02:27am 10 November 2026
NEWS
​ശൈഖ് തമീമിന്റെ ഭരണപാടവത്തിൽ പൂർണ്ണ വിശ്വാസമർപ്പിച്ചാണ് ഫാദർ അമീർ അധികാരം കൈമാറിയത്: മുൻ പ്രധാനമന്ത്രി ശൈഖ് ഹമദ് ബിൻ ജാസിം
17/07/2026  12:26 PM IST
nila
​ശൈഖ് തമീമിന്റെ ഭരണപാടവത്തിൽ പൂർണ്ണ വിശ്വാസമർപ്പിച്ചാണ് ഫാദർ അമീർ അധികാരം കൈമാറിയത്: മുൻ പ്രധാനമന്ത്രി ശൈഖ് ഹമദ് ബിൻ ജാസിം

 

 

​ദോഹ: ഖത്തറിൻ്റെ വികസന കുതിപ്പ് കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് സാധിക്കുമെന്ന പൂർണ്ണ ബോധ്യത്തോടെയാണ് അന്തരിച്ച ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അധികാരം കൈമാറിയതെന്ന് മുൻ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിൻ ജാസിം ബിൻ ജാബർ അൽഥാനി. ദൃഢനിശ്ചയവും കാരുണ്യവും ഒരുപോലെ സമ്മേളിച്ച അസാധാരണനായ ഭരണാധികാരിയായിരുന്നു ഫാദർ അമീറെന്നും അദ്ദേഹം അനുസ്മരിച്ചു. ഖത്തർ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
​രാജ്യത്തിൻ്റെ ഭാവി സുരക്ഷിതമാക്കുന്നതിലും ദീർഘകാലത്തെ സമഗ്ര വികസനത്തിലുമായിരുന്നു ഫാദർ അമീറിൻ്റെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഭരണത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽത്തന്നെ, കിരീടാവകാശി രാജ്യത്തെ നയിക്കാൻ പ്രാപ്തനാകുമ്പോൾ അധികാരം കൈമാറാൻ ഫാദർ അമീർ തീരുമാനിച്ചിരുന്നതായി ശൈഖ് ഹമദ് ബിൻ ജാസിം വെളിപ്പെടുത്തി.
​"2013-ലെ ചരിത്രപരമായ അധികാര കൈമാറ്റത്തിന് രണ്ട് വർഷം മുൻപ് തന്നെ അദ്ദേഹം എന്നോട് ആ തീരുമാനം പങ്കുവെച്ചിരുന്നു. ശൈഖ് തമീമിന്റെ നേതൃപാടവം നേരിട്ട് കണ്ടറിഞ്ഞ അദ്ദേഹം 'ഇത് തമീമിന്റെ സമയമാണ്' എന്ന് വ്യക്തമാക്കുകയായിരുന്നു. തന്റെ ഭരണത്തിന്റെ സുവർണ്ണകാലത്ത് നിൽക്കുമ്പോഴാണ് ഖത്തറിൻ്റെ ഭാവി സുരക്ഷിതമായ കൈകളിലാണെന്ന് ഉറപ്പുവരുത്തി അദ്ദേഹം പടിയിറങ്ങിയത്," മുൻ പ്രധാനമന്ത്രി ഓർത്തു.
​അധികാരം കൈമാറിയ ശേഷം ഔദ്യോഗിക രാഷ്ട്രീയ കാര്യങ്ങളിൽ നിന്ന് പൂർണ്ണമായും വിട്ടുനിന്ന അദ്ദേഹം, രാജ്യത്തിൻ്റെ പുരോഗതിയിലും താൻ തുടക്കം കുറിച്ച പദ്ധതികൾ പൂർത്തിയാകുന്നതിലും അങ്ങേയറ്റം അഭിമാനം കൊണ്ടിരുന്നു.തീരുമാനങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത ഭരണാധികാരിയായിരിക്കുമ്പോൾ തന്നെ ജനങ്ങളോട് അങ്ങേയറ്റം ചേർന്നുനിന്ന വ്യക്തിയായിരുന്നു ഫാദർ അമീർ. രാജ്യത്തെ ഒരു വലിയ കുടുംബമായാണ് അദ്ദേഹം കണ്ടത്. വീഴ്ചകളുടെ ഉത്തരവാദിത്തം അദ്ദേഹം സ്വയം ഏറ്റെടുത്തിരുന്നു. എന്നാൽ വിശ്വസ്തരിൽ നിന്നേറ്റ വഞ്ചനകൾ അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നതായും ശൈഖ് ഹമദ് ബിൻ ജാസിം പറഞ്ഞു.
​സാമ്പത്തിക വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിലും രാജ്യത്തിൻ്റെ വാതക വ്യവസായം വിപുലീകരിക്കാൻ അദ്ദേഹം കാണിച്ച ദീർഘവീക്ഷണമാണ് ഇന്നത്തെ ഖത്തറിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിന് അടിത്തറയിട്ടത്. വിദ്യാഭ്യാസം, ആരോഗ്യം, ജനങ്ങളുടെ ജീവിതനിലവാരം എന്നിവ ഉയർത്തുന്നതിൽ അദ്ദേഹം പ്രത്യേക താല്പര്യമെടുത്തു.
​പൗരന്മാരുടെ ക്ഷേമവും ആരോഗ്യസ്ഥിതിയും വ്യക്തിപരമായി അന്വേഷിച്ചിരുന്ന അദ്ദേഹത്തിന്റെ മാനുഷിക മുഖവും മുൻ പ്രധാനമന്ത്രി അനുസ്മരിച്ചു. നിലവിലെ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ നേതൃത്വത്തിൽ പ്രതിരോധം, നയതന്ത്രം, ഊർജ്ജം, പശ്ചാത്തല സൗകര്യം എന്നീ മേഖലകളിൽ രാജ്യം കൈവരിക്കുന്ന നേട്ടങ്ങളിൽ ഫാദർ അമീർ എന്നും അഭിമാനിച്ചിരുന്നുവെന്നും ഖത്തറിൻ്റെ നവോത്ഥാന ചരിത്രത്തിൽ അദ്ദേഹത്തിൻ്റെ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img