10:19pm 02 November 2026
NEWS
സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു
02/11/2026  08:20 PM IST
nila
സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വൈസ് പ്രസിഡന്റും മർകസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ (88) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് 5.20ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സുന്നി പ്രസ്ഥാനത്തിന്റെ മത-വിദ്യാഭ്യാസ മേഖലകളിൽ ദീർഘകാലം നേതൃത്വപരമായ പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം.

സുന്നി വിദ്യാഭ്യാസ ബോർഡിന്റെയും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെയും സംസ്ഥാന പ്രസിഡന്റായിരുന്ന തങ്ങൾ നിരവധി മഹല്ലുകളുടെ ഖാളിയായും സേവനമനുഷ്ഠിച്ചു. സമസ്തയുടെയും അനുബന്ധ സംഘടനകളുടെയും നേതൃനിരയിൽ അരനൂറ്റാണ്ടിലേറെയായി പ്രവർത്തിച്ചുവരികയായിരുന്നു. സമസ്തയുടെ മുൻനിര നേതാവായിരുന്ന മർഹും സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങളുടെ മരുമകനാണ്.

1938ൽ കൊയിലാണ്ടിയിലെ പ്രമുഖ ബാഫഖി കുടുംബത്തിൽ സയ്യിദ് അഹ്‌മദ് ബാഫഖിയുടെയും ശരീഫ നഫീസ ബീവിയുടെയും മകനായാണ് ജനനം. കൊയിലാണ്ടിയിലെ മാപ്പിള സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം 1950ൽ തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്ലാം അറബിക് കോളേജിൽ തുടർപഠനത്തിന് ചേർന്നു. കോഴിക്കോട്, കൊയിലാണ്ടി, പരപ്പനങ്ങാടി ജുമാമസ്ജിദുകളിലെ പഠനത്തിനുശേഷം 1965ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ ഉപരിപഠനം നടത്തി.

ജാമിഅ നൂരിയ്യയിലെ അഞ്ചുവർഷത്തെ പഠനകാലത്ത് വിദ്യാർഥി സംഘടനയായ നൂറുൽ ഉലമയുടെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അൽ മുനീർ മാസികയുടെ പ്രസിദ്ധീകരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. ഹാഫിള് മുഹമ്മദ് മുസ്ലിയാർ, കുട്ടി മുഹമ്മദ് മുസ്ലിയാർ, കോട്ടുമല അബൂബക്കർ മുസ്ലിയാർ, ഇ.കെ. അബൂബക്കർ മുസ്ലിയാർ എന്നിവരായിരുന്നു പ്രധാന ഗുരുനാഥന്മാർ.

കൊയിലാണ്ടി വലിയകം ജുമാമസ്ജിദിൽ ആറു പതിറ്റാണ്ടോളം ഖത്വീബായി സേവനമനുഷ്ഠിച്ച അദ്ദേഹം കൊയിലാണ്ടി ഖൽഫാൻ സ്ഥാപനങ്ങളുടെ പ്രസിഡന്റുമായിരുന്നു. മതവിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളിലൂടെ സുന്നി സമൂഹത്തിൽ ശ്രദ്ധേയമായ സ്ഥാനമാണ് തങ്ങൾ നേടിയെടുത്തത്.

പരേതയായ ശരീഫ ഉമ്മുക്കുൽസുവാണ് ഭാര്യ. സയ്യിദ് ഇബ്‌റാഹീം ബാഫഖി, സയ്യിദ് ഹുസൈൻ ബാഫഖി, സയ്യിദ് ഉസ്മാൻ ബാഫഖി, സയ്യിദ് ഇസ്മാഈൽ ബാഫഖി, സയ്യിദ് സൈദ് ഉമർ ബാഫഖി, സയ്യിദ് സൈൻ ബാഫഖി, സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി, സയ്യിദത്ത് ശരീഫ റുഖയ്യ, സയ്യിദ് ഹാശിം ബാഫഖി എന്നിവരാണ് മക്കൾ.

ചൊവ്വാഴ്ച ഉച്ചയ്ക്ക് കൊയിലാണ്ടിയിൽ സംസ്കാരം നടക്കും. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്റസകൾക്ക് അവധി പ്രഖ്യാപിച്ചതായി ബോർഡ് ഓഫീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img