
ദോഹ: ഇൻസൈറ്റ് ഖത്തറിന്റെയും ഖത്തർ ഇന്ത്യൻ സ്റ്റുഡന്റ്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'സമ്മർ ക്യാമ്പ് 2k26' സമാപിച്ചു. സമ്മർ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച എക്സിബിഷനും ശ്രദ്ധേയമായി.
നാല് ആഴ്ചകളിലായി നീണ്ടുനിന്ന ക്യാമ്പിൽ നിരവധി വിദ്യാർത്ഥികളാണ് പങ്കെടുത്തത്.
കുട്ടികളുടെ സർഗ്ഗാത്മകതയും പഠന താല്പര്യവും വളർത്തുന്നതിനൊപ്പം വ്യക്തിത്വ വികസനം കൂടി ലക്ഷ്യമിട്ട് വ്യത്യസ്ത സെഷനുകളാണ് ക്യാമ്പിൽ ഉടനീളം ക്രമീകരിച്ചിരുന്നത്.
ക്യാമ്പ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ, എം.ജി.എം ഭാരവാഹികൾ ചേർന്ന് നിർവ്വഹിച്ചു.
ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച കലാസൃഷ്ടികളുടെ മനോഹരമായ പ്രദർശനവും ഒരുക്കിയിരുന്നു. വിവിധ പരിശീലനങ്ങളിലൂടെ കുട്ടികൾ സ്വന്തമായി നിർമ്മിച്ച കാലിഗ്രാഫി, ക്രോഷേ, പെയിന്റിംഗ്, ബോട്ടിൽ ആർട്ട്, മെഹന്ദി തുടങ്ങിയവയും വീടുകളിൽ നിന്ന് നിർമ്മിച്ചുകൊണ്ടുവന്ന പ്രത്യേക സൃഷ്ടികളും എക്സിബിഷനിൽ ശ്രദ്ധേയമായി.
ക്യാമ്പ് കുട്ടികളിൽ വലിയ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കിയെന്നും മികച്ച നിലവാരത്തിലുള്ള പരിശീലനമാണ് ലഭിച്ചതെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. സമ്മർ ക്യാമ്പിനു ക്വിസ്ക്, ഇൻസൈറ്റ്, എം ജി എം ഭാരവാഹികൾ നേതൃത്വം നൽകി.











