10:04pm 05 November 2026
NEWS
കേരളജനതയെ വിഭജിക്കുന്ന വർഗ്ഗീയ വിദ്വേഷങ്ങൾ
26/04/2025  05:09 PM IST
ചെറുകര സണ്ണീലൂക്കോസ്
കേരളജനതയെ വിഭജിക്കുന്ന വർഗ്ഗീയ വിദ്വേഷങ്ങൾ
HIGHLIGHTS

 

അപരമത വിദ്വേഷം നവകേരളത്തിനപമാനം

അസാധാരണമായ ഒരു സ്ഥിതി വിശേഷത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. 1950 കൾക്കുശേഷം കേരളത്തിലെ ജനങ്ങളുടെ മനസ്സുകളിൽ ഇത്രയധികം അപരമതവിദ്വേഷവും, മതാടിസ്ഥാനത്തിൽ ഭിന്നതയും രൂക്ഷമായ ഒരു കാലവും സന്ദർഭവും മുമ്പ് ഉണ്ടായിട്ടില്ല. നാൽപ്പതുകളിലും അൻപതുകളിലും തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിൽ മലയാളം ഭാഷ സംസാരിക്കുന്ന ജനങ്ങൾക്കിടയിൽ ഉണ്ടായ രാഷ്ട്രീയവളർച്ചയാണ് വലിയ രൂപത്തിൽ ഇപ്പോൾ പിന്നോട്ടടിച്ചിരിക്കുന്നത്. കൊടിയവർഗ്ഗീയ വിഷം തുപ്പുന്ന വർഗ്ഗീയക്കോമരങ്ങൾ അഴിഞ്ഞാടുകയാണ് നവകേരളത്തിൽ. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരഗ്നിപർവ്വതത്തിന് മുകളിലാണ് കേരളീയ സമൂഹം ഇന്ന് ജീവിക്കുന്നത്.

നൂറ്റാണ്ടുകളല്ല സഹസ്രാബ്ദങ്ങൾ തന്നെ ജാതിവ്യവസ്ഥയ്ക്ക് കീഴിലെ ജനാധിപത്യ വിരുദ്ധാന്തരീക്ഷത്തിൽ കഴിഞ്ഞ കേരളീയ സമൂഹത്തെ ജനാധിപത്യപരമായും സാമൂഹികവുമായും മുന്നിലേക്ക് കൊണ്ടുവന്ന സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളുടേയും പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും ആധുനിക നേതൃത്വം തന്നെയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയവും വോട്ടുലബ്ധിയും കണക്കിലെടുത്ത് പഴയ പ്രാകൃത നിലപാടുകളിലേക്ക് നാടിനെ തിരിച്ചുകൊണ്ടുവരുന്നത് എന്നതാണ് ഏറ്റവും ദുഃഖകരം.

19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി കേരളത്തിലെ ഏതാണ്ടെല്ലാ സമുദായങ്ങളിലും പല രൂപഭാവങ്ങളിലുള്ള സാമൂഹിക നവോത്ഥാന പ്രക്രിയകൾ അരങ്ങേറുകയുണ്ടായി. കോൺഗ്രസ് പാർട്ടിയിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിലും, സോഷ്യലിസ്റ്റ് പാർട്ടിയിലും അവയുടെ അവാന്തര വിഭാഗങ്ങളിലും എല്ലാ ജാതി മതസ്ഥരും പങ്കാളികളായി. 1939 ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയായി ഔപചാരികമായി രൂപാന്തരപ്പെടുന്നതിന് മുമ്പുതന്നെ കമ്മ്യൂണിസ്റ്റുകാർ തനതായ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞിരുന്നു. ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും വ്യത്യസ്ത രാഷ്ട്രീയകക്ഷികളുടെ ജനാധിപത്യ ചിന്തയും സാമൂഹികാവബോധവും ചുരുങ്ങിയ തോതിലെങ്കിലും സമൂഹത്തെ മുഴുവൻ ഗ്രസിച്ച രാഷട്രീയവൽക്കരണമാണ് കേരളത്തിന്റെ സവിശേഷമായ രാഷ്ട്രീയപ്രബുദ്ധതയുടെ സാമൂഹ്യാടിസ്ഥാനം.

ജാതിമത ചിന്തകൾക്കതീതമായ രാഷ്ട്രീയ പ്രസ്ഥാനമായി കരുതപ്പെട്ട കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും കോൺഗ്രസുകാരും എല്ലാംതന്നെ ആധുനിക കാലത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മേൽക്കൈ നേടാൻ ഏത് ചെകുത്താനേയും കൂട്ടുപിടിക്കാം എന്ന അടവുനയത്തിലേക്ക് ചുരുങ്ങിയതാണ് കേരളീയ നവോത്ഥാന മുന്നേറ്റങ്ങളെ പിന്നിലേക്ക് കൊണ്ടുപോകാനിടയാക്കിയത്. കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ ആശയങ്ങൾക്ക് ഗണ്യമായി കടന്നുചെല്ലാൻ കഴിയാതിരുന്ന, സംഘപരിവാർ ആശയങ്ങൾക്ക് ഒട്ടുമേ കടന്നുചെല്ലാൻ കഴിയാതിരുന്ന സാമൂഹിക വിഭാഗങ്ങളായിരുന്നു മുസ്ലീങ്ങളും ക്രിസ്ത്യാനികളും. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഈ വിഭാഗങ്ങൾ അണിനിരന്നപ്പോഴെല്ലാം നേട്ടമുണ്ടാക്കിയിട്ടുള്ളത് കോൺഗ്രസും ഐക്യമുന്നണിയുമാണ്. ഈ പ്രവണത വിമോചന സമരം മുതൽ ആരംഭിച്ചതാണ്.
ജനങ്ങൾ വോട്ട് ചെയ്യുന്നത് മതവും ജാതിയും അടിസ്ഥാനമാക്കി മാത്രമാണെന്ന മിഥ്യാധാരണ സി.പി.ഐ(എം) അടക്കമുള്ള എല്ലാ കക്ഷികളുടെയും തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ സ്വാധീനിച്ചു. ഇതിനൊരു അപവാദമുണ്ടായത് എല്ലാ മത സാമുദായിക കക്ഷികളെയും ഒഴിവാക്കി എൽ.ഡി.എഫ് മത്സരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ 1987 ൽ മാത്രമാണ്. എന്നാൽ അത്തരമൊരു മതനിരപേക്ഷ രാഷ്ട്രീയപാത പിന്തുടരാൻ സി.പി.എമ്മും പിന്നെ തയ്യാറായില്ല.

