03:53am 26 May 2026
NEWS
ഇ.എസ്.ഐ മെഡിക്കൽ കോളേജ് നഷ്ടപ്പെടുത്തിയത് പ്രതിഷേധാർഹം
15/02/2026  05:58 AM IST
ഇ.എസ്.ഐ മെഡിക്കൽ കോളേജ് നഷ്ടപ്പെടുത്തിയത് പ്രതിഷേധാർഹം

കൊല്ലം ആശ്രാമത്തെ ഇ.എസ്.ഐ ആശുപത്രി മെഡിക്കൽ കോളേജ് ആയി ഉയർത്താനുള്ള സുവർണ്ണാവസരം സംസ്ഥാന സർക്കാർ ബോധപൂർവ്വം അട്ടിമറിച്ചത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്. കേന്ദ്ര സർക്കാരിന് കീഴിലുള്ള ഇ.എസ്.ഐ കോർപ്പറേഷൻ 10 സംസ്ഥാനങ്ങളിലായി 10 മെഡിക്കൽ കോളേജുകൾ അനുവദിക്കാൻ തീരുമാനിച്ചത് മുതൽ അതിലൊരു മെഡിക്കൽ കോളേജ് തന്റെ നിയോജകമണ്ഡലമായ കൊല്ലത്ത് കൊണ്ടുവരുവാൻ കഠിനപ്രയത്‌നമാണ് എൻ.കെ പ്രേമചന്ദ്രൻ എം.പി നടത്തിയത്. അതേത്തുടർന്ന് രാജ്യത്ത് 10 മെഡിക്കൽ കോളേജുകൾ തുടങ്ങുമ്പോൾ അതിലൊന്നായി കൊല്ലം ആശ്രാമം മെഡിക്കൽ കോളേജിനും അടുത്ത അധ്യയന വർഷം(2026-27) മുതൽ 50 സീറ്റുകളിൽ വീതം പ്രവേശനം നൽകുന്നതിനും ഇ.എസ്.ഐ കോർപ്പറേഷൻ അനുമതി നൽകി.

കൊല്ലം മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തിന് ഡീനിനെ നിയമിക്കുകയും പ്രാഥമിക നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. ആദ്യവിജ്ഞാപനപ്രകാരം നാഷണൽ മെഡിക്കൽ കമ്മീഷനിൽ അപേക്ഷ നൽകേണ്ട അവസാനദിവസം ജനുവരി 28 ആയിരുന്നു. ജനുവരി ഒമ്പതിന് ഇ.എസ്.ഐ കോർപ്പറേഷൻ സർക്കാരിന്റെ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിനുള്ള അപേക്ഷ നൽകി. മെഡിക്കൽ കോളേജ് ആവശ്യമാണെന്ന് കാണിക്കുന്ന എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് സംസ്ഥാന സർക്കാരാണ് നൽകേണ്ടത്.

എന്നാൽ ഇ.എസ്.ഐ കോർപ്പറേഷൻ അപേക്ഷ ആരോഗ്യവകുപ്പുമന്ത്രിയുടെയും വകുപ്പുസെക്രട്ടറിയുടെയും മേശപ്പുറത്ത് കറങ്ങിനടന്നു. എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് ലഭിച്ചശേഷമേ ആരോഗ്യസർവ്വകലാശാലയിൽ അഫിലിയേഷന് നാഷണൽ മെഡിക്കൽ കമ്മീഷന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാൻ കഴിയുമായിരുന്നുള്ളു. ഒടുവിൽ ജനുവരി 25 ന് ചില കുറവുകൾ ചൂണ്ടിക്കാണിച്ച് അത് നികത്തി റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് കത്തുനൽകി.

കോളേജിന്റെ പ്രവർത്തനം തുടങ്ങുന്ന അവസാനഘട്ടത്തിൽ ആവശ്യമായ കാര്യങ്ങളാണ് അപേക്ഷ നൽകുന്ന സമയത്ത് കുറവുകളായി കണ്ടെത്തിയത്. കോളേജ് പ്രവർത്തിച്ചുതുടങ്ങുന്നതിന് മുമ്പ് എല്ലാ കുറവുകളും നികത്തിക്കൊള്ളാമെന്ന് കാണിച്ചു ജനുവരി 26 ന് ഇ.എസ്.ഐ അധികൃതർ രേഖാമൂലം ഉറപ്പുനൽകി. 28 ന് ഇ.എസ്.ഐ ഡയറക്ടർ ജനറൽ നേരിട്ട് അണ്ടർ ടേക്കിംഗ് നൽകുകയും എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകണമെന്നഭ്യർത്ഥിക്കുകയും ചെയ്തു. ഫയൽ 27 ന് ആരോഗ്യമന്ത്രിയുടെ അടുത്ത് എത്തിയെങ്കിലും 28 ന് എട്ടുമണി വരെ തീരുമാനം ഒന്നും ഉണ്ടായില്ല.

