
തമിഴ് സിനിമാ ലോകത്തെ സ്റ്റുഡിയോ സെറ്റുകളിൽ നിന്ന് പച്ചപ്പുള്ള ഗ്രാമങ്ങളിലേക്കും സാധാരണക്കാരായ മനുഷ്യരുടെ ഹൃദയവികാരങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോയ ഇതിഹാസ സംവിധായകൻ പി. ഭാരതിരാജ വിടപറഞ്ഞു. തെന്നിന്ത്യൻ സിനിമയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തിയ ഈ പ്രതിഭയുടെ വിയോഗത്തോടെ ഇന്ത്യൻ സിനിമയിലെ ഒരു സുവർണ്ണ അധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്.
ചിന്നസാമിയിൽ നിന്ന് ഭാരതിരാജയിലേക്ക്
തേനിയിലെ വണ്ണയാപുരം ഗ്രാമത്തിൽ നിന്നായിരുന്നു ചിന്നസാമി പെരിയസാമി തേവർ എന്ന ചെറുപ്പക്കാരന്റെ സിനിമായാത്രയുടെ തുടക്കം. ടി.എം. സൗന്ദർരാജന്റെയും പി. സുശീലയുടെയും ഗാനമേള കണ്ടപ്പോഴാണ് സിനിമയാണ് തന്റെ വഴിയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. മകന്റെ സിനിമാഭ്രാന്ത് കണ്ട് അമ്മ കടം വാങ്ങി നൽകിയ 400 രൂപയുമായി ഒരു ലോറിയിലാണ് അദ്ദേഹം മദിരാശിയിലേക്ക് വണ്ടി കയറിയത്. കോടമ്പാക്കത്തെ തെരുവുകളിൽ വിശപ്പടക്കാൻ ബന്ധുവീട്ടിലെ പ്രാതൽ പലഹാരത്തിൽ നിന്ന് ഒരു അംശം ഒളിച്ചുകടത്തി പോക്കറ്റിലിട്ട ഒരു കഠിനമായ ഭൂതകാലം അദ്ദേഹത്തിനുണ്ടായിരുന്നു.
മദിരാശിയിൽ എത്തിയ ശേഷം പ്രശസ്ത സംഗീതസംവിധായകൻ ഇളയരാജയുടെ സംഘത്തിനൊപ്പം ചേർന്നു. പിന്നീട് കന്നഡ സംവിധായകൻ പുട്ടണ്ണയുടെ മുന്നിൽ എത്തിയത് ജീവിതത്തിൽ വഴിത്തിരിവായി. 'ചിന്നസാമി' എന്ന പേര് സിനിമയ്ക്ക് ചേരില്ലെന്ന് പുട്ടണ്ണ പറഞ്ഞതോടെയാണ്, തന്റെ അനുജൻ ജയരാജിലെ 'രാജ'യും പ്രിയ സഹോദരി ഭാരതിയുടെ പേരും ചേർത്ത് 'ഭാരതിരാജ' എന്ന അനശ്വര നാമം ജനിക്കുന്നത്. സിനിമ കൂടുതൽ പഠിക്കാനുള്ള ആഗ്രഹത്തിൽ മലയാള സംവിധായകരായ എം. കൃഷ്ണൻ നായർ, കെ.എസ്. സേതുമാധവൻ എന്നിവരുടെ ശിഷ്യനായും അദ്ദേഹം പ്രവർത്തിച്ചു.
തമിഴ് സിനിമയുടെ ചരിത്രം തിരുത്തിയ '16 വയതിനിലേ'
താൻ എഴുതിയ 'മയിൽ' എന്ന കഥ സിനിമയാക്കാൻ ഭാരതിരാജ ആഗ്രഹിച്ചപ്പോൾ സംവിധായകനായി എ.സ്.പി. മുത്തുരാമന്റെ പേരാണ് അദ്ദേഹം നിർദ്ദേശിച്ചത്. എന്നാൽ നിർമ്മാതാവ് രാജ്ക്കണ്ണ് ആ ദൗത്യം ഭാരതിരാജയെത്തന്നെ ഏൽപ്പിക്കുകയായിരുന്നു"നീ താൻ ഇന്ത പടത്തുക്ക് ഡയറക്ടർ". അങ്ങനെ 1977-ൽ വെറും അഞ്ച് ലക്ഷം രൂപ നിർമ്മാണച്ചെലവിൽ '16 വയതിനിലേ' പിറന്നു.
