07:38pm 06 November 2026
NEWS
എറണാകുളത്തെ 'സർജിക്കൽ സ്‌ട്രൈക്ക്'
29/03/2026  09:23 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എറണാകുളത്തെ സർജിക്കൽ സ്‌ട്രൈക്ക്

സ്ഥാനാർത്ഥി നിർണ്ണയത്തിൽ മൂന്നു മുന്നണികളുടെയും കണക്കുകൂട്ടലുകൾ പാളിയെന്ന പരാതി എറണാകുളം ജില്ലയിലെ പല മണ്ഡലങ്ങളിലും തീവ്രമായുണ്ട്. വോട്ടർ പട്ടികയിൽ പേരില്ലാത്ത ഗഌമർ താരങ്ങളെ അവതരിപ്പിക്കാൻ തുനിഞ്ഞ് നാണം കെട്ട ട്വന്റി20 തന്നെ ഇക്കാര്യത്തിൽ ഒന്നാമത്. വിജയ സാധ്യത മുൻകൂട്ടി നിർണ്ണയിച്ച് സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള അഭ്യാസത്തിൽ മൂന്നു മുന്നണികൾക്കും ചുവടു പിഴയ്ക്കുന്നതിന്റെ ഉദാഹരണം ജില്ലയിൽ പലതുണ്ടെങ്കിലും ഇതിൽ ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റുന്നത് പറവൂരിലെ ഇടതു മുന്നണി സ്ഥാനാർത്ഥി ഇ.ടി. ടൈസൺ തന്നെ. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലെ തീരുമാന പ്രകാരമാണ് നിലവിൽ തൃശൂർ ജില്ലയിലെ കയ്പമംഗലം എംഎൽഎയായ ടൈസൺ, ഇവിടെ രണ്ട് ടേം പൂർത്തിയാക്കിയ ശേഷം പറവൂരിലേക്ക് മാറിയത്. 

പ്രതിപക്ഷ നേതാവ് വി. ഡി സതീശനെതിരെ ശക്തനായ എതിരാളിയെ രംഗത്തിറക്കി അദ്ദേഹത്തെ മണ്ഡലത്തിൽ തളച്ചിടാനും വിജയത്തുടർച്ച ഇല്ലാതാക്കാനുമാണ് സിപിഐ ലക്ഷ്യമിടുന്നതത്രേ. പന്ന്യൻ രവീന്ദ്രനെയടക്കം നിരവധിപ്പേരെ പറവൂരിൽ പരീക്ഷിച്ചെങ്കിലും തുടർച്ചയായി അഞ്ച് തവണ വി.ഡി. സതീശനോട് പരാജയപ്പെട്ടു. കോട്ടപ്പുറം രൂപതയ്ക്ക് ഗണ്യമായ സ്വാധീനമുള്ള മണ്ഡലത്തിൽ ലത്തീൻ കത്തോലിക്കാ മുഖം എന്ന നിലയിലാണ് മുഖ്യമായും ടൈസൺ അവതരിപ്പിക്കപ്പെടുന്നത്. ഗ്രാമപഞ്ചായത്ത്, ബ്‌ളോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിൽ ദീർഘനാൾ അംഗമായി പ്രവർത്തിച്ചിട്ടുള്ളയാളാണ്. അദ്ദേഹത്തിന്റെ വ്യക്തിപരമായ സ്വാധീനവും വോട്ടായി മാറുമെന്ന് സിപിഐ കണക്കുകൂട്ടുന്നു.


