08:58pm 06 November 2026
NEWS
കോൺഗ്രസിൽ നേതൃമാറ്റം ഉണ്ടാക്കിയ മാറ്റം
05/06/2025  09:02 PM IST
ചെറുകര സണ്ണീലൂക്കോസ്
കോൺഗ്രസിൽ നേതൃമാറ്റം ഉണ്ടാക്കിയ മാറ്റം
HIGHLIGHTS

ഗ്രൂപ്പുനേതാക്കളുടെ ശുപാർശയില്ലാതെ സ്വയം ഉയർന്ന പുതിയ നേതൃനിര

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയ മേയ് 26 ന് കൊച്ചിയിൽ ചേർന്ന കോൺഗ്രസ് നേതൃയോഗമാണ് നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിക്കണമെന്ന് എ.ഐ.സി.സി നേതൃത്വത്തോട് ശുപാർശ ചെയ്യുന്ന തീരുമാനമെടുത്തത്. തലേന്ന് പി.വി. അൻവർ ഉയർത്തിയ ഭീഷണി ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയാൽ താൻ പിന്തുണയ്ക്കില്ലെന്നും അങ്ങനെ ഉണ്ടായാൽ താൻ തന്നെ വേണ്ടിവന്നാൽ മത്സരിക്കുമെന്നും ആയിരുന്നു. ആ ഭീഷണിക്ക് ഒരു ബ്ലാക്ക് മെയിലിംഗ് സ്വഭാവം ഉണ്ടായിരുന്നു.
കോൺഗ്രസിൽ മുമ്പായിരുന്നെങ്കിൽ അൻവർ ആവശ്യപ്പെട്ടതുപോലെ ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയുടെ പേരേ കേരള നേതാക്കൾ ശുപാർശ ചെയ്യുമായിരുന്നുള്ളൂ. അതാണ് പ്രായോഗിക രാഷ്ട്രീയം എന്നും വിശദീകരിച്ചേനെ. എട്ടുതവണ ആര്യാടൻ മുഹമ്മദ് പ്രതിനിധീകരിച്ച നിലമ്പൂരിൽ മകൻ ഷൗക്കത്ത് വിജയിച്ചാൽ പിന്നെ സീറ്റ് തിരികെയെടുക്കാൻ കഴിയില്ലെന്ന ചിന്തയും, ആര്യാടൻ ഷൗക്കത്തിന്റെ കുടുംബവുമായി അൻവറുടെ കുടുംബത്തിനുള്ള പരമ്പരാഗത ശത്രുതയുമാണ് അൻവറുടെ എതിർപ്പിന്റെ യഥാർത്ഥ കാരണമെങ്കിലും, അന്നവർ യു.ഡി.എഫ് നേതാക്കളോട് സ്വകാര്യമായി പറഞ്ഞത്, ആര്യാടൻ ഷൗക്കത്ത് മതേതര വാദിയാണ്, ഇടതുവീക്ഷണം ഉള്ളയാളാണ്, പുരോഗമനവാദിയാണ് അതുകൊണ്ട് മതമൗലിക ചിന്തയുള്ള മുസ്ലീം സംഘടനകളുടെ വോട്ടുലഭിക്കില്ല എന്നായിരുന്നു.

യഥാർത്ഥത്തിൽ ആര്യാടൻ ഷൗക്കത്തിന്റെയും വി.എസ്. ജോയിയുടെയും പേര് തുല്യപരിഗണനയിലുണ്ടായിരുന്നു. അൻവറുടെ പരസ്യഭീഷണിയുണ്ടായതുകൊണ്ടുതന്നെയാണ് എന്തുനഷ്ടം സംഭവിച്ചാലും ഷൗക്കത്ത് എന്ന പേര് മതിയെന്ന് സംസ്ഥാനകോൺഗ്രസ് നേതൃത്വം ഉറപ്പിച്ചത് എന്നാണറിയുന്നത്. കോൺഗ്രസിലെ നേതൃമാറ്റം, തലമുറമാറ്റം ഉണ്ടാക്കിയ മാറ്റമാണിത്.

ആർജ്ജവത്തോടെ ധീരതയോടെ തീരുമാനങ്ങളെടുക്കാൻ കഴിയുന്ന ഏതെങ്കിലും ഗ്രൂപ്പ് നേതാക്കളുടെ ശുപാർശയില്ലാതെ സ്വയം ഉയർന്നുവന്ന പുതിയ നേതൃനിര സംസ്ഥാന കോൺഗ്രസിലുണ്ടായിരിക്കുന്നു. ഒരു തലമുറമാറ്റം എന്നുപറയുന്നതിനേക്കാൾ സ്വാഭാവികമായി സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റമാണിത്. 

