
ചെങ്ങന്നൂർ: വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമൂഹത്തിന്റെ ഭാവി നിർണ്ണയിക്കുന്ന കേന്ദ്രങ്ങളാണെന്നും, അതിവേഗം മാറുന്ന സാങ്കേതിക ലോകത്ത് മാറ്റങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തരായ യുവതലമുറയെ വാർത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺപറഞ്ഞു.
ചെങ്ങന്നൂർ എൻജിനീയറിങ് കോളേജിൽ സംഘടിപ്പിച്ച 'അക്കാദമിക് റെക്കഗ്നിഷൻ സെറിമണി 2026' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സാങ്കേതികവിദ്യയുടെയും നിർമ്മിത ബുദ്ധിയുടെയും
അതിവേഗ വളർച്ചയുടെ പശ്ചാത്തലത്തിൽ പുതിയ ലോകത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കോളേജ് ജീവിതം വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന സുപ്രധാന ഘട്ടമാണെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ പകരുന്ന അറിവും ആത്മവിശ്വാസവുമാണ് പുറംലോകത്ത് വിജയിക്കാൻ കരുത്താകുന്നതെന്നും മന്ത്രി പറഞ്ഞു.
പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവർ ജോലി അന്വേഷിക്കുന്നവരായി മാത്രം ഒതുങ്ങാതെ, തൊഴിൽദാതാക്കളും സംരംഭകരുമായി വളരണമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്റ്റാർട്ടപ്പ് മേഖല വേഗത്തിൽ വളരുകയാണെന്നും, അതിന്റെ വലിയൊരു പങ്ക് ചെറുകിട നഗരങ്ങളിൽ നിന്നാണെന്നതും പ്രതീക്ഷ നൽകുന്ന സൂചനയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് പുതിയ തൊഴിൽാവസരങ്ങൾ സൃഷ്ടിക്കാനും സ്ഥാപനങ്ങളുടെ നിലവാരം ഉയർത്താനും എല്ലാവരും കൂട്ടായ പരിശ്രമം നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ബിരുദധാരികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ആദരിക്കലും പ്രതിജ്ഞയെടുക്കലും നടത്തി.
ഐ.എച്ച്.ആർ.ഡി ഡയറക്ടർ പ്രൊഫ. (ഡോ.) എം. വി. രാജേഷ് അധ്യക്ഷത വഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. ഹരി വി. എസ്,
ബൈജു ഉദയഭാനു, ജോഫിൻ ജോസഫ്, ജോയ്സ് മരിയ ജോർജ് ,കോളേജ് ഡീൻ ഡോ. ഷാനവാസ് തുടങ്ങി വ്യവസായ-സാങ്കേതിക രംഗത്തെ പ്രമുഖരും വിവിധ വിഭാഗം മേധാവികളും ചടങ്ങിൽ പങ്കെടുത്തു .











