05:17am 17 November 2026
NEWS
വിശപ്പിനെ തോൽപ്പിച്ച വിപ്ലവക്കിഴങ്ങ്; ജാതിഭേദം തകർത്ത കിഴാള ഭക്ഷണത്തിന്റെ ചരിത്രം
16/11/2026  06:15 PM IST
വലിയശാല രാജു
വിശപ്പിനെ തോൽപ്പിച്ച വിപ്ലവക്കിഴങ്ങ്; ജാതിഭേദം തകർത്ത കിഴാള ഭക്ഷണത്തിന്റെ ചരിത്രം

ഭക്ഷണം എന്നത് കേവലം വിശപ്പടക്കാനുള്ള ഉപാധി മാത്രമല്ല. അത് അധികാരത്തിന്റെയും വർഗ്ഗസമരത്തിന്റെയും അതിജീവനത്തിന്റെയും ചരിത്രം കൂടിയാണ്. ഓരോ ലോക ഭക്ഷ്യദിനവും കടന്നുപോകുമ്പോൾ നമ്മൾ ഭക്ഷ്യസുരക്ഷയെയും പോഷകാഹാരത്തെയും കുറിച്ച് ആഗോളതലത്തിൽ സംസാരിക്കാറുണ്ട്. എന്നാൽ സ്വന്തം മണ്ണിൽ പട്ടിണിയെ തോൽപ്പിച്ച് ഒരു ജനതയെ മുഴുവൻ മരണത്തിൽ നിന്ന് കൈപിടിച്ചുയർത്തിയ ഒരു കിഴങ്ങിന്റെ രാഷ്ട്രീയ ചരിത്രം; കേരളത്തിനുണ്ട് സാധാരണക്കാരന്റെ ജീവരക്തമായി മാറിയ 'കപ്പ' അഥവാ മരച്ചീനിയുടെ ചരിത്രം.

ആമസോൺ കാടുകളിൽ നിന്ന് കേരളതീരത്തേക്ക്: കപ്പ വന്ന വഴി

ലാറ്റിൻ അമേരിക്കൻ നാടുകളിൽ നിന്നാണ് ഈ വിപ്ലവക്കിഴങ്ങിന്റെ ജനനം. ആമസോൺ നദീതടങ്ങളിലെ തദ്ദേശീയരായ ഗോത്രജനത പണ്ടേ മെരുക്കിയെടുത്ത മരച്ചീനിയെ, പതിനാറാം നൂറ്റാണ്ടിലെ കൊളോണിയൽ വ്യാപാര ശൃംഖലയുടെ (ഇീഹൗായശമി ഋഃരവമിഴല) ഭാഗമായി പോർച്ചുഗീസുകാരാണ് ലോകമെമ്പാടും എത്തിക്കുന്നത്. ദീർഘദൂര സമുദ്രയാത്രകളിൽ നാവികരുടെ വിശപ്പടക്കാനും, ആഫ്രിക്കയിലെ കോളനികളിൽ കുറഞ്ഞ ചെലവിൽ ജനങ്ങൾക്ക് നൽകാനും അവർ കപ്പ ഉപയോഗിച്ചു.

തുടർന്ന് സുഗന്ധവ്യഞ്ജന വ്യാപാരത്തോടൊപ്പം പോർച്ചുഗീസുകാർ വഴി മലബാറിലെ തീരങ്ങളിലേക്ക് ഈ കിഴങ്ങ് എത്തിയെങ്കിലും, വിഷാംശമുണ്ടെന്ന ഭയത്താലും, നെല്ലിന്റെ ലഭ്യതയാലും തുടക്കത്തിൽ അതൊരു പാഴ്‌ച്ചെടിയായി മാത്രം ഒതുങ്ങിനിന്നു.

