
കേരളത്തിൽ ഏറെ കൊട്ടിഘോഷിക്കപ്പെടുന്നതാണ് പട്ടയമേളകൾ. പക്ഷേ ഈ മേളയിലൂടെ ലഭിക്കുന്ന പട്ടയങ്ങൾ അർഹതപ്പെട്ടവർക്ക് ഉപകാരപ്രദമാകുന്നില്ല എന്നതാണ് വാസ്തവം. കാരണം ശരിയായ നിയമം പാലിക്കാതെ നൽകുന്ന ഇത്തരം പട്ടയങ്ങൾ കോടതി സ്റ്റേ ചെയ്യുകയാണ് പതിവ്. പതിനായിരക്കണക്കിന് ഏക്കർ ഭൂമിയുടെ പട്ടയങ്ങളാണ് ഇങ്ങനെ സ്റ്റേയിൽ കുടുങ്ങിക്കിടക്കുന്നത്. വോട്ടുബാങ്ക് ലക്ഷ്യമാക്കി രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തുന്ന ഇത്തരം പട്ടയമേളകൾ വാസ്തവത്തിൽ ബോധപൂർവമുള്ള കബളിപ്പിക്കൽ തന്നെയാണ്. കേരളത്തിലെ അഞ്ചുജില്ലകളിലെ ജനങ്ങളെ സാരമായി ബാധിക്കുന്ന പട്ടയപ്രശ്നത്തിന്റെ യാഥാർത്ഥ്യത്തിലേക്കു കടന്നുചെന്ന് 'കേരളശബ്ദം' എറണാകുളം ബ്യൂറോ ചീഫ് മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി തയ്യാറാക്കുന്ന ജനവഞ്ചനയുടെ പട്ടയരൂപങ്ങൾ എന്ന പരമ്പര ഈ ലക്കംമുതൽ ആരംഭിക്കുന്നു.
കേരളത്തിലെ പതിനായിരക്കണക്കിനു ഭൂവുടമകൾ പതിറ്റാണ്ടുകളായി ദുരിതത്തിലാണ്. തങ്ങൾ വിയർപ്പൊഴുക്കി പൊന്നു വിളയിക്കുന്ന ഭൂമിയിൽ ഒരന്യനെപ്പോലെ താമസിക്കേണ്ടിവരുക! ക്രയവിക്രയം ചെയ്യാനാകുന്നില്ല. ലോൺ ലഭിക്കുന്നില്ല. പട്ടയം എന്ന കടമ്പ കടക്കാനാകാതെ അവർ നിസ്സഹായരായി നിൽക്കുന്നു. ഇവരെ ഈ നിസ്സഹായതയിലേക്കു തള്ളിവിട്ടതാകട്ടെ നമ്മുടെ സർക്കാരുകളും. അതിൽ ഇടതുവലതു ഭേദമൊന്നുമില്ല. കാലാകാലങ്ങളിൽ മാറിമാറി വരുന്ന എല്ലാ സർക്കാരുകളും ബോധപൂർവ്വം ഈ പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുകയാണ്. ഓരോ സർക്കാരുകളും തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് വിപുലമായ പട്ടയമേളകൾ നടത്തും. വാരിക്കോരി പട്ടയങ്ങൾ നൽകും. മൂവായിരവും അയ്യായിരവുമൊക്കെ പട്ടയങ്ങളാണ് ഒറ്റയടിക്കു നൽകുക. പക്ഷേ തങ്ങൾക്കു കിട്ടിയ പട്ടയം ഒരു വലിയ തട്ടിപ്പായിരുന്നുവെന്ന് അപ്പോഴവർക്കു മനസ്സിലാകില്ല. പക്ഷേ അധികം വൈകാതെ മനസ്സിലാകും. കാരണം നിയമങ്ങൾ പാലിക്കാതെ നൽകിയ പട്ടയങ്ങൾ മരവിപ്പിച്ചുകൊണ്ട് അധികം വൈകാതെ കോടതിവിധി വരും. ആനയും അമ്പാരിയുമായി നടത്തിയ പട്ടയമാമാങ്കങ്ങൾ അതോടെ നിരർത്ഥകമാകും. പക്ഷേ അപ്പോഴേയ്ക്കും രാഷ്ട്രീയക്കാർ അവർ ഉദ്ദേശിച്ച ലക്ഷ്യം നേടിയിരിക്കും. തങ്ങളുടെ വോട്ടുബാങ്ക് പട്ടയത്തിന്റെ പേരിൽ ഉറപ്പിച്ചുനിർത്തും. കഥയറിയാതെ ആട്ടം കാണുന്ന പാവം കർഷകർ കോടതിയെ പഴിച്ചു കാലം കഴിക്കും.
