
മലപ്പുറം: മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അടുത്ത കേരള മുഖ്യമന്ത്രിയായി എത്തണമെന്ന ആഗ്രഹം തുറന്നുപറഞ്ഞ് സുന്നി മഹല്ല് ഫെഡറേഷൻ (എസ്എംഎഫ്) നേതാവ്. മലപ്പുറം ചെമ്മാട് ദാറുൽ ഹുദയിൽ നടന്ന എസ്എംഎഫ് ഗോൾഡൻ ജൂബിലി പ്രഖ്യാപന വേദിയിലാണ് പി കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകണമെന്ന ആവശ്യം പരസ്യമായി ഉയർന്നത്. എസ്എംഎഫ് നേതാവ് അസ്ലം മഷ്ഹൂർ തങ്ങളാണ് ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.
മേയ് 4-ന് വോട്ടെണ്ണൽ കഴിഞ്ഞാൽ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷ അദ്ദേഹം തന്റെ പ്രസംഗത്തിനിടെ പങ്കുവച്ചു. പ്രസംഗസമയം വേദിയിൽ തന്നെ ഉണ്ടായിരുന്ന കുഞ്ഞാലിക്കുട്ടിയും മറ്റ് ലീഗ് നേതാക്കളും ഇതിനെ പുഞ്ചിരിയോടെ സ്വീകരിച്ചു.
പരിപാടിയിൽ പാണക്കാട് സാദിഖലി തങ്ങൾ അടക്കമുള്ള മുസ്ലിം ലീഗിന്റെ പ്രമുഖ നേതാക്കളും പങ്കെടുത്തിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രിപദം ഉൾപ്പെടെ കുഞ്ഞാലിക്കുട്ടിക്ക് ഏത് സ്ഥാനമെന്ന ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമാകുന്നതിനിടെയാണ് എസ്എംഎഫ് വേദിയിൽ നിന്നുള്ള ഈ പരാമർശം ശ്രദ്ധ നേടുന്നത്.