അരിയുടെ അധികാരവും തിരുവിതാംകൂറിലെ പട്ടിണിയും

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ, കൃത്യമായി പറഞ്ഞാൽ 1870-കളിലും 80-കളിലും, തിരുവിതാംകൂർ കടുത്ത വരൾച്ചയുടെയും ഭക്ഷ്യക്ഷാമത്തിന്റെയും പിടിയിലമർന്നു. അന്ന് നെല്ല് എന്നത് സമൃദ്ധിയുടെയും ജന്മിത്വത്തിന്റെയും ഉപരിവർഗ്ഗ ആധിപത്യത്തിന്റെയും ചിഹ്നമായിരുന്നു. വരേണ്യർക്ക് മാത്രം പ്രാപ്യമായിരുന്ന അരി സാധാരണക്കാരായ കർഷകത്തൊഴിലാളികൾക്കും കീഴാള ജനതയ്ക്കും അപ്രാപ്യമായ സ്വപ്നമായിരുന്നു. പട്ടിണിയും പോഷകാഹാരക്കുറവും മൂലം മനുഷ്യർ കൂട്ടത്തോടെ മരണത്തിലേക്ക് വീണ കാലം.
ഈ ഘട്ടത്തിലാണ് സസ്യശാസ്ത്രത്തിൽ അതീവ താല്പര്യമുണ്ടായിരുന്ന ശ്രീ വിശാഖം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ (1880-1885) ശ്രദ്ധ ഇതിലേക്ക് തിരിയുന്നത്. ഏതു വരണ്ട മണ്ണിലും കുറഞ്ഞ അധ്വാനത്തിൽ സമൃദ്ധമായി വളരുമെന്നതും ഉയർന്ന അന്നജം പ്രദാനം ചെയ്യുമെന്നതും തിരിച്ചറിഞ്ഞ അദ്ദേഹം, മലയയിൽ നിന്നും ഡച്ച് ഈസ്റ്റ് ഇൻഡീസിൽ (ഇന്തോനേഷ്യ) നിന്നും മികച്ചയിനം മരച്ചീനിക്കമ്പുകൾ വരുത്തി തിരുവിതാംകൂറിലുടനീളം കൃഷി വ്യാപിപ്പിക്കാൻ തീരുമാനിച്ചു.

കൊട്ടാരത്തിലെ പരീക്ഷണവും 'വിഷ'ഭയം മാറലും

കൃഷി ചെയ്യാൻ ആഹ്വാനം നൽകിയെങ്കിലും ജനങ്ങൾ തുടക്കത്തിൽ കപ്പ കഴിക്കാൻ തയ്യാറായില്ല. അതിലടങ്ങിയിരുന്ന കയ്പ്പും വിഷാംശവും (സയനൈഡ് ഘടകങ്ങൾ) ജനങ്ങളിൽ ഭയം ജനിപ്പിച്ചു.

ഈ തെറ്റിദ്ധാരണ മാറ്റാൻ മഹാരാജാവ് പ്രായോഗികമായ ഒരു വഴി സ്വീകരിച്ചു. കപ്പയുടെ തൊലി പൂർണ്ണമായി കളഞ്ഞ്, കഷണങ്ങളാക്കി വെള്ളത്തിലിട്ട് തിളപ്പിച്ച്, ആ വെള്ളം ഊറ്റിക്കളഞ്ഞാൽ വിഷാംശം മാറുമെന്ന ശാസ്ത്രീയ വശം അദ്ദേഹം ജനങ്ങൾക്ക് മുന്നിൽ തെളിയിച്ചു. തുടർന്ന് വേവിച്ച കപ്പ രാജാവ് കൊട്ടാരത്തിലെ സ്വന്തം ഭക്ഷണത്തിന്റെ ഭാഗമാക്കുകയും, എല്ലാവർക്കും വിളമ്പുകയും ചെയ്തു. ഭരണാധികാരി തന്നെ അത് ഭക്ഷിക്കുന്നത് കണ്ടതോടെ ജനങ്ങളുടെ ഭയം മാറി.കപ്പ നാടെങ്ങും വ്യാപകമായി കൃഷി ചെയ്യപ്പെട്ടു.