കമൽഹാസൻ നായകനായും രജനീകാന്ത് പ്രതിനായകനായും തിളങ്ങിയ ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ഭാരതിരാജയായിരുന്നു. ചിത്രം തമിഴ്നാട്ടിൽ ചരിത്രവിജയമായി മാറുകയും ഒരു വർഷത്തിലധികം തീയേറ്ററുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ഈ ആദ്യ ചിത്രം തന്നെ അദ്ദേഹത്തിന് മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തു. നടീനടന്മാരുടെ താരമൂല്യത്തിൽ മാത്രം ഒതുങ്ങിനിന്നിരുന്ന തമിഴ് സിനിമയെ സംവിധായകന്റെ കലയാക്കി മാറ്റിയത് ഭാരതിരാജയാണ്.
വിജയയാത്രയും പുരസ്കാരങ്ങളും
തൊട്ടടുത്ത വർഷം 'കിഴക്കേ പോകും റെയിൽ' സംവിധാനം ചെയ്തുകൊണ്ട് അദ്ദേഹം തന്റെ വിജയയാത്ര തുടർന്നു. തുടർന്ന് റോജാക്കൾ, പുതിയ വാർപ്പുകൾ, നിറം മാറാത്ത പൂക്കൾ, റെഡ് റോസ്, നിഴലുകൾ, അലൈകൾ ഓയ്വതില്ലൈ, ടിക് ടിക് ടിക്, കാതൽ ഓവിയം, വാലിബമേ വാ വാ, മൺവാസനൈ, പുതുമൈ പെണ്ണ്, കിഴക്ക് ചീമയിലെ ഉൾപ്പെടെ 27-ഓളം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. തമിഴിന് പുറമെ തെലുങ്കിലും ഹിന്ദിയിലും ചിത്രങ്ങൾ ഒരുക്കി. സംവിധാനത്തിന് പുറമെ ഇരുപതിലധികം ചിത്രങ്ങളിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.
പ്രധാന ദേശീയ പുരസ്കാരങ്ങൾ (ആകെ 6 തവണ):
സീത കോക ചിലക (1982 - സംവിധാനം)
മുതൽ മര്യാദ (1986 - സംവിധാനം, നിർമ്മാണം)
വേദം പുതുതു (1988 - സംവിധാനം)
കറുത്തമ്മ (1995 - സംവിധാനം)
അന്തിമന്താരൈ (1996 - സംവിധാനം)
കടൽ പൂക്കൾ (2001 - സംവിധാനം, തിരക്കഥ)
സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2004-ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു. മലയാള സിനിമയോടും ഇവിടുത്തെ കലാകാരന്മാരോടും എന്നും ആത്മബന്ധം പുലർത്തിയിരുന്ന അദ്ദേഹം 2013-ൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ ജൂറി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
'R' നായികമാരുടെ രാജാവ്
താൻ വെള്ളിത്തിരയിൽ പരിചയപ്പെടുത്തുന്ന നായികമാർക്ക് ഒരു സിനിമാറ്റിക് ഐഡന്റിറ്റി വേണമെന്ന് ഭാരതിരാജയ്ക്ക് നിർബന്ധമുണ്ടായിരുന്നു. തന്റെ ഭാഗ്യ അക്ഷരം 'R' ആണെന്ന് വിശ്വസിച്ച അദ്ദേഹം പരിചയപ്പെടുത്തിയ നായികമാരിൽ ഭൂരിഭാഗം പേരും പിന്നീട് തെന്നിന്ത്യയിലെ സൂപ്പർ നായികമാരായി മാറി.
രേവതി: 'മൺവാസനൈ'യിലൂടെ ആശാ കേളുണ്ണിയെ രേവതിയാക്കി.
രാധ: 'അലൈകൾ ഓയ്വതില്ലൈ'യിലൂടെ ഉദയചന്ദ്രികയെ രാധയാക്കി.
രഞ്ജിനി: 'മുതൽ മര്യാദൈ'യിലൂടെ സാഷ സെൽവരാജിനെ രഞ്ജിനിയാക്കി.
