
ഖാർത്തൂം: സുഡാനിൽ സൈന്യവും പാരാമിലിറ്ററി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (RSF) തമ്മിലുള്ള ആഭ്യന്തര യുദ്ധം മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ, രാജ്യത്തെ കുട്ടികളുടെ അവസ്ഥ അതീവ ഗുരുതരമെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ 'സേവ് ദി ചിൽഡ്രൻ'. യുദ്ധം തുടങ്ങിയ 2023 ഏപ്രിൽ മുതൽ ഇതുവരെ സുഡാനിൽ 56 ലക്ഷം കുഞ്ഞുങ്ങൾ ജനിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതായത് രാജ്യത്ത് ഓരോ മിനിറ്റിലും മൂന്ന് കുഞ്ഞുങ്ങൾ വീതം ജനിക്കുന്നു.
ഒരു കുഞ്ഞും അഭിമുഖീകരിക്കാൻ പാടില്ലാത്ത സാഹചര്യങ്ങളിലേക്കാണ് ഈ കുട്ടികൾ ജനിച്ചു വീഴുന്നതെന്ന് സംഘടന മുന്നറിയിപ്പ് നൽകുന്നു. യുദ്ധം കാരണം തകർന്നടിഞ്ഞ ആരോഗ്യ സംവിധാനങ്ങളും പട്ടിണിയും ദശലക്ഷക്കണക്കിന് അമ്മമാരുടെയും നവജാതശിശുക്കളുടെയും ജീവൻ അപകടത്തിലാക്കിയിരിക്കുകയാണ്.രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾ ഒരു നേരത്തെ ഭക്ഷണം കൊണ്ട് മാത്രമാണ് ജീവൻ നിലനിർത്തുന്നത്. നവജാതശിശുക്കൾക്കും ഗർഭിണികൾക്കും ആവശ്യമായ പോഷകാഹാരം ലഭിക്കുന്നില്ല.ആശുപത്രികൾക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും നേരെയുള്ള നിരന്തരമായ ആക്രമണങ്ങൾ കാരണം പ്രസവ ശുശ്രൂഷയോ മറ്റ് അത്യാവശ്യ ചികിത്സകളോ ലഭ്യമല്ലാത്ത അവസ്ഥയാണ്.ദിവസേന ശരാശരി 5,000 കുട്ടികളാണ് സുഡാനിൽ ജനിക്കുന്നത്. എന്നാൽ ഇവർക്ക് സുരക്ഷിതമായ ഒരു അന്തരീക്ഷമോ കൃത്യമായ വൈദ്യസഹായമോ ഉറപ്പാക്കാൻ നിലവിലെ സാഹചര്യത്തിൽ സാധിക്കുന്നില്ല.
സുഡാനിലെ മാനുഷിക സാഹചര്യം 'കറ്റാസ്‌ട്രോഫിക്' (അതീവ ദുരന്തപൂർവ്വം) എന്ന നിലയിലാണെന്ന് സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ നിർത്തണമെന്നും ജനങ്ങൾക്ക് ആവശ്യമായ സഹായം എത്തിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും സേവ് ദി ചിൽഡ്രൻ ആവശ്യപ്പെട്ടു.