നമ്മുടെ ഭരണസംവിധാനത്തിലെ ഏറ്റവും സങ്കീർണ്ണമാണു പട്ടയവിതരണം. കാരണം ഒരു പട്ടയം നൽകുന്നതിനുമുമ്പ് ഒരുപാടു പരിശോധനകൾ നടത്തേണ്ടതുണ്ട്. റവന്യൂഭൂമിയാണോ അതോ വനഭൂമിലിസ്റ്റിൽ ഉള്ളതാണോ ഏലമലക്കാടുകളിൽ പ്പെട്ടതാണോ എന്നൊക്കെ പരിശോധിക്കണം. റവന്യൂഭൂമിയാണെങ്കിൽ അതു മൂന്നു വിഭാഗമുണ്ട്. നിലം, തരിശ്, പുരയിടം ഇതു കൃത്യമായി പരിശോധിക്കണം. റവന്യൂഭൂമിയാണെങ്കിൽ അതിനു സ്റ്റേറ്റ് നിയമങ്ങളാണു ബാധകമാകുന്നത്. റവന്യൂ ഭൂമിയാണെങ്കിൽ അതിന് കേരളസർക്കാരിന്റെ നിയമനങ്ങളാണു ബാധകമാകുക. എന്നാൽ വനഭൂമിയാണെങ്കിൽ കേന്ദ്രസർക്കാർ നിയമങ്ങളാണ് പരിശോധിക്കേണ്ടത്. ഇതിന്റെ വിശദാംശങ്ങളും നിബന്ധനകളും പിന്നാലെ പറയുന്നുണ്ട്. ഇങ്ങനെ ഒരേസമയം ഒട്ടനവധി കാര്യങ്ങൾ പരിശോധിച്ചുവേണം ഒരു പട്ടയം നൽകാൻ. പക്ഷേ രാഷ്ട്രീയക്കാർക്കും ഭരണക്കാർക്കും പ്രശ്നം കർഷകരല്ല. അവരുടെ വോട്ടുബാങ്കാണ്. അതു മുന്നിൽ കണ്ട് രണ്ടോ മൂന്നോ മാസങ്ങൾ കൊണ്ട് അത്യാഡംബരപൂർവമായി പട്ടയമേളകൾ സംഘടിപ്പിക്കും. ആയിരക്കണക്കിനു പട്ടയങ്ങൾ നൽകും. മേൽപ്പറഞ്ഞ പരിശോധന ഒക്കെ ശരിയായി നടന്നാൽ വർഷങ്ങളെടുക്കും. കാരണം നമ്മുടെ റവന്യൂവകുപ്പിൽ ഉദ്യോഗസ്ഥർ കുറവാണ്. ഇങ്ങനെ നടത്തപ്പെടുന്ന പട്ടയമേളയുടെ ഉത്തരവാദിത്തം അതാതു സ്ഥലത്തെ തഹസീൽദാർമാർക്കായിരിക്കും. വിരലിലെണ്ണാവുന്ന സഹായികളെക്കൊണ്ടാണ് ആയിരക്കണക്കിനു പട്ടയങ്ങൾ തയ്യാറാകേണ്ടത്.