അത് മനസ്സിലാക്കാനും മാറ്റത്തെ ഉൾക്കൊള്ളാനും വൈകിയതുകൊണ്ടാവണം സ്ഥാനനഷ്ടം ഉണ്ടായപ്പോൾ മാറ്റമുണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ചിലരുടെ കുത്തിത്തിരുപ്പുകൾക്ക് വശംവദനായി കെ. സുധാകരൻ ചില അപസ്വരങ്ങൾ ഉയർത്തിയത്. ദീപാദാസ് മുൻഷി തന്നിഷ്ടം പോലെ നേതൃമാറ്റം വേണം എന്നെഴുതിക്കൊടുക്കുകയായിരുന്നില്ല. അല്ലെങ്കിൽ കെ.സി. വേണുഗോപാൽ പറഞ്ഞതുപോലെ എഴുതിക്കൊടുക്കുകയായിരുന്നില്ല. അവർ കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ നേതാക്കളോടും അഭിപ്രായം ആരാഞ്ഞശേഷമാണ് മാറ്റം അനിവാര്യമാണ് എന്ന് റിപ്പോർട്ട് നൽകിയത്.

സുധാകരന്റെ നേരിട്ടുള്ള പങ്കാളിത്തം എന്തുതന്നെയായാലും സുധാകരൻ പ്രസിഡന്റായശേഷം സംഘടനയ്ക്കുണ്ടായ ഉണർവ്വ് കൂടി പരിഗണിച്ചാണ് അദ്ദേഹത്തെ വർക്കിംഗ് കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവാക്കിയതെന്ന് നേതൃത്വം പറയുന്നുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രനെയും വി.എം. സുധീരനെയും പി.സി.സി അദ്ധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റുമ്പോൾ പോലും വർക്കിംഗ് കമ്മിറ്റിയെന്നല്ല പകരം ഒരു പദവിയും നൽകുകയുണ്ടായില്ല.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുനഖാർഗെയും പാർട്ടി ലീഡർ രാഹുൽഗാന്ധിയും നേരിട്ട് സംസാരിച്ച് ഊഷ്മളമായ അന്തരീക്ഷത്തിൽ മാറ്റത്തിനവസരമൊരുക്കിയിട്ടും തന്നെ മാറ്റാനാർക്കും കഴിയില്ലെന്ന വെല്ലുവിളി ഉയർത്തിയപ്പോൾ കോൺഗ്രസിൽ പഴയ ഗ്രൂപ്പ് കാലത്തെപ്പോലെ വലിയ ഒരു പെട്ടിത്തെറിയും കലാപവും നടക്കാൻ പോകുകയാണെന്ന് പലരും കരുതി. എന്നാൽ അതിനൊന്നും ഇടയാക്കാതെ പാർട്ടി പ്രവർത്തകർക്കും അണികൾക്കും സ്വീകാര്യമാംവിധം പാർട്ടി താൽപ്പര്യം മുൻനിർത്തി ഹൈക്കമാൻഡ് നടപ്പിൽ വരുത്തിയെന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഗുണകരമാണെന്നതിൽ സംശയമില്ല.

എന്നാൽ അത് യു.ഡി.എഫ് രാഷ്ട്രീയത്തിന് എത്രത്തോളം ഗുണകരമാകും എന്നറിയാനുള്ള ആദ്യ അവസരമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്.
പരമ്പരാഗത സമ്മർദ്ദഗ്രൂപ്പുകൾക്ക് വഴങ്ങി നിർണ്ണായക തീരുമാനങ്ങളെടുക്കുക, അല്ലെങ്കിൽ ഹൈക്കമാൻഡിന്റെ ഏകപക്ഷീയമായ തീരുമാനം അടിച്ചേൽപ്പിക്കുക എന്നതായിരുന്നു മുമ്പ് കോൺഗ്രസിലെ നടപ്പുരീതി. അതിനാണ് ഇപ്പോൾ മാറ്റമുണ്ടായിരിക്കുന്നത്. ഗ്രൂപ്പുകൾ സംഘടനയുടെ സ്ഥാനമാനങ്ങൾ വീതം വെച്ചെടുത്തിരുന്നതിന്റെ പ്രധാനദൂഷ്യം പഴയ നേതാക്കൾ തന്നെ ചുമതലകളിൽ മാറി മാറി പരീക്ഷിക്കപ്പെട്ടു എന്നതായിരുന്നു.

