
വത്തിക്കാൻ സിറ്റി: കത്തോലിക്കർ ജീവിതത്തിൽ ഒരു ജീവിതപങ്കാളിയെ മാത്രം സ്വീകരിക്കണമെന്നും മരണം വരെ അവരോടുള്ള വിശ്വസ്തത പാലിക്കണമെന്നും കത്തോലിക്കാ സഭ. കത്തോലിക്കാ സഭ പുറത്തിറക്കിയ പുതിയ മാർഗരേഖയിലാണ് വിശ്വാസികൾക്ക് വിവാഹത്തിന്റെ വിശുദ്ധിയെക്കുറിച്ച് ശക്തമായ സന്ദേശം നൽകുന്നത്.
പുരുഷനും സ്ത്രീയും തമ്മിലുള്ള ജീവിതകാല ബന്ധമാണ് വിവാഹമെന്ന് കത്തോലിക്ക സഭ ചൂണ്ടിക്കാട്ടുന്നു. അതിന്റെ മൂല്യങ്ങൾ സംരക്ഷിക്കാൻ ഓരോ വിശ്വാസിയും ഉത്തരവാദികളാണ് എന്നും രേഖ ഊന്നിപ്പറയുന്നു. വിശ്വാസസത്യങ്ങൾക്കായുള്ള കാര്യാലയം തയ്യാറാക്കിയ മാർഗരേഖ പോപ്പ് ലിയോ പതിനാലാമൻ ഒപ്പുവച്ചാണ് പുറത്തിറക്കിയത്.
ആഫ്രിക്കൻ രാജ്യങ്ങളിലെ ചില വിശ്വാസികൾ പിന്തുടരുന്ന ബഹുഭാര്യത്വരീതികളെ രേഖ കഠിനമായി വിമർശിക്കുന്നു. നിരവധി ഭാര്യമാരെ സ്വീകരിക്കുന്നത് മതപരമായ നിലപാടുകൾക്ക് വിരുദ്ധമാണെന്നും ഇത്തരം രീതികൾ വിശ്വാസജീവിതത്തെ വഷളാക്കുന്നതാണെന്നും രേഖയിൽ വിലയിരുത്തുന്നു. വിവാഹേതരബന്ധങ്ങളും സഭയുടെ രീതികളോട് യോജിക്കുന്നതല്ലെന്ന് മാർഗരേഖ വ്യക്തമാക്കുന്നു.
രേഖയിൽ സ്വവർഗവിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രത്യേക നിർദ്ദേശങ്ങളോ വിലയിരുത്തലുകളോ ഇല്ല. എന്നാൽ പങ്കാളികൾക്ക് ഒത്തുചേരാൻ സാധ്യമല്ലാത്ത സാഹചര്യങ്ങളും സഭാനിയമവിരുദ്ധമായ ബന്ധങ്ങളും നിലവിൽ വന്നാൽ സഭയുടെ നിയമനടപടികളിലൂടെ വിവാഹബന്ധം വേർപെടുത്താനുള്ള വഴികൾ ഉണ്ടെന്നതും രേഖ വ്യക്തമാക്കുന്നു.
ആഫ്രിക്കൻ രാജ്യങ്ങളിൽ ഉയർന്നുവരുന്ന ബഹുഭാര്യത്വ പ്രശ്നത്തെക്കുറിച്ച് 2023, 2024-ൽ നടന്ന മെത്രാന്മാരുടെ സമ്മേളനങ്ങളിൽ പോപ്പ് ഫ്രാൻസിസ് പ്രത്യേകമായി ചർച്ച ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അർജന്റീനീസ് കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ 40 പേജുള്ള ഈ മാർഗരേഖ തയ്യാറാക്കപ്പെട്ടത്. സഭയുടെ വിവാഹദർശനത്തെ പുതുതായി ദൃഢപ്പെടുത്തുന്ന രേഖയായി ഇതിനെ വിലയിരുത്തുന്നു.











