
ദോഹ: ഖത്തറിനെ ലോകത്തിന്റെ സാങ്കേതിക ഹബ്ബാക്കി മാറ്റിക്കൊണ്ട് വെബ് സമ്മിറ്റ് ഖത്തർ 2026-ന് തുടക്കമായി. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സംഗമത്തിൽ ഇത്തവണ 180-ലധികം പ്രാദേശിക-അന്തർദേശീയ പങ്കാളികളാണ് അണിനിരക്കുന്നത്.
ഖത്തർ വാർത്താവിനിമയ മന്ത്രാലയം, ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, ഖത്തർ എയർവേയ്‌സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾക്ക് പുറമെ ഗൂഗിൾ (Google), മെറ്റാ (Meta), ഐബിഎം (IBM), ടിക്ടോക് (TikTok), ഹുവായ് (Huawei) തുടങ്ങിയ ആഗോള ടെക് ഭീമന്മാരും ഇത്തവണ സമ്മിറ്റിന്റെ ഭാഗമാകുന്നുണ്ട്. അന്താരാഷ്ട്ര സഹകരണം, സംരംഭകത്വം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ എന്നിവയ്ക്ക് കരുത്തുപകരുന്ന വേദിയായി ഈ വർഷത്തെ സമ്മിറ്റ് മാറുമെന്ന് വാർത്താ സമ്മേളനത്തിൽ അധികൃതർ വ്യക്തമാക്കി.
നൂതന ആശയങ്ങളുടെ കൈമാറ്റത്തിനും ദീർഘകാല പങ്കാളിത്തങ്ങൾക്കും വഴിയൊരുക്കുന്നതിലൂടെ ഖത്തറിന്റെ ആഗോള സാങ്കേതിക പദവി ഉയർത്താൻ ഈ പതിപ്പ് സഹായിക്കും.











