
മൂന്നാറിലെ ടാക്‌സി ഡ്രൈവർമാരുടെ ഗുണ്ടായിസം ജാൻവി എന്ന യുവതിയുടെ വീഡിയോ വൈറലായതോടെ വീണ്ടും ചർച്ചകളിൽ. യൂബർ ടാക്‌സിയിൽ മൂന്നാറിലെത്തിയ യുവതിയെ ഡ്രൈവർമാർ ഭീഷണിപ്പെടുത്തുകയും, തടഞ്ഞുവയ്ക്കുകയും ചെയ്ത സംഭവം വിവരിച്ച് സാമൂഹ്യ മാധ്യമങ്ങളിലിട്ട വീഡിയോ കത്തിപ്പടർന്നതോടെ പ്രതിഷേധം വ്യാപകമാണ്. മാസങ്ങൾക്ക് മുമ്പ് കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നതിനെത്തിയ ഗതാഗതമന്ത്രിയെ തടഞ്ഞതിനെത്തുടർന്ന് മൂന്നാറിലെ ടാക്‌സിക്കാരുടെ ധാർഷ്ട്യവും ധിക്കാരവും വാർത്തയായിരുന്നു. ഗുണ്ടായിസം കാണിച്ച ടാക്‌സി ഡ്രൈവർമാർക്കെതിരെ നടപടിയെടുത്ത് മുഖം രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും, ടൂറിസം രംഗത്ത് ഇതേൽപ്പിച്ച പ്രത്യാഘാതം ഗുരുതരമെന്ന് വിലയിരുത്തപ്പെടുന്നു.
ഭൂമികയ്യേറ്റത്തിന്റെയും അനധികൃത റിസോർട്ട് പൊളിക്കലിന്റെയുമൊക്കെ പേരിലായിരുന്നു മുൻകാലങ്ങളിൽ മൂന്നാർ എന്ന ഭൂവിഭാഗം വാർത്തകളിൽ നിറഞ്ഞിരുന്നത്. എന്നാൽ ടാക്‌സി ഡ്രൈവർമാരുടെ മേലങ്കിയണിഞ്ഞ ചില ഗുണ്ടാസംഘങ്ങൾ പോലീസിന്റെയും ടൂറിസം വകുപ്പിന്റെയുമൊക്കെ ഒത്താശയോടെ സമാന്തരഭരണം നടത്തുന്നതിന്റെ പിന്നാമ്പുറങ്ങളാണ് ഇപ്പോൾ തലക്കെട്ടുകളാകുന്നത്.
പതിനായിരക്കണക്കിന് ടൂറിസ്റ്റുകളാണ് ഓരോ വർഷവും മൂന്നാറിലെത്തുന്നത്. സ്‌കോട്ട്‌ലൻഡിലേതുപോലെ തണുത്ത കാലാവസ്ഥയുള്ള കണ്ണൻ ദേവൻ മലനിരകൾ വെട്ടിത്തെളിച്ച് നൂറ്റി അൻപത് വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷുകാരാണ് തേയിലക്കൃഷി ആരംഭിച്ചത്. മൂന്നാർ പ്രദേശം മുഴുവൻ പ്രകൃതിരമണീയമായ തേയിലക്കാടുകളാണ്. ടാറ്റായുടെ കണ്ണൻ ദേവൻ കമ്പനിക്കും പണ്ട് ബ്രിട്ടീഷുകാർ സ്ഥലം നൽകിയ സിഎസ്‌ഐ സഭയ്ക്കും മാത്രമെ മൂന്നാർ ടൗണിൽ സ്വന്തമായി വലിയ അളവിൽ ഭൂമിയുള്ളൂ എന്നതാണ് സത്യം. മൂന്നാറിന്റെ മുപ്പത്് കിലോമീറ്റർ ചുറ്റളവിലുള്ള മലനിരകളിൽ പുതുപ്പണക്കാരും കയ്യേറ്റക്കാരും ഭൂമാഫിയകളുമൊക്കെ അനധികൃതമായി കൂറ്റൻ റിസോർട്ടുകൾ കെട്ടിപ്പൊക്കി മൂന്നാർ എന്ന ബോർഡും തൂക്കി ടൂറിസ്റ്റുകളെ പിഴിയുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. ടൗണിൽനിന്നും കിലോമീറ്ററുകൾ അകലെയാണ് റിസോർട്ടുകളെന്നതിനാൽ ടാക്‌സികളാണ് മൂന്നാറിലെത്തുന്ന ടൂറിസ്റ്റുകളുടെ പ്രധാന ആശ്രയം.
