
ദോഹ: എക്‌സൈസ് നികുതിനിയമലംഘനവുമായി ബന്ധപ്പെട്ട് 5,000ലധികം പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ ജനറൽ ടാക്സ് അതോറിറ്റി പിടിച്ചെടുത്തു. നികുതി അനുസരണം ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനാ ക്യാമ്പെയ്‌നുകളിലൂടെയാണ് നടപടി.
അംഗീകൃത ടാക്സ് സ്റ്റാമ്പുകൾ ഇല്ലാത്തതും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ പുകയില ഉൽപ്പന്നങ്ങളാണ് വിവിധ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് പിടിച്ചെടുത്തത്. നിയമലംഘനം നടത്തിയ സ്ഥാപന ഉടമകൾക്കെതിരെ നിയമ റിപ്പോർട്ടുകൾ തയ്യാറാക്കി തുടർനടപടികൾ ആരംഭിച്ചതായി അതോറിറ്റി അറിയിച്ചു.
അനധികൃത പുകയില വ്യാപാരം തടയുന്നതിനായി സപ്ലൈ ചെയിൻ പരിശോധനയും ഓഡിറ്റും ഉൾപ്പെടെയുള്ള ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് ജനറൽ ടാക്സ് അതോറിറ്റി വ്യക്തമാക്കി. ഇത് ലോകാരോഗ്യ സംഘടനയുടെ പുകയില നിയന്ത്രണ ചട്ടങ്ങളോടും ഖത്തറിന്റെ മൂന്നാം ദേശീയ വികസന തന്ത്രം (2024–2030), ദേശീയ ആരോഗ്യ തന്ത്രം എന്നിവയോടും യോജിച്ച നടപടിയാണെന്നും അറിയിച്ചു.











