
സാപോപൻ: ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ദക്ഷിണ കൊറിയ പോരാട്ടവീര്യം തെളിയിച്ചു. ഒരു ഗോളിന് പിന്നിലായ ശേഷവും തളരാതെ കളിച്ച കൊറിയ, ചെക്ക് റിപ്പബ്ലിക്കിനെ 2-1ന് കീഴടക്കി ഗ്രൂപ്പ് എയിൽ വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കി.
ആദ്യ പകുതിയിൽ കളി പൂർണമായും കൊറിയയുടെ നിയന്ത്രണത്തിലായിരുന്നു. സൺ ഹ്യൂങ് മിന്നിന്റെ നേതൃത്വത്തിൽ നിരന്തരം ആക്രമണം നടത്തിയെങ്കിലും ഗോൾ മാത്രം പിറന്നില്ല. ലീ കാങ് ഇന്നിന്റെയും സണ്ണിന്റെയും ശ്രമങ്ങൾ ചെക്ക് പ്രതിരോധവും ഗോൾകീപ്പറും ചേർന്ന് തടഞ്ഞു. മറുവശത്ത് ചെക്ക് റിപ്പബ്ലിക്കും ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയിൽ ആദ്യം ആഘോഷിച്ചത് ചെക്ക് റിപ്പബ്ലിക്കായിരുന്നു. 59-ാം മിനിറ്റിൽ നായകൻ ലഡിസ്ലാവ് ക്രജ്കി വലകുലുക്കി ടീമിനെ മുന്നിലെത്തിച്ചു. എന്നാൽ ലീഡ് നേടിയതിന്റെ ആവേശം അധികനേരം നീണ്ടില്ല. ആക്രമണം ശക്തമാക്കിയ കൊറിയ എട്ട് മിനിറ്റിനകം തിരിച്ചടിച്ചു. 67-ാം മിനിറ്റിൽ ബ്വാങ് ഇൻ ബ്യോം സമനില ഗോൾ നേടി.
ഗോൾ നേടിയതോടെ കൂടുതൽ ആത്മവിശ്വാസത്തോടെ കളിച്ച കൊറിയ വിജയത്തിനായുള്ള ശ്രമം തുടർന്നു. ഒടുവിൽ 80-ാം മിനിറ്റിൽ ഹ്യോൺ ഗ്യു ലക്ഷ്യം കണ്ടതോടെ മത്സരം കൊറിയയുടെ വരുതിയിലായി. ഹ്വാങ് ഇൻ ബ്യോമിന്റെ ക്രോസ് കൃത്യമായി വലയിലെത്തിച്ച ഹ്യോൺ ഗ്യുവിന്റെ ഗോൾ മത്സരത്തിലെ നിർണായക നിമിഷമായി.
ശേഷിച്ച സമയത്ത് ചെക്ക് റിപ്പബ്ലിക് സമനിലയ്ക്കായി ശ്രമിച്ചെങ്കിലും കൊറിയൻ പ്രതിരോധം പിഴവില്ലാതെ നിന്നു. അവസാന വിസിൽ മുഴങ്ങുമ്പോൾ സ്കോർബോർഡിൽ 2-1. യോഗ്യതാ റൗണ്ടിലെ അപരാജിത കുതിപ്പ് ലോകകപ്പിലേക്കും നീട്ടിയ ദക്ഷിണ കൊറിയ, ശക്തമായ തിരിച്ചുവരവിലൂടെ ടൂർണമെന്റിൽ വിജയത്തുടക്കം കുറിച്ചു.