ദേശീയ രാഷ്ട്രീയത്തിലെ ബി.ജെ.പിയുടെ വളർച്ചയും, അവർ കേരളത്തിൽ സ്വാധീനം ഉറപ്പിക്കാൻ മതവർഗ്ഗീയ രാഷ്ട്രീയം പ്രയോഗവൽക്കരിക്കുകയും ചെയ്തപ്പോൾ തങ്ങളുടെ ചേരിയിലുള്ള വോട്ടർമാരെ കൂടി ബി.ജെ.പി ആകർഷിക്കുമെന്ന ഭയവും പരിഭ്രാന്തിയും ആകാം മത-ജാതി- വർഗ്ഗീയ സംഘടനകളുമായി കൈകോർത്ത് പോകാൻ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്.
ജനകീയ പ്രതിഷേധ പ്രക്ഷോഭങ്ങളെ തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി സമന്വയിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ സവിശേഷത. എന്നാൽ ജനകീയ പ്രതിഷേധ പ്രക്ഷോഭങ്ങളോടുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഇപ്പോഴത്തെ നിലപാടിനെക്കുറിച്ച് പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ.

കേരളത്തിൽ ബി.ജെ.പി സ്വാധീനം വർദ്ധിപ്പിക്കുന്നതിനനുസരിച്ച് നായർ സമുദായം മുതൽ സവർണ്ണ ഹൈന്ദവ വിഭാഗങ്ങളിലെ വളരെ മതേതരമായി ചിന്തിച്ചവരെ പ്പോലും അവർക്ക് ആകർഷിക്കാനായി. എന്നാൽ സവർണ്ണ ഹിന്ദുക്കൾ മാത്രം പോരാ ഭരണം ലഭിക്കുന്നതിന് എന്നുള്ളതുകൊണ്ടാണ് എസ്.എൻ.ഡി.പി യോഗം നേതൃത്വത്തെ സ്വാധീനിച്ച് ബി.ഡി.ജെ.എസ് എന്ന ഒരു പാർട്ടി തന്നെ 2015 ൽ രൂപീകരിപ്പിച്ചത്.
കേരളത്തിൽ വർഗ്ഗീയത ഏറ്റവും അംഗീകരിച്ച പുതിയ കാലഘട്ടം എന്നുപറയാവുന്നത് 2015 മുതലാണ്. ഈ കാലത്ത് വോട്ടർമാരെ മനുഷ്യർ എന്ന നിലയ്ക്കല്ലാതെ മതാടിസ്ഥാനത്തിൽ മുഖ്യരാഷ്ട്രീയ കക്ഷികൾ വേർതിരിച്ചു കാണുകയാണ്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഭൂരിപക്ഷവും യു.ഡി.എഫിന് വോട്ട് ചെയ്യുന്നവരും, ഹിന്ദു ഭൂരിപക്ഷത്തിൽ കൂടുതൽ പേരും എൽ.ഡി.എഫിന് വോട്ട് ചെയ്തുപോരുന്നവരും എന്നായിരുന്നു അതുവരെ കരുതപ്പെട്ടിരുന്നതെങ്കിൽ, ഹിന്ദു വോട്ടുകൾ ബി.ജെ.പി കാര്യമായി പിടിച്ചുതുടങ്ങിയതോടെ യു.ഡി.എഫുമായുള്ള രാഷ്ട്രീയ ബലാബലത്തിൽ മേൽക്കൈ നേടാൻ യു.ഡി.എഫിന്റെ പരമ്പരാഗത വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തി അടർത്തിയെടുത്തേ പറ്റൂ എന്ന അടവുനയത്തിലേക്ക് സി.പി.എം മാറി.

കേരളത്തിലെ ഹൈന്ദവരിൽ ദലിത് പിന്നോക്ക വിഭാഗങ്ങളിൽ സി.പി.എം ന് ഗണ്യമായ സ്വാധീനം തുടരുന്നതിനാൽ മറ്റ് ഹൈന്ദവ വോട്ടർമാരുടെ വോട്ടുകൾ കൊണ്ടുമാത്രം ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന് ബി.ജെ.പിയും മനസ്സിലാക്കിയിട്ടുണ്ട്. ബി.ജെ.പി പക്ഷേ മുസ്ലീം സമുദായത്തെ ശത്രുപക്ഷത്ത് നിർത്തിയാണ് മറ്റ് വിഭാഗങ്ങളെ ഏകീകരിക്കുന്നത് എന്നതുകൊണ്ട് ക്രിസ്ത്യൻ വിഭാഗത്തെ ഏത് വിധേനയും സ്വാധീനിക്കുവാനുള്ള ശ്രമം ബി.ജെ.പിയും ആരംഭിച്ചു.

