
പാലക്കാട്: പരമ്പരാഗത വിവാഹാചാരങ്ങളെ മാറ്റിനിർത്തി, ഇന്ത്യയുടെ ഭരണഘടനയെ സാക്ഷിയാക്കി ദാമ്പത്യജീവിതത്തിന് തുടക്കം കുറിച്ച് അധ്യാപികയായ യുവതിയും വില്ലേജ് അസിസ്റ്റന്റായ യുവാവും. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയായ ശീതളും അയിലൂർ സ്വദേശിയായ ജിതിനുമാണ് ഭരണഘടന കൈമാറി വിവാഹിതരായത്. പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ് ശീതൾ. പാലക്കാട് തേങ്കുറുശ്ശിയിലെ വില്ലേജ് അസിസ്റ്റന്റാണ് ജിതിൻ.
ഭരണഘടനാസാക്ഷരത പ്രവർത്തകയായ ശീതൾ ‘കോൺസ്റ്റിറ്റ്യൂഷൻ ലിറ്ററസി കൗൺസിൽ’ എന്ന സംഘടനയിലെ സജീവ പ്രവർത്തകയാണ്.
നെന്മാറ സബ് രജിസ്ട്രാർ ഓഫീസിൽ നടന്ന ചടങ്ങിൽ, താലിയുടെയും മോതിരത്തിന്റെയും പുടവയുടെയും സ്ഥാനത്ത് ഭരണഘടന കൈമാറിയും ഭരണഘടനാ മൂല്യങ്ങളെ അംഗീകരിച്ചുള്ള പ്രതിജ്ഞ ചൊല്ലിയുമായിരുന്നു വിവാഹം. പരസ്പര സമ്മതത്തോടെയും വ്യക്തിപരമായ പരമാധികാരബോധ്യത്തോടെയും ദാമ്പത്യബന്ധം ആരംഭിക്കുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജനുവരി ഒന്നിന് ഭരണഘടനാ മൂല്യങ്ങളെ ജീവിതത്തിന്റെ അടിസ്ഥാനമാക്കുമെന്ന് ഇരുവരും ഒരേസ്വരത്തിൽ അറിയിച്ചു.
ബന്ധുക്കളുടെ സാന്നിധ്യത്തിൽ നടന്ന ഈ വിവാഹം, നിയമപരമായ ചടങ്ങിനൊപ്പം ഒരു സാമൂഹിക സന്ദേശവും മുന്നോട്ടുവയ്ക്കുന്നതായി. ഭരണഘടനാ മൂല്യങ്ങളുടെ പ്രചാരണത്തിന് വിവാഹം തന്നെ വേദിയാക്കണമെന്ന ആശയമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ഇരുവരും വ്യക്തമാക്കി.