ഗ്രൂപ്പുകളുടെ പ്രസക്തി നഷ്ടപ്പെട്ടപ്പോൾ സംഭവിച്ചത് യുവതലമുറ പാർട്ടിയുടെ തീരുമാനത്തെ സ്വാധീനിക്കുന്ന വിധത്തിൽ നേതൃതലത്തിലേക്ക് എത്തിയെന്നതാണ്. പി.സി. വിഷ്ണുനാഥും ഷാഫി പറമ്പിലുമൊക്കെ അവരുടെ പ്രതിനിധികളാണ്.

കേരളത്തിൽ കോൺഗ്രസിന്റെ സംഘടനാദൗർബല്യങ്ങൾ തീർത്ത് പാർട്ടിയെ ഊർജ്ജസ്വലമാക്കുക എന്നതിനാണ് 2021 ൽ കെ. സുധാകരനെ പി.സി.സി അധ്യക്ഷനാക്കിയുള്ള നേതൃമാറ്റം ഉണ്ടായത്. കൊടിക്കുന്നിൽ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ധിഖ് എന്നിവരെ വർക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചു. നാല് വൈസ് പ്രസിഡന്റുമാരും ഈ ജനറൽ സെക്രട്ടറിമാരും ഈ ടീമിന്റെ ഭാഗമായി. സംഘടനാപരമായി കോൺഗ്രസ് പാർട്ടിയുടെ മന്ദത മാറാൻ പോകുന്നു എന്ന പ്രതീക്ഷ എല്ലാവരിലുമുണ്ടായി.

ആദ്യത്തെ നാലഞ്ചുമാസം പാർട്ടിയുടെ സംഘടനാപരമായ അലകും പിടിയും മാറ്റുന്ന ചില പുനരുജ്ജീവന പദ്ധതികൾക്ക് തുടക്കം കുറിച്ചു. കോൺഗ്രസ് പാർട്ടിയെ സെമികേഡർ പാർട്ടിയാക്കുമെന്ന പ്രഖ്യാപനം ഉണ്ടായി. എന്നാൽ ആ കർമ്മപരിപാടികൾക്കെല്ലാം പിന്നിൽ അതുല്യ സംഘാടകനായ പി.ടി. തോമസ് ആയിരുന്നു. പി.ടി. തോമസിന്റെ മരണത്തോടെ പാർട്ടിയെ സംഘടനാപരമായ അലംഭാവം വീണ്ടും ബാധിച്ചു.
വർക്കിംഗ് പ്രസിഡന്റുമാർ സജീവമായിരുന്നെങ്കിലും വൈസ് പ്രസിഡന്റുമാരിൽ വിപിൻ സജീന്ദ്രനും വി.ടി. ബലറാമും 23 ജനറൽ സെക്രട്ടറിമാരിൽ പി.എം. നിയാസ്, അബ്ദുൾ മുത്തലിബ്, കെ.പി. ശ്രീകുമാർ, പഴകുളം മധു, എം.എം. നസീർ തുടങ്ങി അഞ്ചോ ആറോ പേരുകൾ മാത്രമാണ് തങ്ങളുടെ സ്ഥാനത്തോട് നീതി പുലർത്തിയത്. 23 ജനറൽ സെക്രട്ടറിമാരിൽ 13 പേരെങ്കിലും ചില വേദികളിൽ മുഖം കാണിച്ചതല്ലാതെ സംഘടനയ്ക്കുവേണ്ടി ഒരു പ്രവർത്തനവും നടത്തിയില്ലെന്നതാണ് യാഥാർത്ഥ്യം.

2024 ഓഗസ്റ്റിൽ എം. ലിജുവിനെ സംഘടനാകാര്യങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാക്കിയശേഷമാണ് സംഘടനാരംഗത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി വീണ്ടും കൂടുതൽ കർമ്മനിരതമാകുന്നത്. കോൺഗ്രസ് പാർട്ടിയിൽ ഒരു കാലത്തും നടന്നിട്ടില്ലാത്തതുപോലെ, ആസന്നമായി കൊണ്ടിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പും ഈ വർഷം നടക്കേണ്ടുന്ന തദ്ദേശ ഇലക്ഷനും മുന്നിൽക്കണ്ടുള്ള നിശബ്ദമായ മുന്നൊരുക്കങ്ങൾ നടന്നുവരുന്നുണ്ട്.