രേഖ: 'കടലോര കവിതൈകൾ' എന്ന ചിത്രത്തിലൂടെ ജോസഫൈനെ രേഖയാക്കി മാറ്റി.
രുക്മിണി: ധരണി എന്ന നടിയെ 'കറുത്തമ്മ'യിലൂടെ രുക്മിണിയാക്കി.
രാധിക: 'കിഴക്കേ പോകും റെയിൽ' എന്ന ചിത്രത്തിലൂടെ രാധികാ ശരത്കുമാറിന് വലിയൊരു തുടക്കം നൽകി.
വിജയശാന്തി: 'കല്ലുക്കൾ ഈരം' എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കൊണ്ടുവന്നു.
രഞ്ജിത: 'നാടോടി തെൻട്രൽ' എന്ന ചിത്രത്തിലൂടെ ശ്രീവല്ലിയെ രഞ്ജിതയാക്കി.
രുദ്ര: 'പുതുനെല്ല് പുതുനാത്ത്' എന്ന ചിത്രത്തിലൂടെ അശ്വനി നമ്പ്യാരെ രുദ്രയാക്കി. (ഇതേ ചിത്രത്തിലൂടെയാണ് സുകന്യയുടെയും അരങ്ങേറ്റം).
ഇവർക്ക് പുറമെ, തമിഴിലെ എക്കാലത്തെയും മികച്ച നടിയായ അന്തരിച്ച ശ്രീദേവി ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും, നായിക എന്ന നിലയിൽ അവർക്ക് കരിയർ ബ്രേക്ക് നൽകിയത് ഭാരതിരാജയുടെ '16 വയതിനിലേ'യിലെ 'മയിൽ' എന്ന ഇതിഹാസ കഥാപാത്രമായിരുന്നു. മലയാളി നടി പ്രിയാമണിയുടെ തമിഴ് ചുവടുവെപ്പും ഭാരതിരാജ സംവിധാനം ചെയ്ത 'കൺകൾ കാൽ തുടൈപ്പത്' എന്ന ചിത്രത്തിലൂടെയായിരുന്നു.
അഭിനയ രംഗവും മലയാള ബന്ധവും
ക്യാമറയ്ക്ക് പിന്നിൽ മാത്രമല്ല, ക്യാമറയ്ക്ക് മുന്നിലും ഭാരതിരാജ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. മലയാളത്തിൽ ജോണി വാക്കർ, മാഫിയ, കർമ്മ, ഒരു യാത്രാമൊഴി തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. മോഹൻലാലിനൊപ്പം അഭിനയിച്ച 'തുടരും' എന്ന മലയാള ചിത്രമാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ഇതിൽ 'പളനിസ്വാമി' എന്ന തമിഴ് സ്റ്റണ്ട് മാസ്റ്ററുടെ കഥാപാത്രമായാണ് അദ്ദേഹം എത്തിയത്. കൂടാതെ ആയുധ എഴുത്ത്, പാണ്ഡ്യനാട്, ഈശ്വരൻ, തിരുച്ചിത്രമ്പലം, മഹാരാജ എന്നീ തമിഴ് സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.
തളർത്തിയ വ്യക്തിജീവിതം
അവസാനകാലത്ത് മകൻ മനോജ് ഭാരതിരാജയുടെ അകാല മരണം ഭാരതിരാജയെ മാനസികമായി ഏറെ തളർത്തിയിരുന്നു. നടനും സംവിധായകനുമായിരുന്ന മനോജ് കഴിഞ്ഞ വർഷം മാർച്ചിലാണ് മരണമടഞ്ഞത്. മകന്റെ വിയോഗത്തിന്റെ വേദന ഉള്ളിലൊതുക്കി, മകന്റെ ഭാര്യയും മലയാള നടിയുമായ നന്ദനയ്ക്കും മക്കൾക്കും വലിയൊരു തണലായി നിന്നത് ഭാരതിരാജയായിരുന്നു. ഒടുവിൽ, തെന്നിന്ത്യൻ സിനിമയ്ക്ക് ഒട്ടനവധി വസന്തങ്ങൾ സമ്മാനിച്ച ആ വലിയ തണൽ മൺമറയുമ്പോൾ സിനിമ ലോകത്തിന് അതൊരു തീരാനഷ്ടം തന്നെയാണ്










