
ചെങ്ങന്നൂർ: മനുഷ്യ നിർമ്മിത പ്രളയത്തിലൂടെ കരിമണൽ ലോബിയെ സഹായിച്ച് ഇടതു സർക്കാരിന് കോടികളുടെ അഴിമതി നടത്തിയെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. പ്രളയത്തിലൂടെ ചെങ്ങന്നൂരിനെ ഇല്ലാതാക്കിയ ഇടത് സർക്കാരിനെതിരെയുള്ള പ്രതിഷേധ സൂചകമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇടത് സർക്കാർ 2018 ൽ ആസൂത്രണം ചെയ്ത തിരക്കഥയായിരുന്നു മനുഷ്യനിർമ്മിത പ്രളയം.ഇതേക്കുറിച്ച് സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വന്നാൽ ജുഡീഷ്യൽ അന്വേഷണം നടത്തും. പ്രളയ സമയത്ത് തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് കരിമണൽ കമ്പനികൾക്ക് സൗകര്യമൊരുക്കാനാണ്.
2018-ലെ പ്രളയം സർക്കാരിന്റെ സൃഷ്ടിയാണെന്ന സത്യം പിണറായി മന്ത്രിസഭയിലെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി തന്നെ വെളിപ്പെടുത്തിയത് ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നതാണ്. മനുഷ്യ നിർമ്മിത പ്രളയത്തിലൂടെ ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയാണ് സർക്കാർ കരിമണൽ മാഫിയയ്ക്ക് ഒത്താശ ചെയ്ത് കൊടുത്തത്. യാതൊരു നീയന്ത്രണവും മുന്നറിയിപ്പുമില്ലാതെ ഡാമുകളുടെ ഷർട്ടർ തുറന്ന് വെള്ളം ഒഴുക്കി പ്രളയം ഉണ്ടാക്കിയിട്ട് വെള്ളം കടലിലേക്ക് ഒഴുകാതിരിക്കാൻ തോട്ടപ്പള്ളി സ്പിൽവേയിലെ ഷട്ടർ തുറക്കാതിരുന്നത് ദുരൂഹമാണെന്നും എം.പി. പറഞ്ഞു.
യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി അഡ്വ: എബി കുര്യാക്കോസ്,യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ അഡ്വ: ഡി. നാഗേഷ് കുമാർ, തിരഞ്ഞെടുപ്പ് ചീഫ് കോഡിനേറ്റർ പി.വി. ജോൺ, ചീഫ് ഏജൻറ് അഡ്വ: കെ.ആർ. സജീവൻ,അഡ്വ: ഡി. വിജയകുമാർ,ജോജി ചെറിയാൻ,അഡ്വ: ഹരി പാണ്ടനാട്, നഗരസഭ ചെയർമാൻ മനീഷ് കീഴാമഠത്തിൽ, വൈസ് ചെയർപേഴ്സൺ സാലി ജെയിംസ്, പുലിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് രതി സുബാഷ് ,നഗരസഭ യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് കെ.ഷിബുരാജന്‍, കെ. ദേവദാസ്, സാബു ഇലവുംമൂട്ടില്‍, കെ.വേണുഗോപാല്‍ എന്നിവർ പ്രസംഗിച്ചു.