കോൺഗ്രസ്സിനും യു.ഡി.എഫിനും ഭരണമുണ്ടായിരുന്ന 2011- 2016 കാലത്ത് പരസ്പരം കലഹിച്ചും, നേതാക്കളെ വീഴ്ത്താനും കസേര പിടിക്കാനും കളികൾ പലതും കളിച്ചപ്പോൾ പരമ്പരാഗത വോട്ട് ബാങ്കുകളിൽ ചോർച്ച സംഭവിക്കുന്നത് അവരൊട്ട് തിരിച്ചറിഞ്ഞതുമില്ല.
ഇങ്ങനെയൊരു രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ജനങ്ങളെ വിഭജിക്കുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം സമീപവർഷങ്ങളിൽ കേരളത്തിൽ രൂക്ഷമായത്. രാഷ്ട്രീയ കക്ഷികൾ മതത്തിൽ ഇടപെടുമ്പോൾ ജനാധിപത്യം അസ്തമിക്കുകയും മൗലികവാദവും സ്വേച്ഛാധിപത്യവും വളരുമെന്ന് ചരിത്രം തെളിയിക്കുന്നു. ജനാധിപത്യം വികസിച്ച എല്ലാ സമൂഹങ്ങളിലും മതം വെറും സ്വകാര്യകാര്യം മാത്രമാണ്.

2014 രാജ്യത്ത് ബി.ജെ.പി ഭരണം വന്നതോടെ ബി.ജെ.പിക്ക് ബാലികേറാമലയെന്ന് കരുതിയ സംസ്ഥാനങ്ങളിൽ ചുവടുറപ്പിക്കുന്നതിന് പാർട്ടി ബഹുമുഖതന്ത്രങ്ങളാവിഷ്ക്കരിച്ചുതുടങ്ങിയതാണ.് അതിലൊരു തന്ത്രമാണ് കേരളത്തിൽ സി.പി.എം ന്റെ പ്രധാന വോട്ട് ബാങ്ക് ആയ ഈഴവ സമുദായത്തിൽ നിന്നു വോട്ടുകൾ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായിരുന്ന വെള്ളാപ്പള്ളിയെ സ്വാധീനിച്ച് മകൻ തുഷാർ വെള്ളാപ്പള്ളിയെ മുന്നിൽ നിർത്തിയുള്ള ബി.ഡി.ജെ.എസ് രൂപീകരണം.

അതോടൊപ്പം തന്നെ ദേശീയതലത്തിൽ മുസ്ലീം സമുദായത്തിനെതിരായി മതവിദ്വേഷം സൃഷ്ടിച്ച് ഇതര സമുദായങ്ങളെ ഏകീകരിക്കുക എന്ന തന്ത്രം കേരളത്തിലും ആരംഭിച്ചു. 2015 നവംബറിൽ മാൻഹോളിൽ കുടുങ്ങിയ രണ്ട് ശുചീകരണ തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിച്ചതിനിടയിൽ ജീവൻ നഷ്ടപ്പെട്ട നൗഷാദിന്റെ കുടുംബത്തിന് സാമ്പത്തിക നഷ്ടപരിഹാരവും ഭാര്യയ്ക്ക് സർക്കാർജോലിയും വാഗ്ദാനം ചെയ്തതിന്റെ പേരിൽ നൗഷാദ് ഒരു മുസ്ലീം ആയതുകൊണ്ട് മാത്രമാണ് സംസ്ഥാന സർക്കാർ സാമ്പത്തിക സഹായവും ഭാര്യയ്ക്ക് ജോലിയും പ്രഖ്യാപിച്ചതെന്ന വിദ്വേഷ പരാമർശം അതിന്റെ ഭാഗമായിരുന്നു. കേരളത്തിൽ മരിക്കുന്നെങ്കിൽ മുസ്ലീമായി മരിക്കണമെന്നും വെള്ളാപ്പള്ളി  പറഞ്ഞിരുന്നു.
എസ്.എൻ.ഡി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ 2015 ഡിസംബറിൽ ഭാരത് ധർമ്മ ജനസേന(ബി.ഡി.ജെ.എസ്) രൂപം കൊള്ളുമ്പോൾ അത് ഏറ്റവും അധികം അസ്വസ്ഥതപ്പെടുത്തിയത് സി.പി.എംനെയാണ്. എസ്.എൻ.ഡി.പി മുൻകൈ എടുത്ത് നടത്തിയ സമത്വമുന്നേറ്റ യാത്ര 2015 ഡിസംബർ 5 ന് തിരുവനന്തപുരം ശംഖുംമുഖം കടപ്പുറത്ത് സമാപിക്കുമ്പോൾ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് പാർട്ടി രൂപീകരണം പ്രഖ്യാപിച്ചത്.