സ്വാഭാവികമായും അവർക്ക് പരിശോധിക്കാനൊന്നും സമയം കിട്ടില്ല. അപേക്ഷകർ പറയുന്നതുവച്ച് പട്ടയങ്ങൾ തല്ലിക്കൂട്ടും, മേളയിൽ വച്ചു ആഘോഷമായി മന്ത്രിയും മറ്റു പരിവാരങ്ങളും ചേർന്ന് അതു കൈമാറുകയും ചെയ്യും. അർഹതപ്പെട്ടവർക്കാണോ ലഭിച്ചത്-നിയമങ്ങളും ചട്ടങ്ങളും പാലിച്ചിട്ടുണ്ടോ എന്നൊന്നും ആരും അപ്പോൾ അന്വേഷിക്കില്ല. പക്ഷേ ഇതറിഞ്ഞുവയ്ക്കുന്ന ചിലരുണ്ട്. നമ്മുടെ നാട്ടിലെ പരിസ്ഥിതി പ്രവർത്തകർ. അവർ ആരെങ്കിലും കോടതിയിൽ പോകും സ്വാഭാവികമായും കോടതി നിയമാനുസൃതമാണോ പട്ടയം നൽകിയിട്ടുള്ളതെന്നു പരിശോധിക്കും. അല്ലെന്നുള്ളത് വ്യക്തമാണല്ലോ. കോടതി കയ്യോടെ സ്റ്റേയും നൽകും. ഇങ്ങനെ ആയിരക്കണക്കിനു പട്ടയങ്ങൾ ഇപ്പോൾ മരവിപ്പിക്കപ്പെട്ടിരിക്കുകയാണ്. പെട്ടെന്നൊന്നും ഈ കുരുക്കിൽ നിന്ന് രക്ഷപ്പെടാനും കഴിയില്ല. കാരണം ഇവയെ നിയമാനുസൃതം ആക്കുക എന്നത് ഭഗീരഥ പ്രയത്നം തന്നെയാണ്. അതേസമയം ആയിരക്കണക്കിനു പട്ടയങ്ങൾക്കു പകരം വേണ്ടത്ര അവധാനതയോടെ പരിശോധിച്ച് പത്തെണ്ണം നൽകിയിരുന്നെങ്കിൽപ്പോലും അതുകൊണ്ടു കർഷകർക്കു പ്രയോജനം ഉണ്ടാകുമായിരുന്നു. കൃത്യമായി പറഞ്ഞാൽ കേരളത്തിൽ ഇപ്പോൾ നൽകുന്ന പട്ടയങ്ങളൊന്നും ശരിയായ അന്വേഷണമോ പരിശോധനയോ നടത്തിയല്ല. അതുകൊണ്ടുതന്നെ അത് മേള നടത്തുന്ന രാഷ്ട്രീയക്കാർക്കുമാത്രമേ ഗുണകരമാകുന്നുള്ളൂ.
ഈ സ്ഥിതിമാറണമെങ്കിൽ നിലവിലുള്ള രീതിയുടെ തന്നെ അലകും പിടിയും മാറേണ്ടതുണ്ട്. നിയമാനുസൃതവും ശാസ്ത്രീയവുമായിരിക്കണം പട്ടയം നൽകുന്നത്. അതിലേക്കുവരും മുമ്പ് കേരളത്തിലെ വനഭൂമി പതിച്ചുകൊടുക്കലിന്റെയും പട്ടയം നൽകലിന്റെയും ചരിത്രം അറിയേണ്ടതുണ്ട്.
