
വെണ്മണി : ശാർങ്ങക്കാവിൽ ക്ഷേത്രത്തിൽ അഞ്ചാമത് അയ്യപ്പൻവിളക്ക് ഉത്സവത്തിന് നവംബർ 17ന് തുടക്കമാകും. ശ്രീഭുവനേശ്വരി ഭക്തജന സമിതിയുടെ നേതൃത്വത്തിൽ നവംബർ 28 വരെ 12 ദിവസങ്ങളിലായാണ് മഹോത്സവം സംഘടിപ്പിക്കുന്നത്.
പ്രസിഡന്റ് സുരേഷ് കുമാർ ശാർങ്ങക്കാവ് ദേവി ക്ഷേത്ര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി അഡ്വ. രാധാകൃഷ്ണൻ നമ്പൂതിരിക്ക് ഉത്സവത്തിന്റെ ബുക്ക് ലെറ്റ് കൈമാറി പ്രകാശനകർമ്മം നിർവഹിച്ചു..
എല്ലാ ദിവസവും രാവിലെ എട്ടിന് ഭാഗവതപാരായണം നടക്കും. വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച, പ്രസാദവിതരണം എന്നിവയും രാത്രി ഏഴുമുതൽ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
നവംബർ 17ന് തൃക്കാർത്തിക നാരായണീയ സമിതിയുടെ നാരായണീയം, 18ന് പുന്തല തരംഗത്തിന്റെ കൈകൊട്ടിക്കളി, 19ന് യോഗീശ്വര തിരുവാതിര സമിതിയുടെ തിരുവാതിര, 20ന് ശ്യാമരാഗ സന്ധ്യ, 21ന് ശ്രീദേവി തിരുവാതിര സമിതിയുടെ തിരുവാതിര എന്നിവ അരങ്ങേറും.
നവംബർ 22ന് ഭജനയും നൃത്തനൃത്യങ്ങളും, 23ന് തൃപ്പുലിയൂർ കോയിത്തറക്കാവിലമ്മ വീരനാട്യ കൈകൊട്ടിക്കളി, 24ന് ശ്രീമുരുക തിരുവാതിര സമിതിയുടെ തിരുവാതിര, 25ന് നീലാംബരി ഭജൻസ് അവതരിപ്പിക്കുന്ന ഭജൻസ് എന്നിവ നടക്കും.
നവംബർ 26ന് കരോക്കെ ഗാനമേളയും 27ന് സംസ്ഥാന സ്കൂൾ കലോത്സവ ജേതാവും അമൃത ടി.വി. സൂപ്പർ സ്റ്റാർ ഫെയിമുമായ അശ്വിൻ പ്രകാശ് നയിക്കുന്ന ഗാനമഞ്ജരിയും സംഘടിപ്പിക്കും. 28ന് ആറ്റുവ ശ്രീ മഹാദേവ തിരുവാതിര സമിതിയുടെ തിരുവാതിരയോടെ മഹോത്സവ പരിപാടികൾക്ക് സമാപനമാകും.
മഹോത്സവത്തിന്റെ ഭാഗമായി ദീപക്കാഴ്ചയും പ്രസാദവിതരണവും വിവിധ ഭക്തജനങ്ങളുടെയും സംഘടനകളുടെയും സമർപ്പണത്തോടെയാണ് നടക്കുന്നത്.
പ്രസിഡന്റ് സുരേഷ് കുമാർ, സെക്രട്ടറി സന്തോഷ് ജി., ട്രഷറർ ഉണ്ണികൃഷ്ണൻ എൻ.സി. എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾക്ക് ഒരുക്കങ്ങൾ നടത്തുന്നത്.










