ്മിലാവും പോരാട്ടം നടക്കുക. എട്ടുതവണ ആര്യാടൻ മുഹമ്മദ് വിജയിച്ച് കുത്തകയാക്കിയ ഈ മണ്ഡലം കോൺഗ്രസിന്റെ കയ്യിൽ നിന്നുപിടിച്ചെടുക്കാൻ പിണറായി വിജയൻ 2016 ൽ കോൺഗ്രസുകാരനായിരുന്ന പി.വി. അൻവറെ എൽ.ഡി.എഫ് സ്വതന്ത്രനായി രംഗത്ത് ഇറക്കിയപ്പോൾ, ആര്യാടൻ മുഹമ്മദിന്റെ പുത്രൻ ആര്യാടൻ ഷൗക്കത്തിനെ പരാജയപ്പെടുത്താനായത് 11,504 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ.
അന്ന് മുതൽ പിണറായി വിജയന് സ്വന്തം പാർട്ടിയിലുള്ളവരെക്കാൾ വിശ്വസ്തനായി പി.വി. അൻവർ മാറി. പിണറായിക്കുവേണ്ടി നിയമസഭയ്ക്കുള്ളിലും പുറത്തും അൻവർ പിണറായി ശത്രുക്കളോട് ഒരു ചാവേറിനെപ്പോലെ പൊരുതി. 2021 ൽ വി.വി. പ്രകാശിലൂടെ നിലമ്പൂർ സീറ്റ് തിരികെ പിടിക്കാൻ കോൺഗ്രസും യു.ഡി.എഫും പരമാവധി ശ്രമിച്ചെങ്കിലും, 2700 വോട്ടുകളുടെ ഭൂരിപക്ഷത്തിന് അൻവർ വെന്നിക്കൊടി പാറിച്ചു. എന്നാൽ പിണറായി ഭരണം രണ്ടാമത്തെ ടേമിന്റെ ആദ്യപകുതി കഴിയുംമുമ്പേ പിണറായി-അൻവർ ബന്ധത്തിൽ അവിശ്വാസത്തിന്റെയും സംശയത്തിന്റെയും വിള്ളൽ വീണു.

തുടർന്ന് ആ അകലം ഇരുവർക്കുമിടയിൽ കടുത്ത ശത്രുതയായി മാറി. തുടർന്നു ഇരുകൂട്ടരും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ എല്ലാ സീമകളും ലംഘിച്ചുള്ളതായിരുന്നുവെന്ന് കേരളം മുഴുവൻ കണ്ടതും കേട്ടതുമാണ്. മുഖ്യമന്ത്രിക്കും സി.പി.എമ്മിനും കനത്തപ്രഹരം നൽകുക എന്ന ലക്ഷ്യത്തിലാണ് ഒരു വെല്ലുവിളിയെന്നോണം പി.വി. അൻവർ എം.എൽ.എ സ്ഥാനം രാജിവച്ചത്. അതുകൊണ്ടൊക്കെത്തന്നെ യു.ഡി.എഫിനെ പരാജയപ്പെടുത്തണം എന്നത് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും വലിയ അഭിമാനപ്രശ്‌നമാണ്.
മറ്റൊന്ന് വലിയ മാർജിന് ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി പരാജയപ്പെട്ടാൽ അത് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടുചെയ്യേണ്ടുന്ന രാഷ്ട്രീയമില്ലാത്ത വോട്ടർമാരെ ഒരു ട്രെൻഡായി സ്വാധീനിക്കും എന്നുള്ളതാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തേയും അതിൽ പ്രതിഫലിച്ച സർക്കാരിനെതിരായ ജനരോഷത്തേയും മറികടക്കാൻ ഭരണമുന്നണിയെടുത്ത പ്രയത്‌നത്തിന് എത്രത്തോളം ഫലമുണ്ടായി എന്നുകൂടി വിലയിരുത്തപ്പെടുന്ന തെരഞ്ഞെടുപ്പാവും നിലമ്പൂരിലേത്. ലോക്‌സഭാ ഇലക്ഷന് മുമ്പ് മുസ്ലീം വോട്ടർമാരുടെ പിന്തുണ നേടിയെടുക്കാൻ പ്രീണനമാണെന്ന ആക്ഷേപം വകവയ്ക്കാതെ സി.പി.എം ബഹുവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

