
ദോഹ: പ്രവാസി മലയാളി വിദ്യാർഥി കൂട്ടായ്മയായ സ്റ്റുഡൻ്റ്സ് ഇന്ത്യ ഖത്തർ സംഘടിപ്പിച്ച 'അൽഫുതുവ്വ' സമ്മർ ക്യാമ്പ് സമാപിച്ചു. ഷഹാനിയിലെ ഫാമിലി റിസോർട്ടിൽ നടന്ന ദ്വിദിന ക്യാമ്പിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർഥികൾ പങ്കെടുത്തു.
വിദ്യാർഥികളുടെ വ്യക്തിത്വ വികസനം, നേതൃശേഷി, സാമൂഹിക അവബോധം, കൂട്ടായ പ്രവർത്തനശീലം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പഠനവും വിനോദവും സമന്വയിപ്പിച്ച വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയത്.
സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രസിഡണ്ട് ആർ എസ് അബ്ദുൽ ജലീൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റുഡൻസ് ഇന്ത്യ സെൻട്രൽ കോഡിനേറ്റർ സാദിഖ് ചെന്നാടൻ അധ്യക്ഷത വഹിച്ചു. ഐസ് ബ്രേക്കിംഗ് സെഷന് അനീസ് റഹ്‌മാൻ മാള നേതൃത്വം നൽകി. "ഖുർആനും ജീവിതവും" എന്ന വിഷയത്തിൽ ഷാജഹാൻ അബ്ദുൽ കരീം, "വിദ്യാർത്ഥിത്വം" എന്ന തലക്കെട്ടിൽ അസ്‌ലം തൗഫീഖ് എം.ഐ, "ധാർമിക മൂല്യങ്ങൾ" എന്ന വിഷയത്തിൽ അതീഖ് റഹ്‌മാൻ എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. ഗ്രാൻഡ് ക്വിസ് സെഷന് റിയാസ് ടി റസാഖ്, ആർട്സ് സെഷന് നജീബ് താരി എന്നിവർ നേതൃത്വം നൽകി.
പഠന സെഷനുകൾ, മോട്ടിവേഷൻ ക്ലാസുകൾ, ഗ്രൂപ്പ് ആക്ടിവിറ്റികൾ, കലാമത്സരങ്ങൾ, ഫുട്ബോൾ, നീന്തൽ, ഫൺ ഗെയിംസ് തുടങ്ങിയ പരിപാടികളിൽ വിദ്യാർഥികൾ ആവേശപൂർവം പങ്കാളികളായി. വിവിധ മത്സരങ്ങളും ടീം അധിഷ്ഠിത പ്രവർത്തനങ്ങളും വിദ്യാർഥികളിൽ സഹകരണ മനോഭാവവും നേതൃത്വഗുണങ്ങളും വളർത്താൻ സഹായകമായി.
രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ വിദ്യാർഥികൾ പങ്കുവെക്കുകയും വിവിധ വിനോദ-വിജ്ഞാന പരിപാടികളിലൂടെ ആത്മവിശ്വാസവും ആശയവിനിമയശേഷിയും മെച്ചപ്പെടുത്തുകയും ചെയ്തു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമാപന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
വിദ്യാർഥികൾക്ക് വേനലവധിക്കാലം പ്രയോജനപ്രദവും സർഗാത്മകവുമാക്കാൻ ലക്ഷ്യമിട്ടുള്ള സമ്മർ ക്യാമ്പിന് വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംഘാടകർ അറിയിച്ചു. ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ച സംഘാടക സമിതി അംഗങ്ങൾക്കും സന്നദ്ധപ്രവർത്തകർക്കും രക്ഷിതാക്കൾക്കും പങ്കെടുത്ത വിദ്യാർഥികൾക്കും സ്റ്റുഡൻസ് ഇന്ത്യ ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.
ഹബീബ് റഹ്മാൻ, മർഷദ്, മുനീബ്, ഫായിസ്, സമദ്, മിദ്ലാജ്, മർസൂൽ, നാഫിഹ്, അജ്മൽ, ആബിദ്, അഷ്‌ഫാഖ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.










