11:25am 26 October 2026
NEWS
ഔദ്യോഗിക രേഖകൾ കണ്ട് ഫ്ലാറ്റ് വാങ്ങിയവർക്ക് ആശ്വാസം; പൊളിക്കുന്നതിന് മുൻപ് പകരം ഭൂമി നൽകണമെന്ന് സുപ്രീം കോടതി:


26/10/2026  08:39 AM IST
നിയമകാര്യ ലേഖകൻ
ഔദ്യോഗിക രേഖകൾ കണ്ട് ഫ്ലാറ്റ് വാങ്ങിയവർക്ക് ആശ്വാസം; പൊളിക്കുന്നതിന് മുൻപ് പകരം ഭൂമി നൽകണമെന്ന് സുപ്രീം കോടതി:

ന്യൂഡൽഹി: സർക്കാർ അനുമതികളും ഔദ്യോഗിക റവന്യൂ രേഖകളും വിശ്വസിച്ച് ഫ്ലാറ്റുകൾ വാങ്ങിയവർ അധികാരികളുടെ വീഴ്ചയുടെ പേരിൽ ദുരിതമനുഭവിക്കേണ്ടിവരരുതെന്ന് സുപ്രീം കോടതി. ജലാശയമായി രേഖപ്പെടുത്തിയ ഭൂമിയിൽ നിർമിച്ച 20 ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുമ്പ് ഉടമകൾക്ക് തത്തുല്യ മൂല്യമുള്ള പകരം സ്ഥലം അനുവദിക്കാൻ തമിഴ്‌നാട് സർക്കാരിന് കോടതി നിർദേശം നൽകി.
​ജസ്റ്റിസുമാരായ എസ്.വി.എൻ. ഭട്ടി, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഫ്ലാറ്റുടമകളുടെ സൊസൈറ്റിക്ക്, കഴിയുന്നതും ആറുമാസത്തിനുള്ളിൽപകരം ഒഴിഞ്ഞ സ്ഥലം അനുവദിക്കണമെന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറിയോടും തിരുവള്ളൂർ ജില്ലാ കളക്ടറോടും കോടതി നിർദേശിച്ചു. ഇതിനുശേഷമേ കെട്ടിടങ്ങൾ പൊളിക്കുന്ന നടപടിയിലേക്ക് കടക്കാവൂ.
​തിരുവള്ളൂർ ജില്ലയിലെ തിരുമുല്ലൈവോയൽ ഗ്രാമത്തിലെ ഭൂമിയാണ് തർക്കവിഷയം. 1911-ലെ റീസർവേ രേഖകളിൽ സർക്കാർ പുറമ്പോക്ക് ജലാശയമായി രേഖപ്പെടുത്തിയിരുന്ന 0.72 ഏക്കർ ഭൂമിക്ക് 2011-ൽ ജില്ലാ റവന്യൂ ഓഫീസർ പി. രാമദോസിന്റെ പേരിൽ റയറ്റ്‌വാരി പട്ടയം അനുവദിച്ചു. ഇതിൽ 0.22 ഏക്കർ ഭൂമിയിൽ പിന്നീട് നിർമിച്ച 20 ഫ്ലാറ്റുകൾ വ്യക്തികൾക്ക് വിൽക്കുകയായിരുന്നു.
​പട്ടയം അനുവദിച്ചതിനെതിരെ പരാതി ഉയർന്നതിനെത്തുടർന്ന്, സർക്കാർ ജലാശയ ഭൂമിയിൽ നിയമവിരുദ്ധമായാണ് പട്ടയം നൽകിയതെന്ന് കണ്ടെത്തി 2019 ഡിസംബറിൽ ലാൻഡ് അഡ്മിനിസ്‌ട്രേഷൻ കമ്മീഷണർ അത് റദ്ദാക്കി. മദ്രാസ് ഹൈക്കോടതി ഈ നടപടി ശരിവെക്കുകയും അനധികൃത നിർമാണങ്ങൾ നീക്കി ജലാശയം പുനഃസ്ഥാപിക്കാൻ നിർദേശിക്കുകയും ചെയ്തു. ഇതിനെതിരെയാണ് ഒരു ഫ്ലാറ്റുടമയും തമിഴ്‌നാട് മെർക്കന്റൈൽ ബാങ്കും സുപ്രീം കോടതിയെ സമീപിച്ചത്.
​തദ്ദേശസ്ഥാപനം കെട്ടിട നിർമാണത്തിന് അനുമതി നൽകിയതും റവന്യൂ വകുപ്പ് ഭൂമിയുടെ രേഖകളിൽ മാറ്റം വരുത്തി ഉപവിഭജനത്തിന് അംഗീകാരം നൽകിയതും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇത്തരം ഔദ്യോഗിക നടപടികൾ ഭൂമി വാങ്ങുന്നതിന് നിയമതടസ്സങ്ങളില്ലെന്ന വിശ്വാസം സാധാരണ വാങ്ങുന്നവരിൽ സൃഷ്ടിക്കുമെന്ന് ബെഞ്ച് നിരീക്ഷിച്ചു.
​ജലാശയങ്ങൾ സംരക്ഷിക്കാനുള്ള സർക്കാരിന്റെ ഉത്തരവാദിത്വം നിലനിൽക്കുമ്പോഴും, സ്വന്തം ഉദ്യോഗസ്ഥരുടെ നടപടികൾമൂലം നിരപരാധികളായ വാങ്ങുന്നവർക്കുണ്ടായ ദുരിതം അവഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അവരുടെ സാഹചര്യം പരിഗണിക്കാതെ വീടുകൾ പൊളിക്കുന്നത് പരിഹരിക്കാനാകാത്ത സാമ്പത്തിക നഷ്ടത്തിനും കുടുംബങ്ങൾ ഭവനരഹിതരാകുന്നതിനും ഇടയാക്കുമെന്നും കോടതി വിലയിരുത്തി.
​പട്ടയം റദ്ദാക്കിയ നടപടിയിൽ ഇടപെടാതെയാണ്, ഫ്ലാറ്റുടമകൾക്ക് പകരം ഭൂമി ഉറപ്പാക്കിയശേഷം മാത്രം പൊളിക്കൽ നടത്തണമെന്ന സംരക്ഷണം സുപ്രീം കോടതി നൽകിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img