
ചെങ്ങന്നൂർ: സ്വകാര്യ ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്. ചെറിയനാട് കളത്രകുറ്റിയിൽ കടയ്ക്കൽ സുനിലിന്റെ മകനും ചെറിയനാട് ശ്രീ വിജേശ്വരി സ്കൂളിലെ വിദ്യാർത്ഥിയുമായ നന്ദു സുനിലിനാണ് അപകടത്തിൽ പരിക്കേറ്റത്.
വൈകുന്നേരം സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനായി പടനിലം ജംഗ്ഷനിൽ നിന്നാണ് നന്ദു സ്വകാര്യ ബസിൽ കയറിയത്. നാലുമണിക്കുള്ള ഒരു ബസ് ഇല്ലാതിരുന്നതിനാൽ അടുത്ത ബസിൽ അമിത തിരക്കായിരുന്നു അനുഭവപ്പെട്ടത്. ചെറിയനാട് മൗട്ടത്തുപടി ജംഗ്ഷനിലാണ് ഇറങ്ങേണ്ടിയിരുന്നതെന്നും എന്നാൽ ബസ് ജീവനക്കാരുടെ ധൃതി കാരണം അവിടെ ഇറങ്ങാൻ സാധിച്ചില്ലെന്ന് വിദ്യാർഥി പറഞ്ഞു.
തുടർന്ന് തൊട്ടടുത്ത സ്റ്റോപ്പായ കടയിക്കാട് പെട്ടെന്ന് ഇറങ്ങുന്നതിനായി വാതിൽക്കൽ നിൽക്കുകയായിരുന്നു. സ്റ്റോപ്പിൽ വണ്ടി നിർത്തുന്നതിനു മുൻപ് തന്നെ ഡോർ തുറന്നതോടെ നന്ദു റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാർ വിദ്യാർഥിയെ കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി മാവേലിക്കര ജില്ല ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് സ്കൂൾ അധികൃതരും കൊല്ലകടവിലെ ആശുപത്രിയിൽ എത്തിയിരുന്നു.