എന്നാൽ ലോക്‌സഭാ ഇലക്ഷനിൽ അത് പ്രയോജനപ്പെട്ടില്ല എന്നുമാത്രമല്ല ഭൂരിപക്ഷ വിഭാഗ വോട്ടുകൾ നഷ്ടപ്പെടാനും ഇടയാക്കി എന്ന വിലയിരുത്തലിന്റടിസ്ഥാനത്തിൽ നേർവിപരീത അടവുനയത്തിലേക്ക് സി.പി.എം കരണം മറിഞ്ഞു. തങ്ങൾ മുസ്ലീം വിഭാഗത്തിനൊപ്പമല്ല ഭൂരിപക്ഷവിഭാഗത്തിനൊപ്പമാണെന്ന് തോന്നിപ്പിക്കാനാകും വിധം എസ്.ഡി.പി.ഐയേയും ജമാഅത്ത് ഇസ്ലാമിയേയും മാത്രമല്ല, മുസ്ലീംലീഗിനെപ്പോലും വർഗ്ഗീയചാപ്പ കുത്തി ഭൂരിപക്ഷ വിഭാഗത്തെ ആകർഷിക്കാൻ ശ്രമിച്ചു. ആര്യാടൻ മുഹമ്മദിനെ പോലെതന്നെ ആര്യാടൻ ഷൗക്കത്തും തികഞ്ഞ മതേതരവാദിയായ മുസ്ലീമാണ്. അതുകൊണ്ടുതന്നെ നിലമ്പൂരിലേക്ക് തൽക്കാലം അടവ് ഒന്നുമാറ്റി സമസ്തയിലെ മുസ്ലീം ലീഗ് വിരുദ്ധ വിഭാഗത്തേയും കാന്തപുരം വിഭാഗത്തെയും അനുനയിപ്പിച്ച് കൂടെ നിർത്താൻ സി.പി.എം ശ്രമിക്കുന്നുണ്ട്. ഒപ്പം വി.എസ്. ജോയിക്ക് സീറ്റുനിഷേധിച്ചതിൽ മലയോരമേഖലയിലെ ക്രൈസ്തവരിൽ  അസംതൃപ്തിയുണ്ടാക്കാൻ പി.വി. അൻവർ നടത്തിയ ശ്രമം മുതലാക്കാൻ ജോസ് കെ. മാണിയെ മുന്നിലിറക്കിയുള്ള നീക്കവും സി.പി.എം ഉദ്ദേശിക്കുന്നുണ്ട്. രാഹുലും പ്രിയങ്കയും മത്സരിച്ചപ്പോൾ സംഭവിച്ചതുപോലെ ക്രിസ്ത്യൻ മുസ്ലീം ഏകീകരണം യു.ഡി.എഫിനുവേണ്ടി ഉണ്ടാകാതിരിക്കാൻ സി.പി.എം ജാഗ്രത പുലർത്തുമെന്നുറപ്പാണ്.