2001- ൽ ആദ്യമായി നിയമസഭയിലെത്തിയ വി.ഡി സതീശൻ, തുടർച്ചയായ ആറാം ജയമാണ് ഇക്കുറി ലക്ഷ്യമിടുന്നത്. സിപിഐയിലെ എം.ടി. നിക്‌സണെയാണ് കഴിഞ്ഞ തവണ സതീശൻ പരാജയപ്പെടുത്തിയത്. 21,301 വോട്ടുകൾക്കായിരുന്നു 2021-ലെ സതീശന്റെ വിജയം.
അതേസമയം, സതീശനെതിരായ ഇടതുമുന്നണി സ്ഥാനാർത്ഥിയേക്കാൾ ആദ്യ ഘട്ടത്തിൽ ചർച്ച ചെയ്യപ്പെടുന്നത് എൻ.ഡി.എ സ്ഥാനാർത്ഥിയുടെ രംഗപ്രവേശമാണെന്നാണ് പറവൂരിലെ ജനങ്ങൾ പറയുന്നത്. കോൺഗ്രസിൽനിന്ന് കൂടുമാറി അടുത്തിടെ ബി.ജെ.പിയിൽ ചേർന്ന വത്സലാ പ്രസന്നകുമാറാണ് എൻ.ഡി.എ സ്ഥാനാർത്ഥി. രണ്ടുവട്ടം പറവൂർ നഗരസഭ ചെയർപേഴ്‌സണായി പ്രവർത്തിച്ച അനുഭവസമ്പത്താണ് വത്സലയുടെ മികവ്. പറവൂരിൽ 2016-ലും 2021-ലും ബി.ഡി.ജെ.എസാണ് മത്സരിച്ചത്. ഇത്തവണ ബി.ജെ.പി ഏറ്റെടുത്തു. 2016-ൽ മത്സരിച്ച ഹരി വിജയൻ 28,097 വോട്ട് നേടി. എന്നാൽ 2021-ൽ എ.ബി. ജയപ്രകാശിന് 12,964 വോട്ടാണ് ലഭിച്ചത്. ഇത്തവണ ത്രികോണ മൽസരത്തിന്റെ ചൂട് ഇതിനകം പറവൂരിൽ അനുഭവപ്പെട്ടുതുടങ്ങി. 

പറവൂരിന്റെ അയൽമണ്ഡലമായ ആലുവായിലും ഇടതു സ്ഥാനാർത്ഥി എറണാകുളം ജില്ലക്കാരനല്ല: ആലപ്പുഴ മുൻ എം.പി എ എം ആരിഫ്. മൂന്നുതവണ അരൂരിൽനിന്ന് നിയമസഭയിലേക്ക് ജയിച്ചിട്ടുള്ള ആരിഫിലൂടെ ആലുവയിൽ മാറ്റുമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് സി.പി.എമ്മിനുള്ളത്. അഡ്വ. എ കെ നസീറും അഡ്വ. എ.ജെ. റിയാസും പരിഗണനയിലുണ്ടായിരുന്നു. നസീർ മുൻ ബിജെപി നേതാവായതിനാൽ പരമ്പരാഗത മുസ്ലീം വോട്ടുകൾ ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അവസാന നിമിഷം റിയാസിന്റെ പേര് ഉയർത്തിക്കൊണ്ടുവന്നത്. എന്നാൽ വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ നിന്ന് റിയാസ് പുറത്താക്കപ്പെട്ടതിനാൽ ഒരു വിഭാഗം വ്യാപാരികൾ എതിർപ്പുയർത്തിയതോടെയാണ് ആരിഫ് ഇടതു സ്ഥാനാർത്ഥിയായത്.