വെള്ളാപ്പള്ളിയുടേത് ആർ.എസ്.എസ് കാർമ്മികത്വത്തിലുള്ള സംഘപരിവാർ മുന്നേറ്റയാത്രയെന്നാണ് 2015 നവംബർ 24 ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞത്. പിണറായി വിജയനാകട്ടെ ബി.ഡി.ജെ.എസ് രൂപീകരണത്തിലും, നൗഷാദിന്റെ സംഭവത്തിലും വെള്ളാപ്പള്ളിയെ വർഗ്ഗീയക്കോമരം എന്നുപറഞ്ഞ് ആഞ്ഞടിക്കുകയും ചെയ്തു. അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്.  അച്യുതാനന്ദൻ വെള്ളാപ്പള്ളി മൈക്രോഫിനാൻസ് ഇടപാടിൽ 15 കോടിയുടെ തട്ടിപ്പ് നടത്തിയെന്നു ഡി.ജി.പിക്ക് പരാതിയും കൊടുത്തു.

2016 ൽ പിണറായി സർക്കാർ അധികാരത്തിലെത്തി മാസങ്ങൾക്കകം മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും തമ്മിൽ ഒത്തുതീർപ്പുകളിലെത്തി. പിന്നീട് വെള്ളാപ്പള്ളി നടേശൻ പിണറായി സർക്കാരിന്റെയും, മകൻ തുഷാർ വെള്ളാപ്പള്ളി മോദി സർക്കാരിന്റെയും ബ്രാൻഡ് അംബാസിഡർമാരായി മാറുന്നതാണ് കേരളം കണ്ടത്. ബി.ഡി.ജെ.എസിന്റെ രൂപീകരണം ഭയപ്പെട്ടപോലുള്ള നഷ്ടം എൽ.ഡി.എഫിന് 2016 ൽ ഉണ്ടാക്കിയില്ല. 2021 ലും നിയമസഭാ ഇലക്ഷനിൽ ഉണ്ടായില്ല.

എന്നാൽ 2019 ലെയും 2024 ലെയും ലോക്സഭാ ഇലക്ഷനുകലിലെ രാഷ്ട്രീയ കാലാവസ്ഥ വ്യത്യസ്തമായിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഹൈന്ദവ ഏകീകരണത്തിലൂടെ ബി.ജെ.പി നേട്ടമുണ്ടാക്കാൻ നടത്തിയ ശ്രമം ഒരു പരിധിവരെ വിജയിച്ചു. അതിന് തടയിടാൻ വെള്ളാപ്പള്ളിയെ മുൻനിർത്തി മുഖ്യമന്ത്രി നടത്തിയ ശ്രമം വിജയിച്ചതുമില്ല. സുപ്രീംകോടതി വിധിയുടെ ബലത്തിൽ സ്ത്രീപ്രവേശനം സാധ്യമാക്കും എന്ന ഉറച്ച നിലപാട് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചപ്പോൾ പുരോഗമന ചിന്താഗതിക്കാരുടെയെല്ലാം പിന്തുണ സർക്കാരിന് ലഭിച്ചു. അതേസമയം ഈശ്വരവിശ്വാസികളായ മഹാഭൂരിപക്ഷം ഹിന്ദുക്കളുടെ പിന്തുണ നഷ്ടപ്പെടുകയും ചെയ്തു. അത് തിരിച്ചറിയാനായത് 2019 ലെ ഇലക്ഷനിലാണെന്ന് മാത്രം.

ലോക്സഭാ ഇലക്ഷനിൽ ഇടതുമുന്നണിക്ക് 20 സീറ്റുകളിൽ 19 ഉം നഷ്ടപ്പെട്ടതിന് സി.പി.എം കണ്ടെത്തിയ കാരണങ്ങൾ ഒന്ന്, ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാർ സ്വീകരിച്ച പുരോഗമനപരമായി നിലപാട് മൂലം ഈശ്വരവിശ്വാസികളുടെ പിന്തുണ നഷ്ടപ്പെട്ടു. രണ്ട് കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ വന്നേക്കുമെന്ന് കരുതിയ മുസ്ലീങ്ങളും ക്രൈസ്തവരും ഒറ്റക്കെട്ടായി യു.ഡി.എഫിന് വോട്ട് ചെയ്തു. ഇതിന് പരിഹാരമായി തങ്ങൾ ഈശ്വരവിശ്വാസികൾക്കെതിരല്ല, ശബരിമലയിൽ ഇനി ഒരവിവേകവും കാണിക്കില്ല എന്ന് വീടുവീടാന്തരം കയറി പാർട്ടി കേഡർമാർ പറയുക, അതുപോലെ മുസ്ലീങ്ങളും ഒരുമിച്ച് യു.ഡി.എഫിന് വോട്ട് ചെയ്യാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുക.
2019 ലോക്സഭാ ഇലക്ഷനുശേഷം ശബരിമലയിൽ അതുവരെ സ്വീകരിച്ച നിലപാടിൽ സർക്കാർ നേരെ തലകുത്തി മറിഞ്ഞു. എവിടെയോ ആരോ തയ്യാറാക്കിയ തിരക്കഥപോലെ 2019 ഒടുവിലും 2020 ആദ്യമായി കേരള ക്രൈസ്തവരിലെ കത്തോലിക്കർക്കിടയിൽ മുസ്ലീം വിരുദ്ധത അതിരൂക്ഷമായി. അതിന് കാരണം കത്തോലിക്ക നേതൃത്വം പറഞ്ഞത് ആനുപാതികമായി ലഭിക്കേണ്ട ന്യൂനപക്ഷ ആനുകൂല്യങ്ങൾ മുഴുവനും മുസ്ലീം സമുദായം തട്ടിയെടുക്കുന്നു, മദ്രസ അധ്യാപകർക്ക് സർക്കാർ വേതനം നൽകുന്നു, മുസ്ലീം കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ ജനിക്കുന്നു, ക്രിസ്ത്യൻ പെൺകുട്ടികളെ ലൗ ജിഹാദ് കെണിയിൽ പെടുത്തുന്നു, ഹലാൽ ഭക്ഷണത്തിന് കൂടുതൽ പ്രചാരം കൊടുക്കുന്നു എന്നൊക്കെയാണ്. നിർഭാഗ്യവശാൽ തൽപ്പര കക്ഷികൾ നിഗൂഢ ലക്ഷ്യങ്ങളോടെ വിത്തുപാകിയ വിദ്വേഷ അജണ്ട വിചിന്തനം കൂടാതെ സഭാമേലധ്യക്ഷന്മാർ പോലും ഏറ്റെടുത്തു എന്നതാണ് സംഭവിച്ചത്.

