05:18am 12 November 2026
NEWS
തലസ്ഥാനത്ത് ചരിത്രം കുറിച്ച് താമര; 50 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് ബി.ജെ.പി.

തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചു!
​'ഇനി മാറാത്തത് മാറും' എന്ന മുദ്രാവാക്യം വിജയം കണ്ടു; 100-ൽ 50 സീറ്റോടെ എൻ.ഡി.എ അധികാരം ഉറപ്പിച്ചു. അടുത്ത ലക്ഷ്യം അസംബ്ലി സീറ്റുകൾ.

14/12/2025  03:48 PM IST
സുരേഷ് വണ്ടന്നൂർ
തലസ്ഥാനത്ത് ചരിത്രം കുറിച്ച് താമര; 50 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് ബി.ജെ.പി.


​തിരുവനന്തപുരം: ബി.ജെ.പിയുടെ വികസന വാഗ്ദാനം തലസ്ഥാന ജനത മനസ്സിലേറ്റി താമരമുദ്ര പതിച്ചു.  കോർപ്പറേഷൻ ഭരണം ഇനി എൻ.ഡി.എയ്ക്ക്. തിരഞ്ഞെടുപ്പ് നടന്ന 100ൽ 50 സീറ്റ് നേടി ചരിത്ര മുന്നേറ്റമാണ് ബി.ജെ.പി നടത്തിയത്.
​ഇടതുകോട്ട തകർന്നടിഞ്ഞു. 50 വർഷത്തെ ഇടതുഭരണം അവസാനിച്ചു.
​52 സീറ്റിൽ നിന്ന് എൽ.ഡി.എഫ് 29ലേക്ക് വീണു. കഴിഞ്ഞ തവണത്തെ 10 സീറ്റാണ് യു.ഡി.എഫ് 19 സീറ്റ്  പിടിച്ച് നില മെച്ചപ്പെടുത്തിയത്.
​രണ്ട് സ്വതന്ത്രരും വിജയിച്ചു.
​2020ലെ 35 സീറ്റാണ് എൻ.ഡി.എ അൻപതായി ഉയർത്തിയത്.
​ആകെ 101 സീറ്റുള്ളതിൽ വിഴിഞ്ഞം ഡിവിഷനിലെ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയുടെ മരണത്തെത്തുടർന്ന് മാറ്റിയിരുന്നു.
 പ്രചാരണ തന്ത്രം: വികസനം മാത്രം ആയുധമാക്കി
​'ഇനി മാറാത്തത് മാറും" എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ബി.ജെ.പി പ്രചാരണം. പതിവ് ശൈലി പാടെ മാറ്റി. വർഗീയതയിൽ തൊടാതെയും വിവാദങ്ങൾക്ക് പിറകെ പോകാതെയും ഭരണമേൽപ്പിച്ചാൽ കൊണ്ടുവരുന്ന വികസനം മാത്രം ആയുധമാക്കി. ജനങ്ങൾ തേടുന്നത് വികസനമാണെന്ന ബി.ജെ.പി അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിന്റെയും വിജയമാണിത്.
​അമിത് ഷായുടെ ഉറപ്പ്: തലസ്ഥാനം പിടിച്ചാൽ കേരളം പിടിച്ചതുപോലെയെന്നാണ് അമിത് ഷാ തിരുവനന്തപുരത്തെത്തി പ്രവർത്തകരോട് പറഞ്ഞത്. ഭരണം കിട്ടിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി വമ്പൻ വികസന പദ്ധതി പ്രഖ്യാപിക്കുമെന്നും വോട്ടർമാർക്ക് ഉറപ്പുനൽകിയിരുന്നു.
തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ രണ്ടാം തലസ്ഥാനം
​1991ൽ കേരളവർമ്മ രാജ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ഒരു ലക്ഷത്തിലേറെ വോട്ട് നേടിയപ്പോൾ മുതൽ ബി.ജെ.പിയുടെ ലക്ഷ്യമാണ് നഗരസഭ. 2015ലും 2020ലും 35 സീറ്റോടെ പ്രതിപക്ഷത്തായിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാന തലസ്ഥാനങ്ങളിൽ ബംഗളൂരു മെട്രോ കോർപ്പറേഷൻ ഭരണം ബി.ജെ.പിക്കാണ്. ഇപ്പോൾ തിരുവനന്തപുരവുമായി.
​ ഇനി ലക്ഷ്യം 4 അസംബ്ളി സീറ്റ്
​തിരുവനന്തപുരം നഗരസഭയിലെ മുന്നേറ്റം ബി.ജെ.പിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. അസംബ്ളി തിരഞ്ഞെടുപ്പിൽ കോർപ്പറേഷൻ പരിധിയിലെ വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം, തിരുവനന്തപുരം സെൻട്രൽ മണ്ഡലങ്ങളിൽ വിജയ പ്രതീക്ഷയിലാണവർ. ഈ മണ്ഡലങ്ങളിലെ വാർഡുകളിൽ വൻ മുന്നേറ്റമാണ് പാർട്ടി നടത്തിയത്. ഈ ട്രെൻഡ് നിലനിറുത്താനുള്ള പ്രവർത്തനങ്ങളാകും വരും ദിനങ്ങളിൽ നടത്തുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img