
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് ലോകബാങ്കിൽ നിന്ന് 2000 കോടി രൂപ വായ്പയെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ഉന്നത വിദ്യാഭ്യാസ കൗൺസിൽ സംഘടിപ്പിച്ച വൈസ് ചാൻസലർമാരുടെ കോൺക്ലേവിലാണ് സർക്കാർ തീരുമാനം അറിയിച്ചത്. കിഫ്ബി പദ്ധതികൾ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് പുതിയ നീക്കം.
വായ്പ അനുവദിക്കുന്നതിന് ലോകബാങ്ക് തത്വത്തിൽ സമ്മതം അറിയിച്ചതായാണ് വിവരം. ഇതിന്റെ ഭാഗമായി 100 മുതൽ 150 കോടി രൂപ വരെയുള്ള വികസന പദ്ധതികളുടെ ശുപാർശകൾ തയ്യാറാക്കി സമർപ്പിക്കാൻ സംസ്ഥാനത്തെ സർവകലാശാല വൈസ് ചാൻസലർമാർക്ക് നിർദേശം നൽകി.
ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കാരങ്ങളുടെ ഭാഗമായി സർവകലാശാലാ നിയമങ്ങൾ ഏകീകരിക്കുമെന്ന് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത മന്ത്രി റോജി എം. ജോൺ പറഞ്ഞു. ഇതുസംബന്ധിച്ച ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ, ഡീംഡ് സർവകലാശാലകൾ, വിദേശ സർവകലാശാലകൾ എന്നിവ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലാ പ്രതിനിധിയെ നിശ്ചയിക്കുന്ന നിലവിലെ സെനറ്റിന്റെ അധികാരം സിൻഡിക്കേറ്റിന് കൈമാറാനും തീരുമാനമുണ്ട്. സ്ഥിരം വൈസ് ചാൻസലർമാരുടെ നിയമനം സാധ്യമാക്കുന്നതിനുള്ള നിയമഭേദഗതികളും അടിയന്തരമായി പൂർത്തിയാക്കണമെന്ന് മന്ത്രി നിർദേശിച്ചു.
നാലുവർഷ ബിരുദ പദ്ധതിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നയരേഖ തയ്യാറാക്കി ഉടൻ സർവകലാശാലകൾക്ക് കൈമാറാനും കോൺക്ലേവ് തീരുമാനിച്ചു.
അതേസമയം, കാലടി സർവകലാശാലയിൽ വൈസ് ചാൻസലർ ഡോ. സിസാ തോമസിനെതിരെയുണ്ടായ അതിക്രമത്തിൽ കർശന നടപടി സ്വീകരിച്ച സർക്കാരിനെ വൈസ് ചാൻസലർമാർ അഭിനന്ദിച്ചു. സംഭവത്തിൽ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ നേതൃത്വത്തിൽ നേരത്തെ സർക്കാരിന് നിവേദനം നൽകിയിരുന്നു.










