കേരള പോലീസിന്റെ അഭിമാന പദ്ധതിയായ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല ക്വിസ് പ്രോഗ്രാമായ 'വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026-27'ന്റെ ഗ്രാന്‍ഡ് ഫൈനല്‍ നവംബര്‍ 26, വ്യാഴാഴ്ച തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ് കോളേജില്‍ നടക്കും. അറിവിന്റെ മാറ്റുരയ്ക്കുന്ന വിജ്ഞാനത്തിന്റെ ഉത്സവം എന്നതിനപ്പുറം കുട്ടികളില്‍ ബുദ്ധിശക്തിക്കൊപ്പം പൗരബോധം, ദേശസ്നേഹം, ഉത്തരവാദിത്വബോധം എന്നിവ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
രാവിലെ 8.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ എ.ഡി.ജി.പിയും ക്രൈംബ്രാഞ്ച് മേധാവിയുമായ എച്ച്. വെങ്കടേഷ് വിശിഷ്ടാതിഥിയായിരിക്കും. പോലീസ് ആസ്ഥാനത്തെ ഐ.ജി ഹര്‍ഷിത അത്തലൂരി, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഐ.ജിയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫീസറുമായ അജീത ബീഗം, പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ അഡീഷണല്‍ നോഡല്‍ ഓഫീസറുമായ മൊഹമ്മദ് ഷാഫി .കെ, പോലീസ് ട്രെയിനിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ അജയ് കുമാര്‍ .എസ് എന്നിവര്‍ പങ്കെടുക്കും.
വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന സമാപന ചടങ്ങില്‍ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല മത്സരവിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫികളും വിതരണം ചെയ്യും. ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പി പി. വിജയന്, ഐ.ജി. അജീത ബീഗം, പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ അഡീഷണല്‍ നോഡല്‍ ഓഫീസറുമായ മൊഹമ്മദ് ഷാഫി .കെ, എന്നിവര്‍ സമാപനച്ചടങ്ങില്‍ പങ്കെടുക്കും.
സംസ്ഥാനത്തെ ഇരുപതു പോലീസ് ജില്ലകളില്‍ നിന്നുമുള്ള ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും മത്സരിച്ചു ജയിച്ച 120 വിദ്യാര്‍ത്ഥികളാണ് ഫൈനല്‍ റൗണ്ടില്‍ മത്സരിക്കാനെത്തുന്നത്. ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി സ്കൂള്‍ തലങ്ങളിലായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ട്രോഫിയും ലഭിക്കും.
വിഖ്യാത ക്വിസ് മാസ്റ്റര്‍ സ്നേഹജ് ശ്രീനിവാസനാണ് ക്വിസ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്. ആനുകാലിക വിവരങ്ങള്‍, ഇന്ത്യ ചരിത്രം, സംസ്കാരം, ശാസ്ത്രസാങ്കേതികം എന്നിവയെ അപഗ്രഥിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്. മുന്നൂറോളം എസ്.പി.സി. കേഡറ്റുകള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങിന്റെ ഭാഗമാകും.