പാർട്ടിയുടെ നിയോജകമണ്ഡലം, ബ്ലോക്കു മണ്ഡലം, വാർഡുതലങ്ങളിൽ സംഘടനാ പ്രവർത്തനങ്ങൾക്ക് കൃത്യവും വ്യക്തവുമായ മാർഗ്ഗനിർദ്ദേശങ്ങൾ കെ.പി.സി.സി സംഘടനാജനറൽ സെക്രട്ടറി നിരന്തരം നൽകുകയും പ്രവർത്തനപുരോഗതി വിലയിരുത്തുന്നുമുണ്ട്.
സംഘടനാപ്രവർത്തനത്തിന്റെ ഭാഗമായി പഠനവും പരിശീലനവും കോൺഗ്രസുകാർക്ക് മുമ്പ് പരിചയമില്ലെങ്കിലും കെ.പി.സി.സി തലത്തിൽ മാസ്റ്റർ ട്രെയിനേഴ്‌സ് ശിൽപ്പശാല മുതൽ ബൂത്ത് ലെവൽ ഏജന്റുമാർക്കുള്ള ട്രെയിനിംഗ് വരെ വാർത്താമാധ്യമങ്ങളിൽ പടമോ വാർത്തയോ നൽകാതെ കഴിഞ്ഞ ഒരു വർഷമായി നടക്കുന്നുവെന്നത് കോൺഗ്രസുകാരെ സംബന്ധിച്ച് പുതുമയാണ്. സംസ്ഥാനത്തെ മുഴുവൻ വാർഡുകളിലും നടത്തുവാൻ തീരുമാനിച്ചിട്ടുള്ള മഹാത്മാഗാന്ധി കുടുംബസംഗമം 60 ശതമാനത്തോളം ഇതിനോടകം നടന്നു എന്നുപറയുമ്പോൾ അത് താഴെത്തട്ടിൽ കോൺഗ്രസ് പാർട്ടിയുടെ സംഘടനാപ്രവർത്തനം സജീവമാക്കിയിട്ടുണ്ടാകും എന്നതിന് സംശയമില്ല.

അങ്ങനെ സംഘടനാരംഗത്ത് എം.ലിജുവിനെയും വി.പി. സജീന്ദ്രനെയും വി.ടി. ബലറാമിനെയും നിയാസിനെയും പോലെയുള്ള പുതുതലമുറക്കാരും പാർലമെന്ററീരംഗത്തു തിളങ്ങുന്ന മാത്യു കുഴൽനാടനെയും രാഹുൽ മാങ്കൂട്ടത്തേയും റോജി എം. ജോണിനെയും വിഷ്ണുനാഥിനെയും ഷാഫി പറമ്പിലിനെയും പോലുള്ള പുതുതലമുറക്കാരും മാധ്യമങ്ങളിൽ പാർട്ടി നിലപാട് സമർത്ഥമായി അവതരിപ്പിക്കുന്ന ജ്യോതികുമാർ ചാമക്കാല, അബിൻവർക്കി, അനിൽബോസ്, ഡോ. ജിന്റോജോൺ, വീണ എസ്. നായർ തുടങ്ങിയ പുതുതലമുറക്കാരും പുതിയ കോൺഗ്രസ് സംസ്‌ക്കാരത്തിന്റെ വക്താക്കളാണ്. സമീപവർഷങ്ങളിൽ കോൺഗ്രസിനെ കേരളീയ സമൂഹത്തിന്റെ മുമ്പിൽ നന്നായി അവതരിപ്പിക്കാൻ അവർക്ക് കഴിയുന്നുണ്ട്. അതിനവർക്കവസരം ലഭിക്കുന്നത് പാർലമെന്ററി പാർട്ടി നേതൃത്വത്തിന്റേയും പാർട്ടി നേതൃത്വത്തിന്റെയും ഗ്രൂപ്പ് ചിന്തയില്ലാത്ത തുറന്ന മനോഭാവം കൊണ്ടാണ്.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പഴയ കേരളമല്ല പുതിയ കേരളം. ശക്തമായ ത്രികോണമത്സരം നടക്കുമ്പോൾ കേന്ദ്രത്തിലായാലും കേരളത്തിലായാലും ഒരു ദശാബ്ദമായി അധികാരത്തിന് പുറത്തുനിൽക്കുന്ന കോൺഗ്രസ് നയിക്കുന്ന മുന്നണിക്ക് ഒരുപാട് പരിമിതികളുണ്ട്. അധികാരത്തിലേക്ക് തിരിച്ചുവരവ് അത്ര അനായാസമല്ലെന്ന് സാരം. പരിമിതികളെ മറികടന്നു തിരിച്ചുവരാൻ കഴിയുമെങ്കിൽ അത് പുതിയ തലമുറയിലൂടെയായിരിക്കും.