ദീർഘകാലാടിസ്ഥാനത്തിൽ തങ്ങൾക്കാണ് ക്രൈസ്തവർക്കിടയിലെ മുസ്ലീം വിദ്വേഷത്തിന്റെ ഗുണം ലഭിക്കുക എന്ന വിലയിരുത്തലിൽ ബി.ജെ.പിയും സംഘപരിവാറും വീണുകിട്ടിയ അവസരം മുതലാക്കി വിദ്വേഷപ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും പൊതുവേദികളിലും പരമാവധി പൊലിപ്പിച്ചു. എങ്കിലും 2020 ലെ തദ്ദേശ ഇലക്ഷനിലും 2021 ലെ നിയമസഭാ ഇലക്ഷനിലും ഈ വിഭജനത്തിന്റെ ഗുണഭോക്താക്കളായത് സി.പി.എമ്മും ഇടതുമുന്നണിയുമാണ്.

2024 ലെ ലോക്സഭാ ഇലക്ഷന് മുമ്പായി യു.ഡി.എഫ് നേതൃത്വം കത്തോലിക്കാ സഭയുൾപ്പെടെ ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ തങ്ങളോടുള്ള അകലവും പരാതിയും പരിഹരിക്കുന്നതിൽ ഒരു പരിധിവരെ വിജയിച്ചു. മറുവശത്ത് മുഖ്യമന്ത്രിയും ഇടതുജനാധിപത്യ മുന്നണിയും ആകട്ടെ ഐക്യകേരളത്തിന്റെ ചരിത്രത്തിൽ ഒരു പാർട്ടിയും മുന്നണിയും നടത്തിയിട്ടില്ലാത്തത്ര കാമ്പയിൻ മുസ്ലീം വോട്ടുകൾക്കുവേണ്ടി നടത്തി. മുസ്ലീം പ്രീണനമാണെന്ന ആരോപണം ബി.ജെ.പി ഉയർത്തി എന്നിട്ടും 2024 ലോക്സഭാ ഇലക്ഷനിൽ 2019 ൽ സംഭവിച്ചതിന്റെ തനിയാവർത്തനം ഉണ്ടായി. മുസ്ലീം ക്രൈസ്തവവോട്ടുകൾ ഒരുമിച്ച് കോൺഗ്രസ് യു.ഡി.എഫ് പെട്ടിയിൽ വീണു. മുമ്പൊരിക്കലുമില്ലാത്തതുപോലെ ഇടതുമുന്നണിക്ക് ലഭിച്ചിരുന്ന ഈഴവ വോട്ടുകൾ ബി.ജെ.പിക്ക് പോകുകയും ചെയ്തു. ബി.ഡി.ജെ.എസ് തികച്ചും ദുർബലവും നിഷ്ക്രിയവുമായിരുന്നിട്ടും ഇങ്ങനെ വോട്ട് നഷ്ടപ്പെടാനിടയായത് എസ്.എൻ.ഡി.പി യോഗനേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് സി.പി.എം കേന്ദ്രനേതൃത്വം വിലയിരുത്തിയത്.
അതേത്തുടർന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എസ്.എൻ.ഡി.പി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. മാത്രമല്ല സർക്കാർ അനക്കാതെ വച്ചിരിക്കുന്ന കേസുകൾ വീണ്ടും സജീവമാകുമെന്ന സന്ദേശവും വെള്ളാപ്പള്ളിക്ക് പോയത്രേ. അതോടെ മൂന്നാം പിണറായി സർക്കാരിനെ കൊണ്ടുവന്നിട്ടേ താനിനി വിശ്രമിക്കൂ എന്നുറപ്പിച്ച് വെള്ളാപ്പള്ളി രംഗത്തിറങ്ങി.

