
ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷന് (HMC) കീഴിലുള്ള ഇന്റേണൽ മെഡിസിൻ വിഭാഗങ്ങൾക്ക് കീഴിൽ പ്രത്യേക ശ്വാസകോശ രോഗനിർണ്ണയ-പരിചരണ സേവനങ്ങൾ കൂടുതൽ ശക്തമാക്കുന്നു. ഓക്സിജൻ തെറാപ്പി ആവശ്യമായി വരുന്ന രോഗികൾക്ക് കൃത്യമായ പരിചരണവും നിരന്തരമായ മേൽനോട്ടവും ഉറപ്പാക്കുന്നതിനായാണ് ഈ പുതിയ സംവിധാനം രൂപീകരിച്ചിരിക്കുന്നത്.
രോഗികൾക്ക് കൂടുതൽ സുരക്ഷിതവും ഫലപ്രദവുമായ ചികിത്സ ലഭ്യമാക്കുക, പരിചരണത്തിന്റെ ഗുണനിലവാരം ഉയർത്തുക, മെഡിക്കൽ സേവനങ്ങളുടെയും ഉപകരണങ്ങളുടെയും പരമാവധി വിനിയോഗം ഉറപ്പാക്കുക എന്നിവയാണ് ഈ പുതിയ പദ്ധതിയൂടെ പ്രധാന ലക്ഷ്യങ്ങൾ.
രോഗികളുടെ ശ്വാസകോശാരോഗ്യ നില കൃത്യമായി വിലയിരുത്താനും ചികിത്സ ആവശ്യമായ രീതിയിൽ ക്രമീകരിക്കാനും സഹായകരമാകുന്ന വിധത്തിലാണ് HMC ഈ കേന്ദ്രീകൃത സംവിധാനം ഒരുക്കിയിരിക്കുന്നത്. എച്ച്.എം.സിക്ക് കീഴിലുള്ള ഇന്റേണൽ മെഡിസിൻ വകുപ്പുകളുടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിൽ ഈ നീക്കം നിർണായക പങ്കുവഹിക്കും.