വനനശീകരണം അഥവാ വനം കൈയേറ്റം തടയാനാണ് കേന്ദ്രസർക്കാർ വനനിയമം കർശനമാക്കിയത്. ഇന്ത്യയിൽ ആദ്യമായി ഒരു വനനിയമം നടപ്പിലാക്കിയത് ബ്രിട്ടീഷുകാരാണ് 1878-ൽ. പിന്നീട് 1927 ൽ ഇന്ത്യൻ ഫോറസ്റ്റ് ആക്ട് നിലവിൽ വന്നു. ഉത്തരേന്ത്യയിലെ വനസംരക്ഷണം കൂടി മുന്നിൽ കണ്ടാണ് ഈ ആക്ട് രൂപപ്പെടുത്തിയത്.
കേരളത്തിൽ ആദ്യമായി ഒരു വനനിയമം നിലവിൽ വന്നത് 1961 ലാണ്. അതുവരെ വ്യത്യസ്തമായ വനനിയമങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. മദ്രാസ് വനനിയമം, തിരു-കൊച്ചി വനനിയമം ഇതൊക്കെ. ഇവയ്ക്കുപകരമായി 1961 ൽ നിയമം കൊണ്ടുവരുകയും 1962 ൽ നടപ്പിലാക്കുകയും ചെയ്തു. ഇതു കൂടാതെ ഇന്ത്യയിൽ പൊതുവായി ബാധകമായ 1927 ലെ ഇന്ത്യൻ ഫോറസ്റ്റ് ആക്ടും 1972 ലെ വന്യജീവി സംരക്ഷണ നിയമവും കേരളത്തിലെ വനംവകുപ്പ് നടപ്പിലാക്കുന്നുണ്ട്.
കുടിയേറ്റത്തിന്റെ തുടക്കം
വനനശീകരണം തടയുക, വനങ്ങളും വനവിഭവങ്ങളും സംരക്ഷിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പട്ടയനിയമങ്ങൾ കർക്കശമാക്കിയത്. ഇന്നു പട്ടയം കൊടുക്കുന്ന ഭൂമിക്ക് റവന്യൂ-വനഭൂമി എന്നൊക്കെ തരംതിരിവുണ്ടെങ്കിലും ഒരു കാലത്ത് എല്ലാം വനഭൂമി തന്നെയായിരുന്നു. പിന്നീട് മാറ്റപ്പെട്ടതാണ് റവന്യൂഭൂമി.
ഇന്നു സർക്കാർ വനസംരക്ഷണത്തിൽ ബദ്ധശ്രദ്ധരാണെങ്കിലും കേരളത്തിലെ വനനശീകരണത്തിനു തുടക്കമിട്ടതു ഒരു കാലത്തെ കേരളസർക്കാർ തന്നെയാണ്. യഥാർത്ഥത്തിൽ കേരളത്തിലെ പട്ടയത്തിന്റെയും കുടിയേറ്റത്തിന്റെയുമൊക്കെ ചരിത്രം തുടങ്ങുന്നത് അവിടെയാണ്. അതായത് ഐക്യകേരള പിറവിക്കുമുമ്പ് 1955-ൽ. അന്നാണ് കേരളത്തിൽ ആദ്യമായി സർക്കാർ ജനങ്ങൾക്ക് വനഭൂമി പതിച്ചുകൊടുത്ത് കുടിയേറ്റം പ്രോത്സാഹിപ്പിച്ചത്. അതിന് ഒരു പ്രത്യേക കാരണവും ഉണ്ടായിരുന്നു. അന്ന് രാഷ്ട്രീയമായി കേരളം മൂന്നുഖണ്ഡങ്ങളാണ്. തിരുവിതാംകൂർ, കൊച്ചി, മലബാർ. പിന്നീട് തിരുവിതാംകൂറും കൊച്ചിയും ഒരുമിച്ചുചേർന്ന് തിരു-കൊച്ചിയായി. 1955-കാലഘട്ടം. അന്ന് തിരു-കൊച്ചി പ്രധാനമന്ത്രി പട്ടം താണുപിള്ളയാണ്. അന്നു മുഖ്യമന്ത്രി സ്ഥാനമില്ല. സംസ്ഥാനങ്ങളിലും പ്രധാനമന്ത്രിമാരാണ്. ആ സമയത്താണ് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ വിഭജനം വന്നത്. ജനസംഖ്യാനുപാതത്തിലാണ് ഓരോ പ്രദേശവും ഏതുസംസ്ഥാനത്തോടു ചേരണമെന്നു തീരുമാനിച്ചിരുന്നത്.