കോൺഗ്രസിലെ അൻവർ സാദത്ത് 2011- മുതൽ തുടർച്ചയായി വിജയിച്ചു വരുന്ന മണ്ഡലമാണ് ആലുവ. 2021-ൽ 18,886 വോട്ടുകൾക്കാണ് അൻവർ സാദത്ത് വിജയിച്ചത്. ഐ ഗ്രൂപ്പുകാരനായ അൻവർ, മുൻ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ഏറ്റവും അടുത്ത അനുയായിയാണ്. യു.ഡി.എഫ് മണ്ഡലമെന്ന് ദശാബ്ദങ്ങളായി അറിയപ്പെടുന്ന ആലുവയിൽ 2006- ൽ മാത്രമാണ് അട്ടിമറി നടന്നത്. എ.എം. യൂസഫ് അന്ന് ആലുവയിൽ ചെങ്കൊടി പാറിച്ചു. മുപ്പതുവർഷത്തോളം ആലുവയിലെ എം.എൽ.എ.യായിരുന്ന കെ. മുഹമ്മദാലിയെയാണ് യൂസഫ് അന്ന് തറപറ്റിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും യുഡിഎഫ് ഭരണം നേടി. തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ വോട്ടുകളുടെ കണക്കിൽ 11,849 വോട്ടുകളുടെ ലീഡാണ് യുഡിഎഫിനുള്ളത്. ട്വന്റി20 എൻ.ഡി.എയിലേക്കു വന്ന സാഹചര്യത്തിൽ ഇക്കുറി കരുത്തുകൂടിയേക്കാമെങ്കിലും ആലുവ എൻ.ഡി.എ.യ്ക്ക് വലിയ സാധ്യതകളില്ലാത്ത മണ്ഡലമാണ്. ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം അഡ്വ. എം.എ. വിനോദ് ആണ് എൻ.ഡി.എ സ്ഥാനാർഥി.  

യു.ഡി.എഫിന്റെ കുത്തക മണ്ഡലമായ എറണാകുളത്ത് രണ്ട് ഡെപ്യൂട്ടി മേയർമാരാണ് പ്രധാന എതിരാളികൾ: കോൺഗ്രസിലെ ടി.ജെ. വിനോദും, ജനതാദളിലെ സാബു ജോർജും. കോൺഗ്രസിൽ സിറ്റിങ് എം.എൽ.എ.മാർക്ക് സീറ്റ് ഉറപ്പായതിനാൽ ടി.ജെ. വിനോദ് നേരത്തേതന്നെ പ്രചാരണം  തുടങ്ങിയിരുന്നു. 2010-ൽ കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കാരണക്കോടം ഡിവിഷനിൽ ഇവർ പരസ്പരം മത്സരിച്ചിട്ടുണ്ട്. അന്ന് ആയിരത്തിലധികം വോട്ടിന് വിനോദാണ് വാർഡിൽ വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥി ആരെന്നുപോലും നോക്കാതെ എറണാകുളത്തുകാർ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്യുന്നതാണ് പാരമ്പര്യം. ലത്തീൻ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലമെന്ന നിലയിൽ സമുദായ വോട്ടിന് എറണാകുളത്ത് വലിയ പ്രാധാന്യമുണ്ട്. അതിൽ വിള്ളൽ വരുത്തുന്നതിനുള്ള തന്ത്രമാണ് ഇക്കുറി ഇടതുമുന്നണി പരീക്ഷിക്കുന്നത്. സാബു ജോർജ് ലത്തീൻ സമുദായത്തിൽനിന്നായതിനാൽ, ഇക്കുറി സമുദായ വോട്ടുകൾ മറിക്കാനാവുമെന്ന് മുന്നണി പ്രതീക്ഷിക്കുന്നു. പി.ആർ. ശിവശങ്കരൻ ആണ് എറണാകുളത്തെ എൻ.ഡി.എ സ്ഥാനാർത്ഥി.