രാഷ്ട്രീയപ്പാർട്ടികളുടെ യൂണിയനുകളിലുള്ള ഡ്രൈവർമാർ എന്ന ലേബലിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ചില ഗുണ്ടാസംഘങ്ങളും പിണിയാളുകളുമാണ് മൂന്നാർ പ്രദേശം ഭരിക്കുന്നത്. യൂബർ, ഓല തുടങ്ങിയ ഓൺലൈൻ ടാക്‌സി സർവ്വീസുകൾ ഇവർ സ്വന്തം നിലയിൽ മൂന്നാറിൽ നിരോധിച്ചിരിക്കുന്നു. സാധാരണ വാഹനങ്ങൾക്ക് വേണ്ട ഇൻഷ്വറൻസോ പൊള്യൂഷനോ അടക്കം രേഖകൾ ഇവരുടെ മിക്ക വാഹനങ്ങൾക്കുമില്ല. പുറത്തുനിന്നും സ്വന്തം വാഹനങ്ങളിലെത്തുന്ന ടൂറിസ്റ്റുകളെ ശത്രുക്കളെപ്പോലെയാണ് ഈ ടാക്‌സി ഡ്രൈവർമാർ കാണുന്നത്. ഇടുങ്ങിയ റോഡുകളിൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുകയില്ലെന്ന് മാത്രമല്ല വാക്കുതർക്കങ്ങളുടെ പേരിൽ സംഘം ചേർന്ന് ടൂറിസ്റ്റുകളെ വളഞ്ഞിട്ട് മർദ്ദിക്കുന്നതും പതിവാണ്. പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയാൽ യൂണിയൻകാരുടെ കുഴലൂത്തുകാരായ പോലീസുകാർ ടൂറിസ്റ്റുകളെ അപമാനിച്ച് വിരട്ടിയോടിക്കാറുണ്ടെന്നും , മൂന്നാർ കാണാനെത്തി തല്ലുവാങ്ങുന്ന കുടുംബസ്ഥരായ മിക്കവരും കൂടുതൽ മാനഹാനിയും പണനഷ്ടവും ഭയന്ന് സംഭവം പുറത്തുപറയാറില്ല എന്ന കാര്യവും ചൂണ്ടിക്കാണിക്കപ്പെടുന്നു.