അന്ന് പീരുമേട്, ദേവികുളം, ഉടുമ്പൻചോല, വണ്ടൻമേട് പ്രദേശങ്ങളിലൊന്നും അധികം മലയാളികൾ ഉണ്ടായിരുന്നില്ല. കിഴക്കൻ മേഖലയിലെ തോട്ടം തൊഴിലാളികളായ തമിഴ്നാട്ടുകാരാണ് അവിടെ താമസിച്ചിരുന്നത്. ഭാഷാടിസ്ഥാനത്തിലുള്ള പുനഃക്രമീകരണത്തിന്റെ ഭാഗമായി സംസ്ഥാനങ്ങൾ രൂപപ്പെടുമ്പോൾ സ്വാഭാവികമായും അധികം മലയാളികൾ ഇല്ലാത്ത മേൽപ്പറഞ്ഞ പ്രദേശങ്ങൾ തമിഴ്നാടിനോടു ചേർക്കപ്പെടും. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കു നിർണ്ണായകസംഭാവനകൾ നൽകുന്ന തോട്ടംമേഖല വിട്ടുകൊടുക്കാൻ പട്ടം താണുപിള്ളയ്ക്കു വൈമനസ്യമുണ്ടായി. അതിന്റെ ഭാഗമായി തിരക്കിട്ടു കൂടിയാലോചനകൾ നടന്നു. കൂട്ടിചേർക്കപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളെ ജനസാന്ദ്രമാക്കുക എന്നൊരു തീരുമാനത്തിലെത്തി. അങ്ങനെ കുടിയേറ്റം പ്രോത്സാഹിപ്പിക്കാനും അതിനു തയ്യാറാകുന്നവർക്ക് അഞ്ചേക്കർ വനഭൂമിയും ആയിരം രൂപയും നൽകാനും തീരുമാനമായി. സ്വന്തമായി സ്ഥലമില്ലാത്ത കൃഷി ചെയ്യാൻ ആരോഗ്യമുള്ള ആർക്കും അപേക്ഷിക്കാമായിരുന്നു.
നൽകുന്നതിൽ വനഭൂമിയിലുള്ള മരങ്ങൾ വെട്ടിയെടുക്കാൻ അനുവാദവും നൽകി. അപേക്ഷിച്ച അർഹരായവരിൽ നിന്നും സംവരണാടിസ്ഥാനത്തിലാണ് ഭൂമി പതിച്ചുനൽകിയത്. 35 പേരുടെ ബ്ലോക്കുകളായി തെരഞ്ഞെടുത്തു. അതിൽ 5 നായർ, ഈഴവ-10, പട്ടികജാതി-5, മറ്റു ഹിന്ദുക്കൾ-4, ക്രിസ്ത്യാനികൾ-6, മുസ്ലീങ്ങൾ-5 എന്നീ അനുപാതത്തിലാണ് തെരഞ്ഞെടുത്തത്. ഇങ്ങനെ 1397 പേർക്കായി 6965 ഏക്കർ ഭൂമി ആദ്യഘട്ടമായി തിരിച്ചുനൽകി. 1955 ജനുവരി 20-ാം തീയതിയായിരുന്നു ഉദ്ഘാടനം. തിരു-കൊച്ചി പ്രധാനമന്ത്രിയായ പട്ടം താണുപിള്ളയുടെ ആശയമായിരുന്നതുകൊണ്ട് പട്ടം കോളനി എന്ന പേരു ലഭിച്ചു. പിന്നീട് മറയൂർ, നാഞ്ചിവാക്കൽ വില്ലേജുകളിലായി 125 ബ്ലോക്ക് ഏതാണ്ട് 625 ഏക്കർ ഭൂമിയും പെരിവയൽ, കാന്തല്ലൂർ പ്രദേശങ്ങളിലായി കാന്തല്ലൂർ കോളനിയും സ്ഥാപിച്ചു. കാന്തല്ലൂർ കോളനി 1000 ഏക്കറായിരുന്നു.
