09:47pm 06 November 2026
NEWS
സ്വപ്നലോകത്തെ മുഖ്യന്മാർ: കോൺഗ്രസിലെ 'കസേരകളി'യും ജാതകം തിരുത്തൽ വിദ്യയും
28/03/2026  09:13 AM IST
സുരേഷ് വണ്ടന്നൂർ
സ്വപ്നലോകത്തെ മുഖ്യന്മാർ: കോൺഗ്രസിലെ കസേരകളിയും ജാതകം തിരുത്തൽ വിദ്യയും

​ജനിക്കാത്ത കുഞ്ഞിന്റെ ജാതകം എഴുതിക്കാൻ പരക്കം പായുന്ന പിതാവിന്റെ അവസ്ഥയിലാണ് നിലവിൽ കോൺഗ്രസിലെ പല പ്രമുഖ നേതാക്കളും. തിരഞ്ഞെടുപ്പ് നടന്നിട്ടില്ല, ആർക്കാണ് ഭൂരിപക്ഷമെന്ന് ഒരു എട്ടുനിലയിൽ പൊട്ടിയ പ്രവചനം പോലും വന്നിട്ടില്ല, പക്ഷേ മുഖ്യമന്ത്രിയുടെ കസേരയിൽ ആര് അമർന്നിരിക്കും എന്നതിനെച്ചൊല്ലി ഗ്രൂപ്പുകളിൽ പോര് മുറുകുകയാണ്. 2026 ഏപ്രിലിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് കലണ്ടറിൽ നോക്കി ഉറപ്പിച്ച അന്നുതൊട്ട്, കോൺഗ്രസ് വേദികളിൽ ചർച്ച വികസനമല്ല, മറിച്ച് സത്യപ്രതിജ്ഞാ ചടങ്ങിലെ മുൻനിര സീറ്റുകളെക്കുറിച്ചാണ്. മുഖ്യമന്ത്രി പദത്തിലെത്താൻ ഇത്രയധികം 'യോഗ്യന്മാർ' ഒരു കുടക്കീഴിൽ അണിനിരന്നിട്ടുള്ള മറ്റൊരു രാഷ്ട്രീയ പാർട്ടിയും കേരളത്തിലില്ലെന്ന സത്യം, ഈ തർക്കങ്ങൾ കാണുമ്പോഴാണ് നാം തിരിച്ചറിയുന്നത്. യുവരക്തത്തിന് പ്രാമുഖ്യം നൽകുമെന്ന് പറയുന്ന സി.പി.എം പോലും മൂന്നാം വട്ടം ഭരണം കിട്ടിയാൽ പിണറായിയെ വിട്ടൊരു കളിയില്ലെന്ന് ഉറപ്പിച്ചു പറയുമ്പോഴാണ് കോൺഗ്രസിലെ ഈ 'ജനാധിപത്യ' ബഹളം ശ്രദ്ധേയമാകുന്നത്.

​സത്യത്തിൽ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ശ്വാസം പിടിച്ച് മസിലുരുട്ടി നിൽക്കുന്ന കായികതാരങ്ങളെപ്പോലെയാണ് കോൺഗ്രസിലെ മുഖ്യമന്ത്രി മോഹികൾ. ലേശം ഓർമ്മക്കുറവ്, സന്ധിവാതം മൂലമുള്ള നടത്തവൈഷമ്യം, നടുവിന് വെട്ടലുള്ളതിനാൽ ഇരിക്കുന്നിടത്തു നിന്ന് എഴുന്നേൽക്കാനുള്ള ബുദ്ധിമുട്ട്, സ്വന്തം പേര് ചോദിച്ചാൽ പി.എ മറുപടി പറയേണ്ട അവസ്ഥ തുടങ്ങി ചില്ലറ ശാരീരിക അസ്വസ്ഥതകൾ ഉണ്ടെങ്കിലും ഭരണചക്രം തിരിക്കാൻ തങ്ങൾ സർവ്വഥാ യോഗ്യരാണെന്ന് ഇക്കൂട്ടർ സ്വയം വിശ്വസിക്കുന്നു. 'നിസ്വാർത്ഥന്മാരുടെ' ഈ തള്ളിക്കയറ്റം കാരണം പാവം അണികൾക്ക് സീറ്റും കിട്ടിയില്ല, മത്സരിക്കാൻ അവസരവുമില്ല. എങ്കിലും സ്വന്തം യോഗ്യതയെക്കുറിച്ച് സ്വയം ബോധ്യപ്പെടുത്തി സങ്കൽപ്പലോകത്തെ മുഖ്യമന്ത്രിമാരായി വിരാജിക്കുകയാണ് ഇക്കൂട്ടർ. ഇതിനിടയിൽ പത്തു വർഷമായി സെക്രട്ടേറിയറ്റിന് ചുറ്റുമുള്ള റോഡിലൂടെ തെക്കുവടക്ക് നടന്ന് ചെരുപ്പു തേഞ്ഞ മറ്റൊരു കൂട്ടം നേതാക്കളുമുണ്ട്. കഴിഞ്ഞ തവണ എങ്ങനെയെങ്കിലും അകത്തുകയറുമെന്ന് കരുതിയെങ്കിലും ജനങ്ങൾ അത് സമ്മതിച്ചില്ല. ഇത്തവണ കാര്യങ്ങൾ മാറിമറിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് അവർ നേരത്തെ തന്നെ കസേരയ്ക്ക് തൂവാലയിട്ടു വെക്കുന്നത്.