മൂന്നാറിലെ യൂണിയൻ പിന്തുണയുള്ള ടാക്‌സിക്കാർ കമ്മീഷൻ എജന്റുമാർ എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഒരു ഹോട്ടലിൽ ടൂറിസ്റ്റിനെ എത്തിച്ചാൽ ഭക്ഷണവിലയുടെ നാൽപ്പത് ശതമാനം വരെയാണത്രെ ഹോട്ടലുടമ പിൻവാതിൽ കമ്മീഷനായി ഡ്രൈവർക്ക് നൽകേണ്ടത്. സിപ്പ് ലൈനിലും മസാജ് സ്പാകളിലും പാർക്കുകളിലുമൊക്കെ ആളുകളെ എത്തിച്ചാൽ അറുപത് ശതമാനം വരെ ഡ്രൈവർ കമ്മീഷൻ ഉയരും. ട്രക്കിംഗിന്റെയും സൈറ്റ് സീയിംഗിന്റെയും പ്ലാന്റേഷൻ വിസിറ്റിന്റെയുമൊക്കെ പേരിൽ തീവെട്ടിക്കൊള്ളയാണ് ഈ രംഗത്തുള്ളത്. ഈ കൊള്ളമുതലിന്റെ വിഹിതം കൃത്യമായി ഉന്നതങ്ങളിൽ എത്തുന്നതിനാൽ എന്ത് പരാതി ഉയർന്നാലും അധികാരികൾ കണ്ണടക്കുകയാണ് പതിവ്. മാസങ്ങൾക്ക് മുമ്പ് ടൂറിസ്റ്റുകൾക്ക് വേണ്ടി കെഎസ്ആർടിസി ഡബിൾ ഡക്കർ ബസിന്റെ സർവ്വീസ് ആരംഭിച്ചപ്പോൾ ഡ്രൈവർമാരുടെ ശക്തമായ ഗുണ്ടായിസമാണ് നേരിടേണ്ടിവന്നത്. ബസ് ഫ്‌ളാഗ് ഓഫ് ചെയ്യാനെത്തിയ ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ കാർ തടഞ്ഞ സംഭവം വിവാദമായി. ശക്തമായി നടപടിയെടുത്ത ഗണേഷ്‌കുമാർ പ്രദേശത്ത് വാഹനപരിശോധന കർശനമാക്കി രേഖകളില്ലാത്ത നിരവധി വാഹനങ്ങൾ പിടിച്ചെടുത്ത് തിരിച്ചടിച്ചിരുന്നു.
മുംബൈ സ്വദേശിയായ ജാൻവി എന്ന യുവതിയാണ് തന്റെ അനുഭവം മൂന്ന് മിനിട്ടുള്ള ഇന്റസ്റ്റഗ്രാം വീഡിയോയിലൂടെ പുറത്തുവിട്ടതും, സംഭവം വലിയ വിവാദമായതും. ജാൻവി വീഡിയോയിൽ പറയുന്നതിങ്ങനെ:
'മൂന്നാറിൽ യൂബർ, ഓല തുടങ്ങിയ ഓൺലൈൻ ടാക്‌സികൾക്ക് യാത്രക്കാരെ കൊണ്ടുപോകാൻ അനുവാദമില്ല എന്ന് ഞാൻ താമസിച്ച ഹോംസ്റ്റേ ഉടമ അറിയിച്ചതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്. ഞാൻ വന്ന യൂബർ ഡ്രൈവറെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിനിർത്തി ആരുടേയും ശ്രദ്ധയിൽപ്പെടാതെ വേണം യാത്ര ചെയ്യാൻ എന്ന് ഉടമ മുന്നറിയിപ്പ് നൽകി. യാത്ര പുറപ്പെടാൻ ഒരുങ്ങവേ, അപ്രതീക്ഷിതമായി അഞ്ചോ ആറോ പേർ പ്രത്യക്ഷപ്പെട്ടു. ഇവർ ടാക്‌സി ഡ്രൈവറെ ഭീഷണിപ്പെടുത്തി. എനിക്ക് ഭാഷ മനസിലായില്ലെങ്കിലും അവരുടെ പെരുമാറ്റത്തിലെ ആക്രമണോത്സുകത കാരണം പേടിതോന്നി, തുടർന്ന് ഭയം കാരണം ഞാൻ പോലീസിനെ വിളിച്ചെങ്കിലും അവർ യൂണിയൻ ഡ്രൈവർമാരുമായി സംസാരിച്ച ശേഷം പറഞ്ഞത്' നിങ്ങൾക്ക് യൂണിയൻ ടാക്‌സിയിൽ മാത്രമെ ഇവിടെ യാത്ര ചെയ്യാൻ കഴിയൂ, യൂബർ ഉപയോഗിക്കാൻ പാടില്ല' എന്നാണ്.