പിന്നീട് 1956-ൽ ഐക്യകേരളം രൂപീകരിക്കപ്പെട്ടു വനനിയമങ്ങൾ വന്നു. 1962 ൽ വനനിയമങ്ങൾ പുതുക്കി നവീകരിച്ചു. പല കാലഘട്ടങ്ങളിലും നിയമപരിഷ്കരണങ്ങൾ ഉണ്ടായിട്ടുണ്ട്.
എന്തായാലും 1955-ലെ സർക്കാർ പ്രോത്സാഹിപ്പിച്ച കുടിയേറ്റം ഒരു തുടക്കം മാത്രമായിരുന്നു. പിന്നീട് കുടിയേറ്റങ്ങളും കയ്യേറ്റങ്ങളും വ്യാപകമായി. അതോടെ സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. വനനിയമങ്ങൾ കേന്ദ്രസർക്കാരും കേരളസർക്കാരും നിർമ്മിച്ചിട്ടുണ്ട്. കുടിയേറ്റങ്ങൾ വർദ്ധിച്ചതോടെ അവിടെ രാഷ്ട്രീയക്കാർ വോട്ടുബാങ്കുകൾ കണ്ടെത്തി. പിന്നെ കുടിയിറക്കിനെതിരെ സമരം തുടങ്ങി. അങ്ങനെ വനഭൂമി കൃഷിഭൂമിയായപ്പോൾ പട്ടയം നൽകേണ്ടിവന്നു. ആദ്യകാലത്തൊക്കെ പട്ടയം നൽകുന്നതിൽ കൃത്യമായ നിബന്ധനകൾ പാലിച്ചിരുന്നു. ഇപ്പോഴും നിയമങ്ങൾ ഉണ്ടെങ്കിലും അതൊന്നും ആരും തന്നെ പാലിക്കാറില്ല. വനഭൂമി ക്രമാതീതമായി ചുരുങ്ങിയതോടെ വനനിയമങ്ങൾ സർക്കാർ കർശനമാക്കുകയും കുടിയേറ്റം തടയുകയും ചെയ്തു. എങ്കിലും ഒരു പൊതുമാനദണ്ഡം എന്ന നിലയിൽ 1977 വരെയുള്ള കുടിയേറ്റങ്ങൾ അംഗീകരിച്ചു. സ്വാഭാവികമായും അവർ പട്ടയത്തിന് അർഹരായി. എങ്കിലും ഇവിടെയും ഭൂമി തരംതിരിവിന്റെ നൂലാമാലക്കേസിൽ നിന്നും മോചനം ലഭിച്ചിട്ടില്ല.
