10:58am 25 November 2026
NEWS
കോൺഗ്രസിൽ പോര് മുറുകുന്നു; ഉമ്മൻചാണ്ടിയെ മുൻനിർത്തി പരസ്യവിഴുപ്പലക്കൽ


25/11/2026  06:58 AM IST
രാഷ്ടീയ ലേഖകൻ
കോൺഗ്രസിൽ പോര് മുറുകുന്നു; ഉമ്മൻചാണ്ടിയെ മുൻനിർത്തി പരസ്യവിഴുപ്പലക്കൽ

തിരുവനന്തപുരം: ഭരണത്തുടർച്ചയില്ലാത്ത പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം യു.ഡി.എഫ് അധികാരത്തിലെത്തിയതിന്റെ ആറുമാസം തികയും മുൻപേ കോൺഗ്രസിൽ ഗ്രൂപ്പ് പോരും പരസ്യവിഴുപ്പലക്കലും രൂക്ഷമാകുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് മുൻനിർത്തി ഷാഫി പറമ്പിൽ എം.പിക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ ആരംഭിച്ച കടന്നാക്രമണം നേതാക്കൾ തമ്മിലുള്ള പരസ്യമായ ചെളിവാരിയെറിയലിലേക്ക് വഴിമാറി.

​എ വിഭാഗത്തെ അവഗണിക്കുന്നുവെന്ന പരാതിയുമായി നേതൃത്വത്തെ സമീപിച്ചവരിൽ ഷാഫി പറമ്പിലിന്റെ പേര് ഉൾപ്പെട്ടതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. ഷാഫി എ ഗ്രൂപ്പുകാരനല്ലെന്ന ഉണ്ണിത്താന്റെ പരാമർശത്തിന് പിന്നാലെ അദ്ദേഹത്തിനെതിരെ രൂക്ഷമായ സൈബർ ആക്രമണമുണ്ടായി. ഇതോടെയാണ് ഉണ്ണിത്താൻ പരസ്യവെല്ലുവിളിയുമായി രംഗത്തെത്തിയത്.

​പ്രധാന സംഭവവികാസങ്ങൾ:

​ഉണ്ണിത്താന്റെ ഭീഷണി: തനിക്കെതിരായ സൈബറാക്രമണത്തിന് പിന്നിൽ 'പെട്ടിതാങ്ങികളാണെന്ന്' ആക്ഷേപിച്ച ഉണ്ണിത്താൻ, രാഹുൽ മാങ്കൂട്ടത്തിലിനെയും പേരെടുത്തു പറയാതെ പരിഹസിച്ചു. താൻ പറഞ്ഞ കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഷാഫി തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്നും, ഡയറിയിലുള്ള കാര്യങ്ങളും പനമ്പിള്ളി നഗറിലെ ഫ്ലാറ്റിനെക്കുറിച്ചും '20-20' വാഹന നമ്പറിനെക്കുറിച്ചും തുറന്നുപറഞ്ഞാൽ പലരുടെയും മാന്യതയുടെ മുഖംമൂടി അഴിഞ്ഞുവീഴുമെന്നും ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകി.

​ഉമ്മൻചാണ്ടി കുടുംബത്തിന്റെ പിന്തുണ: സോളാർ വിവാദകാലത്ത് തങ്ങളുടെ കുടുംബത്തിന് വേണ്ടി മുന്നണിപ്പോരാളിയായി നിന്ന ഉണ്ണിത്താനൊപ്പം നിൽക്കേണ്ടത് കടമയാണെന്ന് ചാണ്ടി ഉമ്മനും മരിയ ഉമ്മനും വ്യക്തമാക്കി.

​ജെ.എസ്. അഖിലിന്റെ വെളിപ്പെടുത്തൽ: യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി നിർദ്ദേശിച്ചത് തന്റെ പേരായിരുന്നെന്നും, ഒറ്റരാത്രികൊണ്ട് അത് വെട്ടിയാണ് മറ്റൊരാളെ പ്രസിഡന്റാക്കിയതെന്നുമുള്ള ഉണ്ണിത്താന്റെ വാദം സത്യമാണെന്ന് കെ.പി.സി.സി അംഗം ജെ.എസ്. അഖിൽ സ്ഥിരീകരിച്ചു.

​ഷാഫിക്ക് പ്രതിരോധവുമായി വിഷ്ണുനാഥ്: വിവാദങ്ങൾക്കിടെ ഷാഫി പറമ്പിലിന് പിന്തുണയുമായി മന്ത്രി പി.സി. വിഷ്ണുനാഥ് രംഗത്തെത്തി. പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ മികച്ച രീതിയിൽ നിർവഹിക്കുന്ന നേതാവാണ് ഷാഫിയെന്ന് അദ്ദേഹം പ്രതികരിച്ചു.

​നേരത്തെ തീരുമാനങ്ങളിൽ കൂടിയാലോചനയില്ലെന്ന മുഖ്യമന്ത്രിക്കെതിരായ വിമർശനവും യു.ഡി.എഫ് കൺവീനറുടെ അതൃപ്തിയും മുന്നണിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ദിരാഭവനിലിരുന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കാര്യങ്ങൾ നിരീക്ഷിക്കുമ്പോഴും, കെ.പി.സി.സി പ്രസിഡന്റോ മുഖ്യമന്ത്രിയോ ഇടപെടാതെ നേതാക്കൾ പരസ്യപോര് തുടരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img