ഇതിനിടെ, അപേക്ഷ സമർപ്പിക്കേണ്ട തീയതി ഫെബ്രുവരി 3 വരെ നാഷണൽ മെഡിക്കൽ കമ്മീഷൻ നീട്ടി. കൊല്ലം എം.പി മുഖ്യമന്ത്രിയോടും ആരോഗ്യമന്ത്രിയോടും തൊഴിൽമന്ത്രിയോടും ഉടൻ വിഷയത്തിൽ തീരുമാനം എടുക്കണം എന്ന് നടത്തിയ അഭ്യർത്ഥന അവഗണിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ ബന്ധപ്പെട്ടതിനുപുറമെ കേന്ദ്ര തൊഴിൽമന്ത്രി മൺസൂഖ് മാണ്ഡവ്യയും മുഖ്യമന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടു. സംസ്ഥാന ചീഫ് സെക്രട്ടറിയേയും ബന്ധപ്പെട്ടു.

ഇത്രയെല്ലാം ഇടപെടൽ ഉണ്ടായിട്ടും സംസ്ഥാന ആരോഗ്യവകുപ്പുമന്ത്രി ജനുവരി 27 മുതൽ ഫെബ്രുവരി 3 വൈകിട്ടുവരെ ഫയൽ കൈവശം വെച്ചു. ഇ.എസ്.ഐ കോർപ്പറേഷന് ഒരു കാരണവശാലും എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് സഹിതം നാഷണൽ മെഡിക്കൽ കമ്മീഷന് അപേക്ഷ സമർപ്പിക്കാൻ കഴിയില്ലെന്ന് ഉറപ്പുവരുത്തിയശേഷം ഫെബ്രുവരി 3 ന് രാത്രി ഇ.എസ്.ഐ കോർപ്പറേഷന് സമഗ്രറിപ്പോർട്ട് ആവശ്യപ്പെട്ട് കത്ത് നൽകി. ഇ.എസ്.ഐ കോർപ്പറേഷന്റെ ഡയറക്ടർ ജനറലിന്റെ അണ്ടർടേക്കിംഗിന് ഒരു വിലയും നൽകിയില്ല.

600 കോടിയാണ് മെഡിക്കൽ കോളേജിനും ആശുപത്രിക്കുമായി ഇ.എസ്.ഐ കോർപ്പറേഷൻ മുടക്കുമായിരുന്നത്. ഇ.എസ്.ഐ ഗുണഭോക്താക്കളുടെ മക്കൾ ഉൾപ്പെടെ 50 വിദ്യാർത്ഥികൾക്ക് കുറഞ്ഞ ഫീസിൽ എം.ബി.ബി.എസ് പഠിക്കുന്നതിനുള്ള അവസരവും ലഭിക്കുമായിരുന്നു. 

അതേപോലെ കൊല്ലം ജില്ലാ ആശുപത്രിയെ മികച്ച സൗകര്യങ്ങളുള്ള ഒരു ജനറൽ ഹോസ്പിറ്റലായി ഉയർത്താൻ 'കേരളശബ്ദം' മാനേജിംഗ് എഡിറ്ററായിരുന്ന ഡോ. ബി.എ. രാജാകൃഷ്ണന്റെ നേതൃത്വത്തിൽ കൊല്ലത്തെ പൊതുപ്രവർത്തകരുടെ കൂട്ടായ്മ, എം.പിയടക്കമുള്ള ജനപ്രതിനിധികളോടും സംസ്ഥാന ആരോഗ്യവകുപ്പിനോടും 2014-2016 കാലയളവിൽ ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നതാണ്. നാഷണൽ ടെക്‌സ്റ്റൈൽ കോർപ്പറേഷന്റെ ഭാഗമായ പൂട്ടിപ്പോയ കൊല്ലം പാർവ്വതി മില്ലിന്റെ 16.5 ഏക്കർ സ്ഥലവും ഇതിനായി ഏറ്റെടുക്കണമെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാൽ ഈ സ്ഥലം ഇന്നും ഉപയോഗശൂന്യമായി കാടുപിടിച്ചു കിടക്കുകയാണ്. അടിസ്ഥാനസൗകര്യങ്ങളും ആവശ്യത്തിന് ഡോക്ടർമാരുമില്ലാതെ വീർപ്പുമുട്ടുകയാണ് കൊല്ലം ജില്ലാ ആശുപത്രി. അടിയന്തിര ചികിത്സ ആവശ്യമുള്ളവർ ചികിത്സയ്ക്കായി എത്തിയാൽ അപ്പഴേ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്ന ഇടമായി ജില്ലാ ആശുപത്രി മാറിയിരിക്കുന്നു. ഈ അവസ്ഥയ്ക്ക് ആരോഗ്യവകുപ്പിനൊപ്പം ജനപ്രതിനിധികൾക്കും ഉത്തരവാദിത്തമുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.