ക്രൈസ്തവരും മുസ്ലീങ്ങളും തമ്മിലടിക്കണം എന്നാഗ്രഹിച്ചവർക്ക് ലഭിച്ച പുതിയ വടിയായിരുന്നു മുനമ്പം പ്രശ്നം. എറണാകുളം ജില്ലയിൽ വൈപ്പിൻ ദ്വീപിന്റെ വലത്തേയറ്റത്തുള്ള മുനമ്പം എന്ന പ്രദേശത്തെ 225 ഏക്കർ സ്ഥലം വഖഫ് ഭൂമിയാണെന്ന് കാണിച്ച് വഖഫ് ബോർഡ്  നോട്ടീസ് നൽകിയതാണ് പ്രശ്നമായത്. ലത്തീൻ സമുദായത്തിൽപ്പെട്ടവർ ഭൂരിപക്ഷമുള്ള 600 ഓളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. ഇവിടെ സമരം നടത്തുന്നവരെ ഒപ്പം നിർത്താൻ യു.ഡി.എഫും, എൽ.ഡി.എഫും, ബി.ജെ.പിയും സകല രാഷ്ട്രീയ അടവുകളും പയറ്റി. എന്നാൽ ഇവർക്ക് നോട്ടീസ് കൊടുത്ത കേരള വഖഫ് ബോർഡ് പിണറായ സർക്കാരിനുകീഴിൽ വരുന്ന സ്ഥാപനമാകയാൽ കേരള സർക്കാർ ഈ വിഷയത്തിൽ ഒരു ക്രിസ്ത്യൻ മുസ്ലീം ഭിന്നിപ്പിക്കൽ നീക്കമാണ് നടത്തുന്നതെന്ന് ആരോപണം ഉണ്ടായി.

ഇപ്പോൾ പാർലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച് നിയമമായ 1995 ലെ വഖഫ് ആക്ട് ഭേദഗതി ചെയ്യുന്ന വഖഫ് ബിൽ 2024 ഉം, മുനമ്പത്തെ വിഷയവും രണ്ടും രണ്ടാണെന്ന് വ്യക്തമാണെങ്കിലും വഖഫ് ബിൽ നിയമമായാൽ മുനമ്പത്തെ 600 കുടുംബങ്ങൾക്കും അവരുടെ ഭൂമി സ്വന്തമാകും എന്ന് സമരക്കാരെയും കത്തോലിക്കാ സഭാനേതൃത്വത്തേയും തെറ്റിദ്ധരിപ്പിക്കുന്നതിൽ സ്ഥാപിത താൽപ്പര്യമുള്ളവർ വിജയിച്ചു. 
കേന്ദ്ര ബി.ജെ.പി സർക്കാർ വഖഫ് ഭേദഗതി നിയമം പാസാക്കിയതും രാജ്യത്ത് മുസ്ലീം സമുദായത്തെ ദുർബലപ്പെടുത്താൻ സ്വീകരിച്ചുവരുന്ന സംഘപരിവാർ അജണ്ടകളുടെ ഭാഗമായാണെന്നത് വ്യക്തമാണ്. ഈ നിയമത്തിന് മുൻകാല പ്രാബല്യമില്ലാത്തതുകൊണ്ടുതന്നെ ഇതിലെ വ്യവസ്ഥ മുനമ്പം പ്രശ്നത്തിൽ ബാധകമാക്കാൻ കഴിയുകയുമില്ല.

പല വിഷയങ്ങളിലും കത്തോലിക്കാ സഭയെടുക്കുന്ന നിലപാടുകൾ മുസ്ലീം സമുദായത്തോട് വിദ്വേഷം പ്രകടമാക്കാൻ താൽപ്പര്യപ്പെട്ടുള്ളതും കേന്ദ്രം ബി.ജെ.പി സർക്കാരിനെ പ്രീണിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ഇത്തരം ക്രൈസ്തവ സഭാനേതൃത്വത്തിലുള്ളവർക്ക് അഭിപ്രായം ഉണ്ട്.
കത്തോലിക്ക സഭാബിഷപ്പുമാർ ഉൾപ്പെടുന്ന ഉയർന്ന സമിതികൾ പോലും നിലപാടുകൾ സ്വീകരിക്കുന്നതിലും അഭിപ്രായപ്രകടനം നടത്തുന്നതിലും ഒരു സംഘപരിവാർ സ്പോൺസേർഡ് സംരംഭമായ 'കാസാ'യുടെ(ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ) നിലവാരത്തിലേക്ക് തരംതാഴുന്നതായും പൊതു അഭിപ്രായം ഉയരുന്നുണ്ട്.

മതവിദ്വേഷ പരാമർശങ്ങളും അധിക്ഷേപങ്ങളും നടത്തിയെന്ന കേസിൽ പി.സി. ജോർജ്ജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിൽ പി.സി. ജോർജ്ജിന് രാഷ്ട്രീയക്കാരനായി തുടരാൻ അർഹതയില്ലെന്ന് ഹൈക്കോടതി പറഞ്ഞത് 2025 ഫെബ്രുവരി 21 നാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവിനെതിരെ ഇങ്ങനെയൊരു കോടതി പരാമർശം ആദ്യമായിട്ടായിരുന്നു.
ഇതിനുശേഷം മാർച്ച് 10 ന് പാലായിൽ കെ.സി.ബി.സിയുടെ കീഴിലുള്ള മദ്യവിരുദ്ധ സംഘടന നടത്തിയ ലഹരി വിരുദ്ധ പരിപാടിയിൽ പി.സി. ജോർജ്ജിനെ മുഖ്യപ്രാസംഗികനായി ക്ഷണിച്ചു. ഈ പരിപാടിയിൽ അദ്ദേഹം പറഞ്ഞത് മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടുവെന്നും ഇവരിൽ 41 പേരെ മാത്രമാണ് തിരികെ കിട്ടിയതെന്നുമാണ്. ക്രിസ്ത്യാനികൾ 24 വയസ്സിന് മുമ്പ് പെൺകുട്ടികളെ കല്യാണം കഴിപ്പിക്കണമെന്നദ്ദേഹം അപേക്ഷിക്കുകയുമുണ്ടായി. അതീവഗുരുതരമായ ഒരു ആരോപണം ആയിട്ടും പി.സി. ജോർജ്ജ് പറഞ്ഞതായതുകൊണ്ട് പൊതു സമൂഹവും അന്വേഷണ സംവിധാനങ്ങളും ഒരു ഉണ്ടയില്ലാവെടി എന്ന അവജ്ഞയോടെ തള്ളിക്കളയുകയായിരുന്നു. എന്നാൽ പി.സി. ജോർജ്ജ് പറഞ്ഞ കാര്യങ്ങളിൽ അടിസ്ഥാനമുണ്ട്. ഉന്നതതല അന്വേഷണം  നടത്തണമെന്നാവശ്യപ്പെട്ട് സീറോ മലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ(ബിഷപ്പുമാരുടെ സമിതിയാണ്) പരസ്യപ്രസ്താവനയിറക്കിയപ്പോൾ ഈ സീറോ മലബാർ സഭാ ഹയരാർക്കിക്ക് ഇത് എന്ത് സംഭവിച്ചു എന്ന് സഭയെ സ്നേഹിക്കുന്നവർപോലും അമ്പരന്നുപോയി.

