
തിരുവനന്തപുരം:കേരളം വീണ്ടും ഒരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ രാഷ്ട്രീയ കേരളം വരുംനാളുകളിലെ കനത്ത പോരാട്ടത്തിന്റെ സൂചനകൾ നൽകിക്കഴിഞ്ഞു. 'സെമി ഫൈനൽ' എന്ന് വിശേഷിപ്പിക്കപ്പെട്ട തദ്ദേശ പോരിൽ യു.ഡി.എഫും എൻ.ഡി.എയും കരുത്തുതെളിയിച്ചപ്പോൾ, തങ്ങളുടെ ഉരുക്കുകോട്ടകൾ കാക്കാൻ ഇടതുപക്ഷം വിയർക്കുന്ന കാഴ്ചയാണ് കണ്ടത്.
തദ്ദേശത്തിലെ പാഠം:
മുന്നണികളുടെ നില
തിരുവനന്തപുരം കോർപ്പറേഷൻ അടിച്ചെടുത്ത് എൻ.ഡി.എ ചരിത്രം കുറിച്ചപ്പോൾ, കോഴിക്കോട് ഒഴികെയുള്ള കോർപ്പറേഷനുകൾ പിടിച്ചെടുത്ത് യു.ഡി.എഫ് വൻ തിരിച്ചുവരവ് നടത്തി. കാലങ്ങളായി ഇടതുപക്ഷത്തിനൊപ്പം നിന്നിരുന്ന കോഴിക്കോട് മാത്രമാണ് ഇത്തവണ എൽ.ഡി.എഫിന് ആശ്വാസം നൽകിയത്. പഞ്ചായത്തുകളിലും നഗരസഭകളിലും യു.ഡി.എഫ് സർവാധിപത്യം പുലർത്തിയപ്പോൾ, ജില്ലാ പഞ്ചായത്തുകളിൽ മാത്രമാണ് ഇരുമുന്നണികളും ഒപ്പത്തിനൊപ്പം എത്തിയത്.
ഇടതുപക്ഷം:
തിരുത്തലിലൂടെ മൂന്നാം ഊഴം
പരാജയകാരണങ്ങൾ ആഴത്തിൽ വിശകലനം ചെയ്ത് ഭരണത്തുടർച്ച ഉറപ്പാക്കാനാണ് എൽ.ഡി.എഫ് ശ്രമം.
ഗൃഹസമ്പർക്കം:
ജനങ്ങളിലേക്ക് നേരിട്ടെത്തി ഭരണനേട്ടങ്ങൾ വിശദീകരിക്കാനും പരാതികൾ കേൾക്കാനും പാർട്ടികൾ തീരുമാനിച്ചു കഴിഞ്ഞു.
വിവാദങ്ങൾ:
ശബരിമല, സ്വർണ്ണക്കടത്ത് തുടങ്ങിയ വിവാദങ്ങൾ പ്രതിപക്ഷം ആയുധമാക്കുമ്പോൾ, തിരഞ്ഞെടുപ്പിന് മുൻപ് കേസുകൾ തീർപ്പാക്കി പ്രതിച്ഛായ വീണ്ടെടുക്കാനാണ് സർക്കാർ നീക്കം.
മുന്നണി ഐക്യം:
തോൽവിയുടെ പേരിൽ ഘടകകക്ഷികളെ പിണക്കാതെ ചേർത്തുപിടിക്കുമെന്ന് സി.പി.എം ഉറപ്പുനൽകുന്നു.
യു.ഡി.എഫ്:
നൂറു സീറ്റെന്ന ലക്ഷ്യം
നൂറു സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നാണ് യു.ഡി.എഫിനെ നയിക്കുന്ന വി.ഡി. സതീശന്റെ പ്രഖ്യാപനം.
തലമുറമാറ്റം:
സ്ഥാനാർത്ഥി നിർണ്ണയത്തിൽ പുതുതലമുറയ്ക്കും വനിതകൾക്കും മുൻഗണന നൽകാൻ കോൺഗ്രസ് ഒരുങ്ങുന്നു.
നേതൃനിര:
എം.പിമാരിൽ വലിയൊരു വിഭാഗം നിയമസഭയിലേക്ക് മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഗ്രൂപ്പ് വൈരങ്ങൾ മാറ്റിവെച്ച് ഒറ്റക്കെട്ടായി നീങ്ങുക എന്നതാണ് കോൺഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി.
എൻ.ഡി.എ:
വിരിയുമോ താമര?
രാജീവ് ചന്ദ്രശേഖറിനെ മുൻനിർത്തി തിരുവനന്തപുരത്തും പാലക്കാട്ടും നേടിയ മുന്നേറ്റം ബി.ജെ.പിക്ക് വലിയ ആത്മവിശ്വാസം നൽകുന്നു.
പ്രമുഖരുടെ അങ്കം:
നേമത്ത് രാജീവ് ചന്ദ്രശേഖറും, പാലക്കാട്ട് കെ. സുരേന്ദ്രനും ഇറങ്ങുന്നത് മത്സരത്തെ ആവേശകരമാക്കും.
ത്രികോണ മത്സരം: കാട്ടാക്കട, കഴക്കൂട്ടം, വട്ടിയൂർക്കാവ്, കായംകുളം തുടങ്ങിയ മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരം കാഴ്ചവെച്ച് അക്കൗണ്ട് വർദ്ധിപ്പിക്കാനാണ് എൻ.ഡി.എ ലക്ഷ്യം.
നേതാക്കളുടെ വാക്കുകളിൽ
"കേരളത്തിന്റെ മനസ്സ് ഇപ്പോൾ ബി.ജെ.പിക്കൊപ്പമാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും ഞെട്ടുന്ന ഫലമുണ്ടാകും."
— രാജീവ് ചന്ദ്രശേഖർ
"ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കും. മൂന്നാം ഇടതു സർക്കാർ യാഥാർത്ഥ്യമാകും."
— ടി.പി. രാമകൃഷ്ണൻ
"ഭരണവിരുദ്ധ വികാരം ശക്തമാണ്. നൂറു സീറ്റുകൾ നേടി യു.ഡി.എഫ് അധികാരം പിടിക്കും എന്ന കാര്യത്തിൽ സംശയമില്ല."
— സണ്ണി ജോസഫ്
ഭരണവിരുദ്ധ തരംഗത്തെ അതിജീവിച്ച് എൽ.ഡി.എഫ് ചരിത്രം കുറിക്കുമോ, അതോ ജനവിധി മാറ്റിമറിച്ച് യു.ഡി.എഫ് അധികാരത്തിലേറുമോ? അതോ ഇരുമുന്നണികളെയും ഞെട്ടിച്ച് എൻ.ഡി.എ നിർണ്ണായക ശക്തിയാകുമോ? കേരളം കാത്തിരിക്കുകയാണ് ആ 'മല' കയറുന്നത് ആരെന്നറിയാൻ.











