
തിരുവനന്തപുരം: രാജ്യത്തെ ദീർഘദൂര ട്രെയിൻ സർവീസുകളിൽ വലിയ മാറ്റത്തിന് ഒരുങ്ങി ഇന്ത്യൻ റെയിൽവേ. വന്ദേഭാരത് മാതൃകയിലുള്ള ട്രെയിൻ സെറ്റുകൾ കൂടുതൽ വ്യാപിപ്പിക്കുന്നതിനാണ് നീക്കം. വന്ദേഭാരതിനൊപ്പം മുന്നിലും പിന്നിലും എൻജിനുകളുള്ള അമൃത്‌ഭാരത് ട്രെയിൻ സെറ്റുകൾക്കും വരും വർഷങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകാനാണ് പദ്ധതി.
റെയിൽവേ ബോർഡിൽ വിവിധ സോണുകളിലെ പ്രിൻസിപ്പൽ ചീഫ് മെക്കാനിക്കൽ എൻജിനീയർമാർ പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശങ്ങൾ ചർച്ചയായത്. ബോർഡ് അനുമതി നൽകുന്നതോടെ പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിലാകുമെന്നാണ് സൂചന.
എൽഎച്ച്ബി കോച്ചുകളുടെ ഉൽപാദനം കുറയ്ക്കും
നിലവിൽ ഉപയോഗിക്കുന്ന സ്റ്റെയിൻലെസ് സ്റ്റീൽ എൽഎച്ച്ബി കോച്ചുകളുടെ ഉൽപാദനം ഘട്ടംഘട്ടമായി അവസാനിപ്പിക്കാനും പകരം ട്രെയിൻ സെറ്റ് സംവിധാനത്തിലേക്ക് മാറാനുമാണ് ആലോചന. വന്ദേഭാരത്, അമൃത്‌ഭാരത് മാതൃകയിൽ ഇരുവശത്തും എൻജിനുകളുള്ള ട്രെയിൻ സെറ്റുകളായിരിക്കും ഭാവിയിൽ ദീർഘദൂര സർവീസുകളിൽ കൂടുതലായി ഉപയോഗിക്കുക.
ഇതിന്റെ ഭാഗമായി 2027–28 കാലയളവിനുള്ളിൽ പഴയ ഐസിഎഫ് മാതൃകയിലുള്ള പരമ്പരാഗത കോച്ചുകൾ പൂർണമായും എൽഎച്ച്ബി കോച്ചുകളാക്കി മാറ്റാനും ലക്ഷ്യമിടുന്നു. എസി കോച്ചുകൾ ഉൾപ്പെടുത്തിയ അമൃത്‌ഭാരത് ട്രെയിനുകളുടെ മൂന്നാം പതിപ്പും വ്യാപിപ്പിക്കാനാണ് നിർദേശം.
ഷണ്ടിങ് ഒഴിവാക്കാം
നിലവിലുള്ള എൽഎച്ച്ബി കോച്ചുകളുള്ള ട്രെയിനുകളിലും ഇരുവശത്തും എൻജിനുകൾ ഘടിപ്പിച്ച് പുഷ്–പുൾ സംവിധാനത്തിലേക്ക് മാറ്റാനും പദ്ധതിയുണ്ട്. ഇതിലൂടെ യാഡുകളിൽ എൻജിന്റെ ദിശ മാറ്റുന്നതിനുള്ള ഷണ്ടിങ് നടപടികൾ ഒഴിവാക്കാൻ കഴിയും. ട്രെയിൻ സർവീസുകളുടെ കാര്യക്ഷമത വർധിപ്പിക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
22 കോച്ചുകൾ വീതമുള്ള ഫിക്സഡ് ഫോർമേഷനിലുള്ള ട്രെയിൻ സെറ്റുകൾക്ക് വേഗത്തിൽ വേഗത കൈവരിക്കാനും കൂടുതൽ സുരക്ഷിതമായി സർവീസ് നടത്താനും സാധിക്കും. എന്നാൽ യാത്രക്കാരുടെ ആവശ്യമനുസരിച്ച് കോച്ചുകളുടെ എണ്ണം കൂട്ടാൻ കഴിയില്ലെന്നത് ഇത്തരം ട്രെയിൻ സെറ്റുകളുടെ പ്രധാന പരിമിതിയാണ്.
വന്ദേഭാരത് കോച്ചുകളിലും മാറ്റം
വന്ദേഭാരത് ചെയർകാർ കോച്ചുകളുടെ ഡിസൈനിൽ മാറ്റം വരുത്താനും യോഗത്തിൽ നിർദേശമുയർന്നു. എക്സിക്യൂട്ടീവ് ക്ലാസ് കോച്ചുകളിലെ സീറ്റുകൾ തിരിക്കാനുള്ള സൗകര്യം ഒഴിവാക്കി ഒരു നിര സീറ്റുകൾ കൂടി ഉൾപ്പെടുത്താനാണ് ആലോചന. ഇതിലൂടെ ഒരേ കോച്ചിൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കുമെന്നാണ് റെയിൽവേയുടെ കണക്കുകൂട്ടൽ.











