08:08pm 14 October 2026
NEWS
നാലാമത് സപ്ലൈ ചെയിൻ കോൺഫറൻസ് ഒക്ടോബർ 27-ന്
14/10/2026  12:07 PM IST
nila
നാലാമത് സപ്ലൈ ചെയിൻ കോൺഫറൻസ് ഒക്ടോബർ 27-ന്

 

 

ദോഹ: പ്രാദേശികവും അന്തർദേശീയവുമായ വ്യാപാര പാതകളിൽ തടസ്സങ്ങളും വെല്ലുവിളികളും നേരിടുന്ന പശ്ചാത്തലത്തിൽ, നാലാമത് സപ്ലൈ ചെയിൻ ആന്റ് ലോജിസ്റ്റിക്സ് കോൺഫറൻസിന് ദോഹ വേദിയാകുന്നു. ഖത്തർ ഗതാഗത മന്ത്രാലയത്തിന്റെ രക്ഷാകർതൃത്വത്തിൽ 'അൽ ശർഖ്' ദിനപത്രമാണ് ഒക്ടോബർ 27 ചൊവ്വാഴ്ച സമ്മേളനം സംഘടിപ്പിക്കുന്നത്. "പ്രതിസന്ധി ഘട്ടങ്ങളിലെ സപ്ലൈ ചെയിൻ: ആഘാതങ്ങളിൽ നിന്ന് പ്രതിരോധശേഷിയിലേക്ക്" (Supply Chains in Times of Crisis: From Shock to Resilience) എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ പ്രമേയം.
​ലോജിസ്റ്റിക്സ് മേഖലയെ ശക്തിപ്പെടുത്തുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനുമായി ഗതാഗത മന്ത്രാലയം നടത്തുന്ന ഇടപെടലുകൾ സമ്മേളനത്തിന് വലിയ കരുത്തുപകരുമെന്ന് അൽ ശർഖ് എഡിറ്റർ ഇൻ ചീഫ് ജാബർ സലേം അൽ ഹറാമി വ്യക്തമാക്കി. നിലവിലെ വെല്ലുവിളികൾ നേരിടുന്നതിന് വ്യക്തമായൊരു ദേശീയ കാഴ്ചപ്പാട് രൂപീകരിക്കാൻ ഈ കോൺഫറൻസിലെ ചർച്ചകൾക്ക് സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.ഗതാഗത മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, ഖത്തർ പോർട്ട്സ് എന്നിവയുടെ പ്രധിനിധികളും ലോജിസ്റ്റിക്സ് മേഖലയിലെ പ്രമുഖ വിദഗ്ധരും അക്കാദമിക് പണ്ഡിതന്മാരും സമ്മേളനത്തിൽ പങ്കെടുക്കും.
​ഗതാഗത മന്ത്രാലയം അണ്ടർസെക്രട്ടറി ഹിസ് എക്സലൻസി മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ ഇബ്രാഹിം അൽ മഅദീദ് ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും. ജി.സി.സി മുൻ സെക്രട്ടറി ജനറൽ അബ്ദുൽറഹ്മാൻ ബിൻ ഹമദ് അൽ അതിയ്യ, ഖത്തർ ചേംബർ ഫസ്റ്റ് വൈസ് ചെയർമാൻ മുഹമ്മദ് ബിൻ അഹമ്മദ് ബിൻ തൊവാർ അൽ കുവാരി എന്നിവരും ചടങ്ങിൽ സംസാരിക്കും.
​ഖത്തർ നാഷണൽ വിഷൻ 2030-ന് അനുസൃതമായി പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കാനും വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരം കണ്ടെത്താനും ഈ സമ്മേളനം സഹായിക്കുമെന്ന് കോൺഫറൻസ് ഡയറക്ടർ ബാബിക്കർ ഉസ്മാൻ പറഞ്ഞു.സപ്ലൈ ചെയിനും ഭക്ഷ്യസുരക്ഷയും, സംഘർഷ സമയങ്ങളിലെ ഹ്യുമാനിറ്റേറിയൻ സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, പ്രാദേശിക സപ്ലൈ ചെയിനുകളുടെ പ്രതിരോധശേഷി വർധിപ്പിക്കൽ, അന്താരാഷ്ട്ര സഹകരണം എന്നീ നാല് പ്രധാന വിഷയങ്ങളിലാണ് സമ്മേളനത്തിൽ ചർച്ചകൾ നടക്കുന്നത്. ഭാവിയിലെ പ്രതിസന്ധികൾ നേരിടാനുള്ള സമഗ്രമായ റോഡ്‌മാപ്പും യോഗത്തിൽ പ്രഖ്യാപിക്കും.
​ഥാനി ബിൻ അബ്ദുല്ല ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റേറിയൻ സർവീസസ് (പ്ലാറ്റിനം സ്പോൺസർ), അൽ ഫൈസൽ ഹോൾഡിംഗ് ഗ്രൂപ്പ് (സിൽവർ സ്പോൺസർ), ഹിൽട്ടൺ ദോഹ ഹോട്ടൽ (ഹോസ്റ്റ് സ്പോൺസർ), അസ്മ അൽ ഖറദാഗി ലോ ഫേം (ലീഗൽ സ്പോൺസർ) എന്നിവരാണ് പ്രധാന സ്പോൺസർമാർ. ബി.പി.എൽ കാർഗോ സർവീസ്, ജെ.ആർ.ഇ (JRE) എന്നിവയുടെ പിന്തുണയും പരിപാടിക്കുണ്ട്.
​2019, 2021, 2024 വർഷങ്ങളിലെ വിജയകരമായ പതിപ്പുകൾക്ക് ശേഷമാണ് അൽ ശർഖ് ദിനപത്രം നാലാമത് എഡിഷൻ സംഘടിപ്പിക്കുന്നത്.
​കോൺഫറൻസിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് https://scmc.qa/ar എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img