ഇടുക്കി, പത്തനംതിട്ട, കൊല്ലം, എറണാകുളം, തൃശ്ശൂർ ജില്ലകളെയാണ് ഇന്നു പട്ടയപ്രശ്നം കാര്യമായി ബാധിച്ചിട്ടുള്ളത്. ഒരുകാലത്ത് ഇവിടെ രവീന്ദ്രൻ പട്ടയം എന്ന പേരിൽ ചില വിവാദങ്ങൾ ഉണ്ടായി. അഡീഷണൽ തഹസീൽദാർ ആയിരുന്ന രവീന്ദ്രൻ മാനദണ്ഡങ്ങൾ പാലിക്കാതെ സ്വന്തം ഇഷ്ടപ്രകാരം പട്ടയം നൽകി എന്നായിരുന്നു പ്രധാന ആരോപണം. അതു ശരിക്കും തെറ്റിദ്ധാരണയിൽ നിന്നും ഉടലെടുത്തതാണ് എന്നേ പറയാൻ കഴിയൂ. രവീന്ദ്രൻ നൽകിയ പട്ടയങ്ങളിൽ സാങ്കേതികമായ അപാകതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനുകാരണം സർക്കാർ തന്നെയാണ്. തൊടുപുഴയിൽ വച്ചു നടന്ന പട്ടയമേളയിൽ 1350 പട്ടയങ്ങളാണ് ഒന്നിച്ചു നൽകിയത്. അവരുടെ കൈയിൽ ലഭിച്ച രേഖകൾ പരിശോധിച്ചിട്ടുണ്ടാകാം. പക്ഷേ പഴയ രേഖയുടെ അവസ്ഥ അറിയില്ലല്ലോ. ഇങ്ങനെ ഒരുപാടു സംഭവങ്ങളുണ്ട്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ കാലാകാലങ്ങളായി നമ്മുടെ സർക്കാർ നൽകുന്ന പട്ടയങ്ങൾ ഒന്നും പൂർണ്ണമായും നിയമവിധേയമല്ല എന്നതാണു നേര്.
ഇപ്പോൾ കേസിൽപ്പെട്ടുകിടക്കുന്ന പട്ടയങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. സംസ്ഥാനത്ത് ഇപ്പോൾ പട്ടയം നൽകുന്നത് 1964-ലെ ഭൂമി പതിവ് ചട്ടപ്രകാരവും 1993 ലെ വനഭൂമി ക്രമീകരിക്കൽ ചട്ടപ്രകാരവുമാണ്.
ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലെ വനംവകുപ്പിന്റെ ജണ്ടയ്ക്കുപുറത്തുള്ള കൈവശഭൂമിക്ക് 1964 ലെ ഭൂമി പതിവ് ചട്ടങ്ങൾക്കു വിധേയമായി ഭൂമി പതിച്ചു നൽകുകയുണ്ടായി. എന്നാൽ ഈ ഭൂമി സംബന്ധിച്ചുള്ള അടിസ്ഥാന ഭൂനികുതി രജിസ്ട്രറിൽ (ബിടിആർ) വസ്തുവിന്റെ വിവരം പുറമ്പോക്ക് എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ റിമാർക്സ് കോളത്തിൽ 'റിസേർവ്' എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വനഭൂമിക്കു പട്ടയം നൽകുന്നത് 1993 ലെ വനഭൂമി ക്രമീകരിക്കൽ നിയമം അനുസരിച്ചാണ്. എന്നാൽ 2020 -ലെ ഉത്തരവ് അനുസരിച്ച് 1964 ലെ ഭൂമി പതിവു ചട്ടപ്രകാരമാണ് എല്ലാ പട്ടയ നടപടിയും നടക്കുന്നത്. ഇതു വലിയൊരു നിയമക്കുരുക്കാണ്.
മറ്റൊരു പ്രതിസന്ധി ഉള്ളത് നിലവിൽ പട്ടയം നൽകിയിട്ടുള്ള സ്ഥലങ്ങളെല്ലാം തന്നെ വിവിധ കാലത്തെ രാജവിളംബരപ്രകാരം വനഭൂമിയായി വിജ്ഞാപനം ചെയ്തിട്ടുള്ളതാണ്. ഇങ്ങനെയുള്ള റിസർവ് വനത്തിന്റെ പേരിൽ വനംവകുപ്പ് അവകാശവാദവുമായി എത്താറുണ്ട്. പരിസ്ഥിതി സംഘടനകളും വനഭൂമിക്കുവേണ്ടി നിലകൊള്ളുന്നവരാണ്. അവർ പട്ടയത്തിനെതിരെ കോടതിയിൽ പോകാറുമുണ്ട്.