2024 ലോക്സഭാ ഇലക്ഷൻ ഫലം വന്നതു മുതൽ മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും പ്രത്യക്ഷമായും പരോക്ഷമായും മുസ്ലീം വിദ്വേഷം പല രൂപത്തിൽ പ്രകടിപ്പിക്കുന്നുണ്ട്. ജമാ അത്ത് ഇസ്ലാമിയിലും എസ്.ഡി.പി.ഐയിലും കേരളത്തിലെ മുസ്ലീങ്ങളുടെ എത്ര ശതമാനം പേരുണ്ടെന്നത് മുഖ്യമന്ത്രി പിണറായി വിജയനറിയാത്തതല്ല. എന്നാൽ ഈ സംഘടനകൾ മിതരാഷ്ട്രീയവാദികളും തീവ്രവാദികളുമാണ്. ഇവരുടെ പിന്തുണയിലാണ് മുസ്ലീം ലീഗും യു.ഡി.എഫും മുന്നോട്ടുപോകുന്നത് എന്ന്  സ്ഥാപിച്ചെടുക്കുന്നത്. ഭൂരിപക്ഷപിന്തുണ നേടാനുമുള്ള രാഷ്ട്രീയ കൗശലം ആണത്. കരിപ്പൂർ വഴിയുള്ള സ്വർണ്ണക്കടത്തിന് മലപ്പുറം ജില്ലക്കെതിരായി ഹിന്ദു ഇംഗ്ലീഷ് പത്രത്തിലടക്കം നൽകിയ പരാമർശങ്ങളിലൂടെ ഈ രാഷ്ട്രീയ തന്ത്രം മറനീക്കി പുറത്തുവരികയുണ്ടായി.

മലപ്പുറം ജില്ലക്കെതിരായി പരാമർശം നടത്തിയാൽ അത് മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പിക്കും ഇഷ്ടപ്പെടുമെന്നുള്ളതുകൊണ്ടാവണം ഒരു സമുദായത്തിന്റെ പരമോന്നത പദവിയിലിരിക്കുന്ന വെള്ളാപ്പള്ളി നടേശൻ നിലമ്പൂരിനടുത്ത് ചുങ്കത്തറയിൽ നടന്ന എസ്.എൻ.ഡി.പി യോഗം കൺവെൻഷനിൽ അങ്ങേയറ്റം വിദ്വേഷ തീപടർത്തുന്ന വർഗ്ഗീയ വിഷം വമിക്കുന്ന പ്രസ്താവന നടത്തിയത്.
'നിങ്ങളുടെ പരിമിതികളും പ്രയാസങ്ങളും എനിക്കറിയാം. നിങ്ങൾ പ്രത്യേക രാജ്യത്തിനിടയിൽ മറ്റൊരു തരം ആളുകളുടെ ഇടയിൽ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്നുജീവിക്കുന്നവരാണ്. മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് എനിക്കറിയാം. സ്വതന്ത്രമായ വായുപോലും നിങ്ങൾക്ക് ഇവിടെ ലഭിക്കുന്നില്ല. സ്വാതന്ത്ര്യം നേടിയതിന്റെ ഒരംശം പോലും മലപ്പുറത്ത് പിന്നോക്കജനവിഭാഗങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ?'