​ഈ നിരയിലെ മുൻപൻ കണ്ണൂർ ഗാന്ധിയായ കെ. സുധാകരനാണ്. ചെറുപ്പത്തിലേ കളരിയും മർമ്മവുമെല്ലാം പഠിച്ച് ആരോഗ്യദൃഢഗാത്രനായി ഗാന്ധിമാർഗത്തിലേക്ക് വന്ന വ്യക്തി. പഴയകാലത്ത് ചിലരെയൊക്കെ ചവിട്ടി തെറിപ്പിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ അദ്ദേഹം തീർത്തും അഹിംസാവാദിയാണ്. തന്റെ ശരീരഗാംഭീര്യം മുഖ്യമന്ത്രി പദത്തിന് ഇണങ്ങുമെന്ന് ബോധ്യമുള്ളതിനാലാണ് അദ്ദേഹം മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ച് ഡൽഹിക്ക് വണ്ടി കയറിയത്. എന്നാൽ സുധാകരൻ പറഞ്ഞ ഹിന്ദി മല്ലികാർജുൻ ഖർഗെയുക്കും രാഹുൽ ഗാന്ധിക്കും മനസ്സിലാവാത്തതാണോ, അതോ കെ.സി. വേണുഗോപാലിന്റെ 'തർജ്ജമ'യിലെ മാന്ത്രികതയാണോ എന്നറിയില്ല, എം.പി എന്ന ഒറ്റക്കാരണം പറഞ്ഞ് അദ്ദേഹത്തെ ലിസ്റ്റിൽ നിന്ന് വെട്ടി. അങ്ങനെ നാലുദിവസം ഡൽഹിയിൽ കാത്തുനിന്ന ശേഷം യോഗ്യന്മാരുടെ പ്രാഥമിക റൗണ്ടിൽ തന്നെ അദ്ദേഹം പുറത്തായി.

​ഇനി പട്ടികയിൽ ബാക്കിയുള്ളവർ രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, അടൂർ പ്രകാശ്, വിശ്വമലയാളി ഡോ. ശശി തരൂർ എന്നിവരാണ്. യു.ഡി.എഫിന് മൃഗീയ ഭൂരിപക്ഷം കിട്ടുമ്പോൾ ഇതിൽ ആരെ വാഴിക്കും എന്ന കൺഫ്യൂഷൻ തീർക്കാൻ സുധാകരൻ തന്നെ ഒരു നിർദ്ദേശം മുന്നോട്ടുവെച്ചു—'ആ ചെന്നിത്തലയെ അങ്ങ് മുഖ്യമന്ത്രിയാക്കിയാൽ മതി'. ഈ വാക്കുകൾ കേട്ടപ്പോൾ ചെന്നിത്തലയ്ക്കുണ്ടായ സന്തോഷം പുറത്തുകാണിക്കാതിരിക്കാൻ അദ്ദേഹം അനുഭവിച്ച പ്രയാസം പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. ഇതിനെ പിന്തുണച്ച് തിരുവല്ലാ ഗാന്ധി പി.ജെ. കുര്യനും എത്തിയതോടെ കളി ഉഷാറായി. അതേസമയം, മാസത്തിൽ 30 ദിവസവും വാർത്താ സമ്മേളനം നടത്തി അച്ചടിഭാഷയിൽ സർക്കാരിനെ വിറപ്പിക്കുന്ന വി.ഡി. സതീശന്റെ പേര് ആരും പറയാത്തത് വലിയ നന്ദികേടായിപ്പോയി. 

ഒടുവിൽ കർണാടക, തെലങ്കാന മോഡലുകൾ പറഞ്ഞ് വിശ്വസിപ്പിച്ചാണ് സതീശനെ ഡൽഹിയിൽ നിന്ന് മടക്കിയത്. വിശ്വപൗരൻ തരൂർ തത്കാലം പിന്മാറിയതോടെ ഇപ്പോൾ എല്ലാവരുടെയും കണ്ണുകൾ ഡൽഹിയിലേക്കാണ്. രാഹുൽ ഗാന്ധിയെ രാഷ്ട്രീയ അടവുകൾ പഠിപ്പിക്കുന്ന കെ.സി. വേണുഗോപാൽ തന്നെ മധ്യസ്ഥനായി അവതരിക്കുമോ എന്നതാണ് ഇനിയുള്ള ആകാംക്ഷ. ഏത് പദവി കിട്ടുമ്പോഴും 'അയ്യോ എനിക്കിതൊന്നും വേണ്ടേ' എന്ന് പറഞ്ഞ് സന്തോഷത്തോടെ സ്വീകരിക്കുന്ന വേണുവിന്റെ ആ സന്മനസ്സ് എല്ലാവർക്കും അറിയാവുന്നതാണല്ലോ. ചുരുക്കത്തിൽ, ധനആകർഷണ യന്ത്രങ്ങൾ കിട്ടുന്ന ഈ കാലത്ത് 'മുഖ്യമന്ത്രി ആകാനുള്ള' ഒരു യന്ത്രം കൂടി വിപണിയിലിറങ്ങിയാൽ ഈ നേതാക്കളുടെയെങ്കിലും കഷ്ടകാലം മാറിയേനെ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img