ഇടതുമുന്നണിയിൽ കാലങ്ങളായി സി.പി.എം. കൈവശം വെച്ചുവരുന്ന സീറ്റാണ് എറണാകുളം. ഇവിടെ സ്ഥാനാർഥിയെ കണ്ടെത്താൻതന്നെ പലപ്പോഴും പാർട്ടി കഷ്ടപ്പെടാറുണ്ട്. പാർട്ടി നേതാക്കളെയും സ്വതന്ത്രരെയുമെല്ലാം പരീക്ഷിച്ച് വലഞ്ഞിരിക്കുമ്പോഴാണ്, ഇക്കുറി സീറ്റ് മാറ്റമെന്ന ചിന്ത ഉയർന്നുവന്നത്. സി.പി.എമ്മിന് ഒപ്പംനിന്ന് വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന സോഷ്യലിസ്റ്റ് നേതാവ് സാബു ജോർജിന് ഇക്കുറി എറണാകുളത്ത് അവസരം കൊടുക്കണമെന്ന ആലോചനയാണ് സീറ്റ് മാറ്റത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിന് അനുവദിച്ചുവരുന്ന സീറ്റ് അങ്കമാലിയാണ്. അവിടെ അവരും തുടർച്ചയായി തോറ്റുവരുകയാണ്. തോൽക്കുന്ന സീറ്റുകൾ തമ്മിലുള്ള വെച്ചുമാറ്റം ജയത്തിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്ന തോന്നലും അതിനു പിന്നിലുണ്ട്. 

സമുദായവുമായി അടുത്ത ബന്ധമുള്ള ആളെന്ന നിലയിൽ സാബു ജോർജിന് കൂടുതൽ വോട്ടുകൾ പിടിക്കാൻ സാധിക്കും. എറണാകുളം മണ്ഡലത്തിൽ മുപ്പത്തയ്യായിരത്തോളം പാർട്ടി വോട്ടുകളുണ്ടെന്നാണ് സി.പി.എം. കണക്ക്. അതിലേക്ക് കൂടുതലായി വരുന്ന വോട്ടുകൾ കൂടിയാവുമ്പോൾ വമ്പൻ ഭൂരിപക്ഷത്തിനല്ലെങ്കിലും ജയം സാധ്യമാണെന്ന വിലയിരുത്തൽ ഇടതുപക്ഷത്തിനുണ്ട്. എന്നാൽ, കോൺഗ്രസിന് വലിയ വേരുകളുള്ള മണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽനിന്ന് വോട്ടുകൾ മാറിച്ചെയ്യുന്ന പ്രശ്‌നമില്ലെന്ന് യു.ഡി.എഫ്. കരുതുന്നു. 1987-ൽ എം.കെ. സാനുവും, 1998-ൽ സെബാസ്റ്റ്യൻ പോളുമാണ് ഇടതുപക്ഷത്തുനിന്ന് ഇവിടെ ജയിച്ചത്. 2019-ലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മത്സരം കടുത്തതായിരുന്നു. നേരിയ ഭൂരിപക്ഷത്തിനായിരുന്നു ഉപതിരഞ്ഞെടുപ്പിൽ ടി.ജെ. വിനോദ് ജയിച്ചുവന്നത്. എന്നാൽ  2021- ൽ ഭൂരിപക്ഷം പതിനായിരത്തിനു മുകളിൽ എത്തിക്കാൻ വിനോദിന് സാധിച്ചു.

വൈപ്പിനിൽ സി.പി.എമ്മിന്റെ വനിതാമുഖവും പുതുമുഖവുമായ എം.ബി. ഷൈനിയാണ് ഇടതു മുന്നണി സ്ഥാനാർത്ഥി. കൊച്ചി മുൻ മേയർ ടോണി ചമ്മിണി യു.ഡി.എഫിനായി മത്സരിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പഞ്ചായത്തുകളിൽ നേരിയ മുൻതൂക്കം നേടാനായത് ഇടതുപക്ഷത്തിന് ആത്മവിശ്വാസമേകുന്നു. ട്വന്റി 20 എൻ.ഡി.എ പക്ഷത്ത് എത്തിയ ശേഷമുള്ള ഈ തെരഞ്ഞെടുപ്പിൽ നടിയും നർത്തകിയുമായ അനിത തോമസാണ് എൻ.ഡി.എ സ്ഥാനാർത്ഥി. 2021 ൽ ബി.ജെ.പിക്കും ട്വന്റി 20 പാർട്ടിക്കും കിട്ടിയ വോട്ടുകൾ ചേർത്തെടുത്താൽ മുപ്പതിനായിരത്തിൽപ്പരം വരും. ഇത്തവണ ഇവർ ഒരുമിച്ചു നിൽക്കുമ്പോൾ അതിന്റെ സ്വാധീനവും പ്രതിഫലിക്കും.

സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് എറണാകുളം ജില്ലയിലെ പുതിയ മണ്ഡലങ്ങളിൽ ഒന്നായ  കളമശ്ശേരി. സിറ്റിംഗ് എംഎൽഎയും വ്യവസായ മന്ത്രിയുമായ പി. രാജീവ് എൽഡിഎഫ് സ്ഥാനാർത്ഥിയായി വീണ്ടും ജനവിധി തേടുന്ന മണ്ഡലത്തിൽ ഇക്കുറി അട്ടിമറി നടക്കാനുളള സാധ്യതയാണ് അവിടേക്ക് രാഷ്ട്രീയ ശ്രദ്ധയാകർഷിക്കുന്നത്. 2001-ൽ വടക്കേക്കരയിൽ നിന്ന് നിയമസഭയിലേക്കും 2019-ൽ എറണാകുളത്ത് നിന്ന് ലോക്‌സഭയിലേക്കും മത്സരിച്ച് തോറ്റ ചരിത്രമാണ് പി.രാജീവിന്റേത്. പിണറായി സർക്കാരിലെ കരുത്തനായ വ്യവസായ മന്ത്രിയെന്ന നിലയിൽ കേരളത്തിലുടനീളം നടത്തിയ വ്യവസായ മുന്നേറ്റങ്ങൾ രാജീവിന്റെ പ്രതിച്ഛായ വർദ്ധിപ്പിച്ചിട്ടുണ്ട്.'കൃഷി ഒപ്പം കളമശ്ശേരി' പോലുള്ള ജനകീയ പദ്ധതികൾ കാർഷികസാമൂഹിക മേഖലകളിൽ വലിയ സ്വീകാര്യത നേടി. 
യുഡിഎഫിന് അനുകൂലമായ മണ്ഡലത്തിൽ 2021 - ൽ പി.രാജീവിന് ജയം നേടിക്കൊടുത്തത് പാലാരിവട്ടം പാലം അഴിമതിയും മുസ്ലീംലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച വി.ഇ.അബ്ദുൾ ഗഫൂറിന് എതിരെ ലീഗിൽ നിന്ന് തന്നെ ഉണ്ടായ എതിർപ്പുമാണ്. എന്നാൽ ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏലൂർ നഗരസഭ ഒഴികെയുളള എല്ലായിടത്തും എൽ.ഡി.എഫ് തകർന്നത് പി.രാജീവിന്റെ സാധ്യകൾക്ക് മേൽ ഇരുൾ പരത്തുന്നുണ്ട്. എങ്കിലും, മണ്ഡലത്തിൽ നടത്തിയ വികസനക്ഷേമ പ്രവർത്തനങ്ങൾ വിജയം നേടിത്തരുമെന്ന പ്രതീക്ഷയാണ് രാജീവിനുള്ളത്. 2021-ലെ രാഷ്ട്രീയ സാഹചര്യം പാടേ മാറിയതും സിപിഎം അഴിമതി ആക്ഷേപിച്ച അബ്ദുൽ ഗഫൂറിന്റെ പിതാവ് വി.കെ.ഇബ്രാഹിംകുഞ്ഞ് മരിച്ചതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് ആയതിനാൽ സഹതാപതരംഗവും യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായുണ്ട്.

മുൻ രാജ്യസഭാ അംഗമെന്ന നിലയിലും മികച്ച പാർലമെന്റേറിയൻ എന്ന നിലയിലും പി. രാജീവിനുള്ള സൽപ്പേര് രാഷ്ട്രീയത്തിന് അതീതമായി വോട്ടുകൾ സമാഹരിക്കാൻ സഹായിക്കുമെന്ന് ഇടത് മുന്നണി പ്രതീക്ഷിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img