ഒരു സ്ത്രീ എന്ന നിലയിൽ ലൊക്കേഷൻ പങ്കുവയ്ക്കാനും പരാതികൾ എളുപ്പത്തിൽ നൽകാനും കഴിയുന്ന യൂബർ പോലുള്ള ടാക്‌സികളിലാണ് എനിക്ക് സുരക്ഷിതത്വം തോന്നുന്നത്. എന്നാൽ ഏതാനും മിനിറ്റുകൾക്ക് മുമ്പ് ഭീഷണിപ്പെടുത്തിയ ആളുകൾക്കൊപ്പം യാത്ര ചെയ്യാൻ ഞാൻ നിർബന്ധിതയായി. എന്റെ സുരക്ഷാ ആശങ്കകളെക്കുറിച്ച് ഞാൻ പോലീസിനോടും കേരള ടൂറിസത്തോടും ഞാൻ ആവർത്തിച്ചു പറഞ്ഞു. പക്ഷേ 'മറ്റൊരു വഴിയുമില്ല, ഒന്നുകിൽ അവരോടൊപ്പം പോകുക, അല്ലെങ്കിൽ ഇവിടെത്തന്നെ നിൽക്കുക' എന്ന മറുപടി മാത്രമാണ് ലഭിച്ചത്.
വാഹനമോടിക്കാൻ ആരെ തിരഞ്ഞെടുക്കണം എന്ന് തീരുമാനിക്കാൻ ഉപഭോക്താവിന് അവകാശമുണ്ടെന്നും ഇത്തരം ചൂഷണങ്ങൾ തടയാൻ പോലീസ് ബാധ്യസ്ഥരാണെന്നും കേരള ഹൈക്കോടതി യൂബർ-ഓല ടാക്‌സികൾക്ക് അനുകൂലമായി വിധി പറഞ്ഞിട്ടുള്ള കാര്യവും ജാൻവി വീഡിയോയിൽ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ സൗന്ദര്യത്തേയും ജനങ്ങളുടെ സ്‌നേഹത്തെയും അഭിനന്ദിക്കുമ്പോഴും സുരക്ഷിതത്വം ഇല്ലാത്ത ഒരിടത്തേക്ക് ഇനി വരില്ല' എന്ന് പറഞ്ഞാണ് ജാൻവി വീഡിയോ അവസാനിപ്പിക്കുന്നത്.
സംഭവം വിവാദമായതോടെ യുവതിയെ ഭീഷണിപ്പെടുത്തിയ ഡ്രൈവർമാരെ അറസ്റ്റ് ചെയ്ത് ലൈസൻസ് റദ്ദാക്കുകയും, ഒത്താശ ചെയ്ത പോലീസുകാരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഓൺലൈൻ ടാക്‌സി ഒരിടത്തും നിർത്തലാക്കിയിട്ടില്ലെന്നും അത് മൂന്നാറിലും ഓടുമെന്നും ഡ്രൈവർമാരുടെ ഗുണ്ടായിസം അവസാനിപ്പിക്കുമെന്നും ഒരു തൊഴിലാളി മറ്റൊരു തൊഴിലാളിക്ക് ശല്യമാകരുതെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ പ്രതികരിച്ചു. ടൂറിസത്തിന്റെ ചുമതലയുള്ള മന്ത്രി മുഹമ്മദ് റിയാസും സമാന പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
പോലീസ്-ടൂറിസം- ടാക്‌സി ഡ്രൈവേഴ്‌സ് കമ്മീഷൻ മാഫിയ കേരളത്തിലെ ടൂറിസം രംഗത്തിന് വൻ തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. നടപടിയില്ലെങ്കിൽ ഗോവയെപ്പോലെ ടൂറിസം രംഗത്ത് കേരളത്തിന്റെ ഭാവിയും ഇരുളടയുന്ന കാലം വിദൂരമല്ല










