01:21pm 13 September 2026
NEWS
സുഹൈൽ 2026: അര മില്യൺ ഡോളർ വിലമതിക്കുന്ന പുഷ്യരാഗ ശില്പം ശ്രദ്ധാകേന്ദ്രമാകുന്നു
13/09/2026  11:26 AM IST
nila
സുഹൈൽ 2026: അര മില്യൺ ഡോളർ വിലമതിക്കുന്ന പുഷ്യരാഗ ശില്പം ശ്രദ്ധാകേന്ദ്രമാകുന്നു

 


​ദോഹ: പത്താമത് കത്താറ അന്താരാഷ്ട്ര വേട്ടയാടൽ, ഫാൽക്കണറി പ്രദർശനമായ 'സുഹൈൽ 2026'-ൽ സന്ദർശകരുടെ മനംകവർന്ന് അര മില്യൺ ഡോളർ (ഏകദേശം 500,000 യു.എസ് ഡോളർ) വിലമതിക്കുന്ന അപൂർവ്വ പുഷ്യരാഗ ശില്പം. റഷ്യൻ കലാകാരനായ ആന്ദ്രേ ടോനിക്കോവ് നിർമ്മിച്ച ഈ അത്ഭുത ശില്പമാണ് നിലവിൽ പ്രദർശനത്തിലെ പ്രധാന ആകർഷണം.
​ഏകദേശം 1,10,000 കാരറ്റ് പ്രകൃതിദത്ത പുഷ്യരാഗക്കല്ലുകൾ (Natural Sapphire) ഉപയോഗിച്ചാണ് ഈ ശില്പം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 150 കിലോഗ്രാം ഭാരമുള്ള ഈ കലാസൃഷ്ടി പൂർത്തിയാക്കാൻ രണ്ടു വർഷത്തോളമെടുത്തു. വ്യത്യസ്ത വർണ്ണങ്ങളിലുള്ള കല്ലുകൾ ഒന്നൊന്നായി കൂട്ടിച്ചേർത്താണ് ടോനിക്കോവ് ഈ ശില്പത്തിന് ജീവൻ നൽകിയത്.
​തുടർച്ചയായി ഏഴാം തവണയാണ് ആന്ദ്രേ ടോനിക്കോവ് സുഹൈൽ പ്രദർശനത്തിൽ പങ്കെടുക്കുന്നത്. ഖത്തറിലെ ഊഷ്മളമായ സ്വീകരണവും സംഘാടകരുടെ പ്രൊഫഷണലിസവും അദ്ദേഹം പ്രത്യേകമായി എടുത്തുപറഞ്ഞു. ഖത്തറിന്റെ പരമ്പരാഗത സംസ്കാരവും രത്നങ്ങളോടും ആഭരണങ്ങളോടുമുള്ള സവിശേഷ താല്പര്യവും തന്റെ സൃഷ്ടിയുമായി ഏറെ ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
​റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗ് സ്വദേശിയായ ടോനിക്കോവ് വന്യജീവി ശില്പങ്ങളിലൂടെയാണ് ആഗോളതലത്തിൽ ശ്രദ്ധ നേടിയത്. യു.എസ്.എയിലെ വേൾഡ് ഫിഷ് സ്കൽപ്ചർ ചാമ്പ്യൻഷിപ്പ്, ടോക്കിയോ ഇന്റർനാഷണൽ ആർട്ട് ഫെയർ, ഫ്ലോറൻസ് ബിയനാലെ തുടങ്ങിയ അന്താരാഷ്ട്ര വേദികളിൽ അദ്ദേഹത്തിന്റെ സൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. സുഹൈൽ എക്സിബിഷൻ പാരമ്പര്യത്തിന്റെയും കൈകലാ നൈപുണ്യത്തിന്റെയും ആധുനിക സർഗ്ഗാത്മകതയുടെയും മനോഹരമായ സംഗമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img