പുതുതലമുറ എന്നുപറയുമ്പോൾ അവരൊന്നും അത്ര ചെറുപ്പമല്ല. അതവരുടെ കുറ്റമല്ല. പുതിയ തലമുറ വന്നുകഴിഞ്ഞാൽ തങ്ങൾക്ക് പ്രസക്തി നഷ്ടപ്പെട്ടുപോവുമോ എന്നുഭയക്കുന്ന മുതിർന്ന നേതാക്കൾ ഇനിയെങ്കിലും കാലത്തിന്റെ ചുവരെഴുത്തു മനസ്സിലാക്കിയില്ലെങ്കിൽ കോൺഗ്രസ് രക്ഷപ്പെടില്ല. തങ്ങളൊക്കെ ഏത് പ്രായത്തിൽ പാർലമെന്ററി പദവികളിലെത്തിയതാണെന്ന് മുതിർന്നവർ ഇപ്പോൾ ഓർക്കാൻ ശ്രമിക്കാറേയില്ല.
1969 ൽ ആർ. ശങ്കർക്ക് 60 ഉം ടി.ഒ ബാവയ്ക്ക് 50 ഉം കെ.കെ. വിശ്വനാഥനും വരദരാജൻ നായർക്കും 55 ഉം ആയിരുന്നു പ്രായം. 70 ലെത്തിയത് കെ.സി. എബ്രഹാം മാത്രമായിരുന്നു. ആ കാലത്ത് കടൽക്കിഴവൻമാർ മാറിനിൽക്കണമെന്ന് പറഞ്ഞാണ് 70 ലെ തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥി യുവജന നേതാക്കൾ സീറ്റ് മേടിച്ചെടുക്കുന്നത്. 

എ.കെ. ആന്റണി 32-ാം വയസ്സിൽ പി.സി.സി അധ്യക്ഷനും 36-ാം വയസ്സിൽ മുഖ്യമന്ത്രിയുമായി. ഉമ്മൻചാണ്ടി എം.എൽ.എ ആയത് 27 ലാണ്. വയലാർ രവി 34-ാം വയസ്സിൽ എം.പിയും 35 ൽ പ്രവർത്തക സമിതിയംഗവുമായി. സുധീരൻ എം.പിയാകുന്നത് 29-ാം വയസ്സിലാണ്. 37 ആയപ്പോൾ സ്പീക്കറുമായി. രമേശ് ചെന്നിത്തല 26-ാം വയസ്സിൽ എം.എൽ.എയും 28 ൽ മന്ത്രിയുമായി. ബിസിനസ് രംഗത്തുനിന്നും വന്ന് ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുമ്പോൾ കെ. മുരളീധരന് 32 വയസ്സേയുള്ളൂ. 44-ാം വയസ്സിൽ കെ.പി.സി.സി പ്രസിഡന്റിന്റെ കസരേയും ലഭിച്ചു. മുരളിക്കിപ്പോൾ 68 ഉം ശശിതരൂരിന് 68 ഉം ഉണ്ടെന്നുപറയുമ്പോൾ മറ്റുപല മുതിർന്ന നേതാക്കളുടെയും പ്രായം ഊഹിക്കാമല്ലോ. 72 ലെത്തിയ സണ്ണിജോസഫിനെ പി.സി.സി അധ്യക്ഷനാക്കിയത് പ്രായത്തെക്കാൾ ഒരു മാറ്റം ഉണ്ടാകണം എന്ന കരുതിയായിരിക്കണം. മാറ്റത്തിന് തടയിടാൻ പരിചയസമ്പന്നർ കുത്തിത്തിരിപ്പ് ഉണ്ടാക്കിയാൽ കേരളത്തിൽ കോൺഗ്രസിന് പിന്നെ തലപൊക്കാനാവില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img