2018 ഡിസംബർ ഒന്ന് മുതൽ കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ പിണറായി സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്ന സംരക്ഷണസമിതിയുടെ അധ്യക്ഷനാണിങ്ങനെയൊക്കെ പറയുന്നത് എന്നതിൽ കേരളം മുഴുവൻ ലജ്ജിച്ചു തലതാഴ്ത്തേണ്ടിയിരിക്കുന്നു.
കേന്ദ്രം പാസാക്കിയ വഖഫ് ഭേദഗതി ബില്ലിനെ എതിർക്കരുതെന്നും ബില്ലിനനുകൂല നിലപാട് സ്വീകരിക്കണമെന്നും കേരള കാത്തലിക് ബിഷപ്സ് കൗൺസിലും(കെ.സി.ബി.സി) കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയും കോൺഗ്രസ് എം.പിമാരോടും ഇടതുപക്ഷത്തെ എം.പിമാരോടും ആവശ്യപ്പെട്ടപ്പോൾ പറഞ്ഞത് മുൻ കേന്ദ്ര വഖഫ് നിയമത്തിലെ വ്യവസ്ഥകൾ രാജ്യത്തിന്റെ ഭരണഘടനയോടും മതനിരപേക്ഷതാ മൂല്യങ്ങളുമായി ഒത്തുപോകുന്നില്ല എന്നാണ്. ഇതുതന്നെയാണ് ആർ.എസ്.എസും സംഘപരിവാർ പ്രസ്ഥാനങ്ങളും നിയമം പാസാക്കുന്നതിന് കാരണമായമ പറഞ്ഞത്. കത്തോലിക്ക സഭാ നേതൃത്വത്തെ കേന്ദ്ര സർക്കാർ ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടോ സഭ ഇ.ഡി പോലെയുള്ള അന്വേഷണ ഏജൻസികളെ ഭയപ്പെടുന്നുണ്ടോ എന്നൊക്കെയുള്ള സംശയങ്ങൾ നിലനിൽക്കെയാണ് പാർലമെന്റിൽ വഖഫ്  നിയമം പാസായ ഉടനെ രാജ്യത്ത് വഖഫ് ബോർഡിനെക്കാൾ സ്വത്തുള്ളത് കത്തോലിക്കാസഭയ്ക്കാണെന്ന് കുറ്റപ്പെടുത്തി ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിന്റെ വെബ്സൈറ്റിൽ ലേഖനം വന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം സർക്കാർ കഴിഞ്ഞാൽ കൂടുതൽ ഭൂസ്വത്ത് കത്തോലിക്ക സഭയുടെ കൈവശമാണെന്ന് ലേഖനം ആരോപിച്ചു. 17.29 കോടി ഏക്കർ സ്ഥലമാണ് രാജ്യത്താകെ കത്തോലിക്ക സഭയ്ക്ക് ഉള്ളത്. ഇതിനെല്ലാം കൂടി ഏകദേശം 20,000 കോടിക്ക് മുകളിൽ വിലമതിപ്പുണ്ട്. ഇതിൽ കൂടുതലും സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷുകാർ സഭയ്ക്ക് നൽകിയതാണ്. ബ്രിട്ടീഷ് സർക്കാർ പാട്ടത്തിന് നൽകിയ സ്ഥലങ്ങൾ സഭയുടെ സ്വത്തായി പരിഗണിക്കില്ലെന്ന് 1965 ൽ കേന്ദ്രം സർക്കുലർ ഇറക്കിയിരുന്നെങ്കിലും അത് തിരിച്ചുപിടിക്കാൻ സാധിച്ചിട്ടില്ലെന്നും ശശാങ്ക്കുമാർ ദ്വിവേദി എഴുതിയ ലേഖനത്തിൽ പറയുന്നു. കേരളത്തിൽ സഭയുടെ പിന്തുണ ഉറപ്പാക്കി വരുന്ന സാഹചര്യത്തിൽ ഈ ലേഖനം ഇപ്പോൾ വേണ്ടിയിരുന്നില്ല എന്ന് കേരള ബി.ജെ.പി നേതാക്കൾ പരാതി പറഞ്ഞതിന്റെടയടിസ്ഥാനത്തിൽ ലേഖനം പിന്നീട് പിൻവലിച്ചെങ്കിലും അടുത്തതായി ലക്ഷ്യമിടുന്നത് ആരെയാണ്, എന്തിനാണ് ഉന്നം എന്ന് വ്യക്തമായി. സി.ബി.ഐയ്ക്ക് ഈ വിവാദങ്ങൾ വലിയ ക്ഷീണമുണ്ടാക്കുകയും ചെയ്തു.

വഖഫ് ബിൽ പിന്തുണ: കേരള കത്തോലിക്ക മെത്രാൻ സമിതിയുടേത് സാമൂഹിക അവിവേകവും രാഷ്ട്രീയ നിരക്ഷതയും എന്നുപറഞ്ഞുകൊണ്ട് ഒരു കത്തോലിക്ക സഭാ വൈദികൻ ഫാ. അജി പുതിയപറമ്പിൽ ഏപ്രിൽ 5 ന് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് വളരെ പ്രസക്തമാണ്. വഖഫ് ബില്ലിന്റെ സ്ഥാനത്ത് ചർച്ച് ബിൽ ആയിരുന്നു എന്നുകരുതുക. മെത്രാൻ സമിതി ചെയ്തതുപോലെ ഇവിടുത്തെ മുസ്ലീം നേതൃത്വം പെരുമാറിയാൽ ക്രിസ്ത്യൻ സമൂഹത്തിന് എന്താണ് തോന്നുക, എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ എന്ന് ചോദിച്ചുകൊണ്ട് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള സാമുദായിക ധ്രൂവീകരണ ഫോർമുലയുമായി കെ.സി.ബി.സി മുന്നോട്ടുവന്നതെന്തുകൊണ്ടെന്നറിയാൻ ഓരോ കത്തോലിക്ക വിശ്വാസിക്കും താൽപ്പര്യമുണ്ടെന്ന് ഒരു സഭാ വൈദികൻ തന്നെ പറഞ്ഞത് കേരളത്തിൽ അപരമതവിദ്വേഷം എത്ര ശക്തമാണെന്ന് വ്യക്തമാക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img