10:32am 08 August 2026
NEWS
സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന് സംസ്ഥാന സർക്കാരിന്റെ ഉത്തരവ്
08/08/2026  07:52 AM IST
nila
സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന് സംസ്ഥാന സർക്കാരിന്റെ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ ‘വന്ദേമാതരം’ നിർബന്ധമാക്കി സംസ്ഥാന സർക്കാർ. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശം നൽകി. ഇതുസംബന്ധിച്ച് തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി നൽകിയ കത്തിന്റെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്. 

‘വന്ദേമാതരം’ നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തും നിർദേശം നൽകിയിരിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ സംസ്ഥാന ഗീതത്തിന് ശേഷം വന്ദേമാതരവും തുടർന്ന് ദേശീയ ഗാനവും ആലപിക്കണമെന്നാണ് നിർദേശം.

സംസ്ഥാന ഗീതം നിലവിലില്ലാത്ത സംസ്ഥാനങ്ങളിൽ ആദ്യം വന്ദേമാതരവും അതിന് ശേഷം ദേശീയ ഗാനവും ആലപിക്കണം. വന്ദേമാതരത്തിന്റെ യഥാർഥ കവിതയിലെ ആറ് ചരണങ്ങളും പൂർണമായി ആലപിക്കണമെന്നും കേന്ദ്രത്തിന്റെ മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ ഗാനത്തിന്റെ ഔദ്യോഗിക ആലാപന ദൈർഘ്യം മൂന്ന് മിനിറ്റും 10 സെക്കൻഡുമാണ്. ദേശീയ ഗാനം ആലപിക്കുമ്പോൾ ഔദ്യോഗിക വരികളും ചിഹ്നങ്ങളും കൃത്യമായി പാലിക്കണമെന്നും നിർദേശമുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ സംസ്ഥാനങ്ങൾക്ക് കൈമാറിയത്. സംസ്ഥാന സർക്കാരുകൾ തങ്ങളുടെ കീഴിലുള്ള സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വന്ദേമാതരം പൂർണമായും ആലപിക്കേണ്ടതില്ലെന്ന നിലപാടാണ് കോൺഗ്രസ് ദേശീയ നേതൃത്വം സ്വീകരിച്ചിട്ടുള്ളത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img