
കൊച്ചി:സാധാരണ ജാമ്യത്തിന് രണ്ടാഴ്ച, മുൻകൂർ ജാമ്യത്തിന് ആറാഴ്ച
വ്യക്തികളുടെ സ്വാതന്ത്ര്യത്തിന് മുൻഗണന നൽകിക്കൊണ്ട് കേരള ഹൈക്കോടതി ജാമ്യാപേക്ഷകളിൽ നിർണ്ണായകമായ പുതിയ സമയപരിധി പ്രഖ്യാപിച്ചു. ഇനി മുതൽ സാധാരണ ജാമ്യാപേക്ഷകൾ (Regular Bail) പരമാവധി രണ്ടാഴ്ചയ്ക്കകം തീർപ്പാക്കണം. മുൻകൂർ ജാമ്യാപേക്ഷകൾ (Anticipatory Bail) ആറാഴ്ചയ്ക്കുള്ളിൽ തീർപ്പാക്കണമെന്നും ചീഫ് ജസ്റ്റിസിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.
അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നോ പ്രോസിക്യൂഷനിൽ നിന്നോ നിർദ്ദേശങ്ങൾ തേടാനായി തുടർച്ചയായി സമയം നീട്ടി ചോദിക്കുന്ന പ്രവണത ഒഴിവാക്കാനാണ് ഈ പുതിയ നടപടി. സാധാരണ ജാമ്യ ഹർജികളിൽ ഇതിനായി പരമാവധി ഏഴു പ്രവൃത്തിദിവസം മാത്രമായിരിക്കും ഇനി മുതൽ അനുവദിക്കുക.
സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന തീരുമാനം. ജാമ്യ നടപടികളിലെ അകാരണമായ താമസം വ്യക്തികളുടെ മൗലികാവകാശങ്ങളെ ബാധിക്കുന്നതുകൊണ്ട്, പുതിയ ഉത്തരവ് ജാമ്യനടപടികളിൽ കൂടുതൽ വേഗതയും സുതാര്യതയും ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.