ലോക്‌സഭാ ഇലക്ഷനിലുണ്ടായ ക്ഷീണം പരിഹരിച്ച് ജനങ്ങൾക്കിടയിൽ സർക്കാരിനോടുള്ള രോഷം മറികടക്കാൻ മുഖ്യമന്ത്രിയുടേയും സർക്കാരിന്റെയും പ്രതിഛായ വർദ്ധിപ്പിക്കാനായിരുന്നു മറ്റൊരു ശ്രമം. കേരളത്തെ വികസനത്തിലേക്ക് നയിക്കാൻ കരുത്തുള്ള അജയ്യനായ നേതാവാണ് പിണറായി വിജയൻ എന്നതിന് ഊന്നൽ കൊടുത്തുകൊണ്ട് സി.പി.എം എന്ന പാർട്ടിയുടെ മുഴുവൻ നേതാക്കളും മത്സരബുദ്ധിയോടെ കിട്ടുന്ന വേദികളിലെല്ലാം മുഖ്യമന്ത്രിയെ പ്രകീർത്തിച്ചു. സർക്കാരിന്റെ നാലാം വാർഷികാഘോഷം വൻതോതിൽ പണം ചെലവഴിച്ച് മാധ്യമങ്ങൾ വഴിയും പരസ്യബോർഡുകൾ സ്ഥാപിച്ചും പി.ആർ.ഡിയും സ്വകാര്യ പി.ആർ ഏജൻസിയും ചേർന്ന് വൻപ്രചാരണം നടത്തിയപ്പോൾ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ പല വിമർശനങ്ങളും അതിൽ മുങ്ങിപ്പോയതായി പ്രത്യക്ഷത്തിലെങ്കിലും തോന്നലുളവാക്കിയിരുന്നു.
വൻതുകയ്ക്കുള്ള പരസ്യങ്ങൾ ലഭ്യമായപ്പോൾ സർക്കാരിനെ വിമർശിച്ചിരുന്ന മാധ്യമങ്ങൾപോലും സർക്കാർ അവകാശപ്പെട്ട വികസന നേട്ടങ്ങളുടെ പട്ടികയും പ്രോഗ്രസ് റിപ്പോർട്ടും എല്ലാം ജനശ്രദ്ധയാകർഷിക്കുംവിധം റിപ്പോർട്ട് ചെയ്തു.

എന്നാൽ എൽ.ഡി.എഫ് അധികാരത്തിലുണ്ടായിരുന്നതുകൊണ്ടുമാത്രം നടന്നത്, പിണറായി സർക്കാർ നിരന്തരം മോനിട്ടർ ചെയ്തിരുന്നത് എന്ന് അവകാശപ്പെട്ടിരുന്ന ദേശീയപാത ആറുവരി പാതയിലുണ്ടായ വ്യാപകമായ തകർച്ച സർക്കാർ അവകാശവാദങ്ങളുടെയെല്ലാം നിറം കെടുത്തി. ഇനി നിലമ്പൂർ എൽ.ഡി.എഫിന് നഷ്ടപ്പെടുന്ന സ്ഥിതി കൂടിയുണ്ടായാൽ ലോക്‌സഭാ ഇലക്ഷന്റെ ക്ഷീണം പരിഹരിക്കാൻ ഇതുവരെ സി.പി.എമ്മും മുന്നണിയും സർക്കാരും ചെയ്ത പ്രയത്‌നങ്ങളെല്ലാം വൃഥാവിലാകും. അതാണ് പിണറായി സർക്കാരും മുന്നണിയും നിലമ്പൂർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരിടുന്ന വെല്ലുവിളി.

യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം കോൺഗ്രസുകാരനായിരുന്ന പി.വി.അൻവർ മറുവശത്ത് സ്ഥാനാർത്ഥിയായതുകൊണ്ടുമാത്രം 2016 ലും 2021 ലും നഷ്ടപ്പെട്ടുപോയ മണ്ഡലമാണ് നിലമ്പൂർ. 1977, 1980, 1987, 1991, 1996, 2001, 2006, 2011 വർഷങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആര്യാടൻ മുഹമ്മദ് വിജയിച്ചിട്ടുള്ള നിലമ്പൂരിൽ അൻവർ സി.പി.എം സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ കച്ചമുറുക്കിയിറങ്ങുമ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി തോൽക്കാൻ പാടില്ലാത്തതാണ്. അഥവാ എൽ.ഡി.എഫിന്റെ രാഷ്ട്രീയ പ്രചാരണത്തിന്റെയും സംഘടനാകരുത്തിന്റെയും ബലത്തിൽ യു.ഡി.എഫ് എങ്ങാനും തോറ്റാൽ യു.ഡി.എഫിന് ആത്മവിശ്വാസത്തോടുകൂടി പിന്നെ തദ്ദേശ ഇലക്ഷനേയും അടുത്ത നിയമസഭാ ഇലക്ഷനേയും നേരിടാനാവില്ല.

ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തൃക്കാക്കര-പുതുപ്പള്ളി- പാലക്കാട് മണ്ഡലങ്ങളിലേക്കാൾ കാര്യമായ മുൻ ഒരുക്കങ്ങൾ നിലമ്പൂരിൽ കോൺഗ്രസും മുസ്ലീംലീഗും നടത്തിയിട്ടുണ്ടെന്നാണറിയുന്നത്. പ്രതിപക്ഷനേതാവിന്റെയും പുതിയ കെ.പി.സി.സി നേതൃത്വത്തിന്റെയും നേരിട്ടുള്ള ഏകോപനത്തിലാവും യു.ഡി.എഫ് ഇലക്ഷൻ കാമ്പയിൻ നടക്കുക. മികച്ച വിജയം ലഭിച്ചില്ലെങ്കിൽ ഇവരുടെ നേതൃത്വശേഷിയും ചോദ്യം ചെയ്യപ്പെടും. 

2024 ലെ ലോക്‌സഭാ ഇലക്ഷനിൽ നിലമ്പൂരിൽ രാഹുൽഗാന്ധിക്ക് 56363 വോട്ടുകളുടേയും, അദ്ദേഹം രാജിവെച്ച് പ്രിയങ്കഗാന്ധി മത്സരിച്ചപ്പോൾ അവർക്ക് 65,132 വോട്ടുകളുടെയും ഭൂരിപക്ഷം ലഭിച്ചതൊന്നും നിയമസഭാ ഇലക്ഷനിൽ യു.ഡി.എഫ് പ്രതീക്ഷിക്കേണ്ടതില്ല. എന്നാൽ ഇലക്ഷനുശേഷം ഇത്രയും ഭൂരിപക്ഷം ലഭിക്കാത്തത് യു.ഡി.എഫിന്റെ പരാജയമായി ഇടതുമുന്നണി നേതൃത്വം വ്യാഖ്യാനിച്ചുകൂടെന്നില്ല.
ബി.ജെ.പിക്കോ, എൻ.ഡി.എയ്‌ക്കോ സ്വന്തം നിലയിൽ കരുത്ത് തെളിയിക്കാൻ മാത്രം വോട്ടുവിഹിതമുള്ള മണ്ഡലമല്ല നിലമ്പൂർ. നിലമ്പൂരിൽ അൻവർ അടിച്ചേൽപ്പിച്ച അനാവശ്യതെരഞ്ഞെടുപ്പാണ് എന്നതാണ് ബി.ജെ.പിയുടെ നിലപാട്. ഇവിടുത്തെ ബി.ജെ.പി വോട്ടർമാരിൽ, മുസ്ലീം പിന്തുണയുള്ള യു.ഡി.എഫിനോട് കൂടുതൽ ശത്രുത പുലർത്തുന്ന വോട്ടർമാരും പിണറായി സർക്കാരിനോട് കൂടുതൽ ശത്രുത പുലർത്തുന്നവരും ഉണ്ട്. എങ്കിലും എൽ.ഡി.എഫിനേയോ യു.ഡി.എഫിനേയോ പരാജയപ്പെടുത്താനോ വിജയിപ്പിക്കാനോ കഴിയുംവിധമുള്ള നിർണ്ണായവോട്ടുകൾ ബി.ജെ.പിക്കിവിടില്ല. ഉള്ളത് ഇടതുമുന്നണിക്ക് ലഭിക്കാനാണ് സാധ്യത കൂടുതലും.

നിലമ്പൂർ നഗരസഭയും, 7 പഞ്ചായത്തുകളും അടങ്ങിയ മണ്ഡലത്തിൽ നിലമ്പൂരിലും രണ്ട് പഞ്ചായത്തുകളിലും ഇടതിനാണ് ഭരണം. അഞ്ച് പഞ്ചായത്തുകളിൽ യു.ഡി.എഫ് ഭരിക്കുന്നു. മൂന്നാം ടേം ഭരണം ആഗ്രഹിക്കുന്ന പിണറായി വിജയന് മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എന്നതിനാൽ ഇനിയുള്ള ദിവസങ്ങളിൽ നിലമ്പൂർ മാത്രമല്ല കേരളരാഷ്ട്രീയം ഒന്നാകെ ജൂൺ 19 വരെ തിളച്ചുമറിയും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img