വിശപ്പിന്റെ ജാതിഭേദം തകർത്ത കീഴാള ഭക്ഷണം

കപ്പ കേരളത്തിൽ ഉണ്ടാക്കിയത് നിശ്ശബ്ദമായ ഒരു സാമൂഹിക-വർഗ്ഗ വിപ്ലവമാണ്:
ജന്മിമാർ നെല്ലിന്റെയും അരിയുടെയും പേരിൽ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ അടിമപ്പെടുത്തി നിർത്തിയ കാലത്ത്, കപ്പ അവർക്ക് നൽകിയത് അതിജീവനത്തിന്റെ ആത്മവിശ്വാസമാണ്. ആരുടെയും കാരുണ്യം കാത്തുനിൽക്കാതെ സ്വന്തം പുരയിടത്തിന്റെ കോണിലോ തരിശുഭൂമിയിലോ നട്ടുവളർത്താവുന്ന ഒരു സ്വാശ്രയ വിഭവമായി അത് മാറി.

തൊഴിലാളിവർഗ്ഗത്തിന്റെ ഊർജ്ജമായി അത് മാറി. കേരളത്തിലെ കയർ, തോട്ടം, കായൽ തൊഴിലാളികൾ മണിക്കൂറുകളോളം കഠിനാധ്വാനം ചെയ്യാനുള്ള കായികശേഷി കണ്ടെത്തിയത് കപ്പയും  മീൻകറിയും കൂട്ടിയുള്ള ഭക്ഷണത്തിലൂടെയാണ്. പിൽക്കാലത്ത് കേരളത്തിൽ ഉയർന്നുവന്ന വിപ്ലവ മുന്നേറ്റങ്ങളുടെയും സമരങ്ങളുടെയും പിന്നിലെ ജൈവിക ഇന്ധനം ഈ വിഭവമായിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിലെ രക്ഷകൻ

1940-കളിൽ രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടപ്പോൾ ബർമ്മയിൽ നിന്നുള്ള അരി ഇറക്കുമതി നിലച്ചു. ബംഗാളിൽ ദശലക്ഷക്കണക്കിന് മനുഷ്യർ പട്ടിണി കിടന്നു മരിച്ച ആ മഹാക്ഷാമകാലത്ത് കേരളം വലിയൊരു മരണക്കയത്തിലേക്ക് വീഴാതെ പിടിച്ചുനിന്നത് നാട്ടിൻപുറങ്ങളിലെ പറമ്പുകളിൽ വിളഞ്ഞുനിന്ന കപ്പ ഒന്നുകൊണ്ട് മാത്രമാണ്.

മലയാളിയുടെ ഭക്ഷണ ചരിത്രത്തിൽ അരി അധികാരത്തിന്റേതായിരുന്നുവെങ്കിൽ, കപ്പ പ്രതിരോധത്തിന്റേതായിരുന്നു.
ഇന്ന് തീൻമേശകളിലെ വിഭവങ്ങൾ ആഗോള കോർപ്പറേറ്റ് വിപണിയുടെ താല്പര്യങ്ങൾക്കനുസരിച്ച് നിർണ്ണയിക്കപ്പെടുന്ന കാലത്ത്, കപ്പയുടെ ഓർമ്മകൾ കേവലം ഭക്ഷണപ്രിയമല്ല. അത് ഭക്ഷ്യപരമാധികാരത്തിന്റെ (എീീറ ടീ്‌ലൃലശഴി്യേ) ശക്തമായ ഒരു രാഷ്ട്രീയ പാഠമാണ്. വിശപ്പിന്റെ മുന്നിൽ മനുഷ്യൻ തലകുനിക്കാതെ നിന്ന, അധിനിവേശത്തെ അതിജീവനമാക്കി മാറ്റിയ ഒരു ജനതയുടെ സമരഗാഥ കൂടിയാണ് ഓരോ കപ്പക്കിഴങ്ങിലും അടങ്ങിയിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img