
ന്യൂഡൽഹി/ദോഹ : രാജ്യത്തെ ഇമിഗ്രേഷൻ ചട്ടങ്ങളിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. വിദേശ പൗരന്മാർ, അയൽരാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികൾ, അതിർത്തി കടക്കുന്ന യാത്രക്കാർ എന്നിവർക്കുള്ള പാസ്പോർട്ട്, വിസ നിബന്ധനകളിലാണ് ഇളവുകൾ അനുവദിച്ചിട്ടുള്ളത്. 2026 നവംബർ 5-ലെ ഔദ്യോഗിക ഗസറ്റിലാണ് ഇതുസംബന്ധിച്ച 'ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് (എക്സംപ്ഷൻ) (ഭേദഗതി) ഉത്തരവ്, 2026' പ്രസിദ്ധീകരിച്ചത്.
2009 ഡിസംബർ 31-ന് മുമ്പ് സ്ഥിരതാമസത്തിന് ഇന്ത്യയിലെത്തിയതും കമ്പ്യൂട്ടറൈസ്ഡ് നാഷണൽ ഐഡന്റിറ്റി കാർഡ് (CNIC) ഇല്ലാത്തതിനാൽ പാസ്പോർട്ട് പുതുക്കാൻ കഴിയാത്തതുമായ പാകിസ്താൻ പൗരന്മാർക്ക് ഇളവ് അനുവദിച്ചു. പാകിസ്താനിൽ സ്വത്ത് വാങ്ങരുതെന്നതും ക്രിമിനൽ പശ്ചാത്തലം ഉണ്ടാകരുതെന്നതും ഉപാധികളാണ്.വിഭജനത്തിനു ശേഷം പാകിസ്താനിലേക്ക് പോവുകയും തുടർന്ന് 2009 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിലേക്ക് മടങ്ങി എത്തി കേരളത്തിൽ സ്ഥിരതാമസമാക്കുകയും ചെയ്ത മുൻ ഇന്ത്യൻ പൗരന്മാരായ ചില മുസ്ലിം പുരുഷന്മാർക്കും ഇളവ് ലഭിക്കും.ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ പൗരന്മാർക്ക് ഈ രാജ്യങ്ങൾക്കിടയിൽ കര-വ്യോമ മാർഗങ്ങളിലൂടെയുള്ള യാത്രയ്ക്ക് ഇനി പാസ്പോർട്ടിന് പകരം അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം. എന്നാൽ മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് പാസ്പോർട്ട് നിർബന്ധമാണ്.കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ ഇമിഗ്രേഷൻ ചട്ട ഭേദഗതിയിലൂടെ നിരവധി വിഭാഗങ്ങൾക്ക് പാസ്പോർട്ട്, വിസ നിബന്ധനകളിൽ വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. മലേഷ്യൻ അല്ലെങ്കില് സിംഗപ്പൂർ പൗരത്വം നേടുകയും 2009 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയും ചെയ്ത ഇന്ത്യൻ വംശജർക്ക് പാസ്പോർട്ട് പുതുക്കുന്നതിലെ പ്രതിസന്ധികൾ കണക്കിലെടുത്ത് ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഒപ്പം, മതപീഡനം കാരണം അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2024 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിലെത്തിയ ന്യൂനപക്ഷ അഭയാർഥികൾക്കും, 2015 ജനുവരി 9 വരെ രാജ്യത്ത് അഭയം പ്രാപിച്ച രജിസ്റ്റർ ചെയ്ത ശ്രീലങ്കൻ തമിഴ് വംശജർക്കും ഈ പുതിയ ഉത്തരവ് ആശ്വാസമാകുന്നു.
കൂടാതെ, നിർദിഷ്ട എൻട്രി പെർമിറ്റുകളോടെ ഇന്ത്യയിലെത്തിയ ടിബറ്റൻ പൗരന്മാർക്കും നിയമാനുസൃതമായ രജിസ്ട്രേഷൻ വ്യവസ്ഥകളോടെ ഇളവുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്ന ഇന്ത്യൻ കര, നാവിക, വ്യോമസേനാ അംഗങ്ങൾക്കും സർക്കാർ വാഹനങ്ങളിൽ ഒപ്പം യാത്ര ചെയ്യുന്ന കുടുംബാംഗങ്ങൾക്കും പാസ്പോർട്ട്, വിസ നിബന്ധനകളിൽ നിന്ന് പൂർണ്ണ ഇളവ് ഉണ്ടാകും. യാത്രാരേഖകളിൽ വലിയ ഇളവുകൾ ലഭിക്കുന്നുണ്ടെങ്കിലും, രാജ്യത്ത് തുടർന്നു ജീവിക്കുന്നതിന് നിയമാനുസൃതമായ വിസയും രജിസ്ട്രേഷൻ നടപടികളും പൂർത്തിയാക്കേണ്ടതുണ്ടെന്ന് കേന്ദ്ര മന്ത്രാലയം വ്യക്തമാക്കി.










