02:05pm 19 July 2026
NEWS
എൻസിപി ലയനചർച്ചകൾക്ക് സുനേത്രയുടെ നിബന്ധനകൾ; ബിജെപിക്ക് മുന്നിൽ പുതിയ വെല്ലുവിളി
19/07/2026  07:05 AM IST
nila
എൻസിപി ലയനചർച്ചകൾക്ക് സുനേത്രയുടെ നിബന്ധനകൾ; ബിജെപിക്ക് മുന്നിൽ പുതിയ വെല്ലുവിളി

മുംബൈ: ശരദ് പവാർ നയിക്കുന്ന എൻസിപിയെ അജിത് പവാർ വിഭാഗവുമായി ലയിപ്പിച്ച് എൻഡിഎയുടെ ഭാഗമാക്കാനുള്ള ബിജെപിയുടെ നീക്കത്തിൽ നിർണായക വഴിത്തിരിവ്. ലയനത്തോട് എതിർപ്പില്ലെന്ന സൂചന നൽകിയെങ്കിലും, നിലവിലെ അധികാരസ്ഥാനങ്ങൾ നിലനിർത്തണമെന്ന നിലപാടിലാണ് അജിത് വിഭാഗത്തിന്റെ ദേശീയ അധ്യക്ഷയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാർ.

പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനവും ഉപമുഖ്യമന്ത്രി പദവിയും തുടരാൻ അനുവദിച്ചാൽ മാത്രമേ ലയനത്തിന് പിന്തുണ നൽകാനാകൂവെന്നതാണ് സുനേത്രയുടെ നിലപാടെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ മഹാരാഷ്ട്ര ധനമന്ത്രി സ്ഥാനവും മകൻ പാർഥ് പവാറിന് കേന്ദ്രമന്ത്രിസ്ഥാനവും ലഭിക്കണമെന്ന ആവശ്യവും അവർ മുന്നോട്ടുവയ്ക്കുന്നതായാണ് വിവരം.

ലയനം നടന്നാൽ പാർട്ടിയുടെ നിയന്ത്രണം ശരദ് പവാറിന്റെയും മകൾ സുപ്രിയ സുളെയുടെയും കൈകളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് സുനേത്രയുടെയും പാർഥ് പവാറിന്റെയും നിലപാടിന് പിന്നിലെ പ്രധാന കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, ഇരു എൻസിപി വിഭാഗങ്ങളും ഒന്നിച്ചാൽ കേന്ദ്രത്തിൽ ഓരോ മന്ത്രിസ്ഥാനം വീതം നൽകാമെന്ന ഉറപ്പാണ് ബിജെപി നൽകിയിരിക്കുന്നതെന്നാണ് വിവരം. എന്നാൽ അജിത് വിഭാഗത്തിന്റെ ക്വോട്ടയിൽ പാർഥ് പവാറിനെ കേന്ദ്രമന്ത്രിയാക്കണമെന്ന സുനേത്രയുടെ ആഗ്രഹത്തിന് പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുണ്ട്. ദേശീയ വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേലും കേന്ദ്രമന്ത്രിസ്ഥാനം ലക്ഷ്യമിടുന്ന സാഹചര്യത്തിൽ ഈ വിഷയവും ചർച്ചകളെ സങ്കീർണമാക്കുന്നുണ്ട്.

മറുവശത്ത്, ശരദ് പവാർ വിഭാഗം സുപ്രിയ സുളെയ്ക്ക് കേന്ദ്രമന്ത്രിസ്ഥാനവും മഹാരാഷ്ട്രയിൽ ജയന്ത് പാട്ടീലിനും ജിതേന്ദ്ര ആവാഡിനും മന്ത്രിസ്ഥാനങ്ങളും വേണമെന്ന ആവശ്യമാണ് ബിജെപിക്ക് മുന്നിൽ വച്ചിരിക്കുന്നതെന്നാണ് സൂചന.

ലയനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ശരദ് പവാർ ഇതുവരെ നേരിട്ട് പങ്കെടുത്തിട്ടില്ല. അദ്ദേഹത്തിന്റെ പ്രതിനിധികളിലൂടെയാണ് ആശയവിനിമയം നടക്കുന്നതെന്നാണ് വിവരം. വിഷയത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img