വിവിധ പരിസ്ഥിതി സംഘടനകൾ നൽകിയ കേസുകൾ കോടതികളിൽ നടന്നുകൊണ്ടിരിക്കുകയാണ്. പതിനായിരക്കണക്കിന് ഏക്കർഭൂമിയാണ് ഇങ്ങനെ കേസിൽപ്പെട്ടു കിടക്കുന്നത്. ഈ കേസുകളാകട്ടെ സമയബന്ധിതമായി തീരുന്നുമില്ല. ഫലത്തിൽ തലമുറകളായി താമസിക്കുന്നവർക്കുപോലും സ്വന്തം ഭൂമി ഈടുവച്ച് ലോൺ എടുക്കാനോ വിൽക്കാനോ കഴിയാത്ത സ്ഥിതിയാണ്. എന്താണിതിനു പരിഹാരം? കേരളത്തിൽ മാറിമാറി വന്ന സർക്കാരുകളൊന്നും അതേക്കുറിച്ചു ചിന്തിച്ചിട്ടു പോലുമില്ല. ആയിരക്കണക്കിനാളുകളെ വിഷമവൃത്തത്തിലേക്ക് തള്ളിവിട്ടുകൊണ്ടാണ് ഓരോ പട്ടയമേളകളും ഇവിടെ അരങ്ങേറിയിട്ടുള്ളത്. ആഡംബരപൂർവം നടത്തുന്ന പട്ടയമേളകൾക്കുള്ള ചെലവുകൾ പോലും സർക്കാർ എടുക്കുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. അതിനുള്ള പണം കണ്ടെത്തേണ്ടത് അതാതു സ്ഥലങ്ങളിലുള്ള തഹസിൽദാരുടെ ഉത്തരവാദിത്തമാണ്. സ്വന്തം പോക്കറ്റിൽ നിന്നും പണമെടുത്ത് ഒരു ഉദ്യോഗസ്ഥനും ഔദ്യോഗിക കാര്യങ്ങൾ നടത്തേണ്ട ബാധ്യതയില്ല. പിന്നെന്താണു മാർഗ്ഗം. പിരിക്കുക തന്നെ. സ്ഥലത്തെ സമ്പന്നരിൽ നിന്നും പിരിവെടുക്കും. അവർ സന്തോഷപൂർവം കൊടുക്കുകയും ചെയ്യും. അതിന്റെ പേരിൽ തഹസിൽദാരെ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നവർക്കു നന്നായറിയാം. ഫലത്തിൽ സർക്കാർ ഉദ്യോഗസ്ഥരെ അഴിമതിക്കാരാക്കുന്നത് രാഷ്ട്രീയ നേതാക്കളുടെ ഇത്തരം നിലപാടുകളാണ്.
കാലാകാലങ്ങളായി കർഷകർ അനുഭവിക്കുന്ന ഒരു പട്ടയപ്രശ്നം ശാശ്വതമായി പരിഹരിക്കാൻ എന്താണു മാർഗ്ഗം? ആരാണതിനു പരിഹാരമുണ്ടാക്കേണ്ടത്? സംയുക്ത പരിശോധന ഗുണകരമാകുന്നുണ്ടോ അഥവാ അത് യഥാസമയം നടക്കുന്നുണ്ടോ? ഭൂമി സംബന്ധമായ രേഖകൾ റവന്യൂ-വനംവകുപ്പ് ഉദ്യോഗസ്ഥർ ഒരുമിച്ചു പരിശോധിച്ചു യുക്തമായ തീരുമാനമെടുക്കാനായാണ് സംയുക്ത പരിശോധന നടത്തുന്നത്. പക്ഷേ ഇതുഫലപ്രദമായി നടപ്പിലാക്കുന്നുണ്ടോ? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാനുള്ള മാർഗ്ഗങ്ങളുണ്ട്. സർക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കിൽ തീർച്ചയായും അതു നടപ്പിലാക്കാം. അതെക്കുറിച്ച് അടുത്തലക്കത്തിൽ.
(തുടരും)










