
ദോഹ: പ്രാദേശിക സാഹചര്യങ്ങളെത്തുടർന്ന് ഖത്തർ വ്യോമപാതയിൽ ഏർപ്പെടുത്തിയ താൽക്കാലിക നിയന്ത്രണം തുടരുന്നതിനിടെ, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (HIA) നിന്ന് പരിമിതമായ സർവീസുകൾക്ക് അനുമതി. വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ഒഴിപ്പിക്കുന്നതിനായുള്ള പ്രത്യേക വിമാനങ്ങൾക്കും (Evacuation Flights), എയർ കാർഗോ സർവീസുകൾക്കുമാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്.
ഇന്ന് (ശനിയാഴ്ച) മുതൽ പ്രത്യേക സർവീസുകൾ ആരംഭിച്ചതായി വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചു. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഈ നടപടി.
നിലവിലെ സാഹചര്യത്തിൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് നേരിട്ട് എത്തരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. വിമാന സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ അതത് വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണം.
വരും ദിവസങ്ങളിലെ സർവീസുകൾ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രമേ തീരുമാനിക്കൂ. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് എച്ച്.ഐ.എ വ്യക്തമാക്കി.
വ്യോമപാത സുരക്ഷിതമാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിക്കുന്ന മുറയ്ക്ക് സാധാരണ നിലയിലുള്ള വിമാന സർവീസുകൾ ഉടനടി പുനരാരംഭിക്കും.
ബാധിക്കപ്പെട്ട യാത്രക്കാരെയും കാർഗോ കമ്പനികളെയും സഹായിക്കുന്നതിനായി വിവിധ സർക്കാർ ഏജൻസികളുമായും വിമാനക്കമ്പനികളുമായും ചേർന്ന് ഹമദ് വിമാനത്താവളം പ്രവർത്തിച്ചുവരികയാണ്. നിയന്ത്രണങ്ങൾ മാറുന്നത് വരെ ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കാനും അധികൃതർ അഭ്യർത്ഥിച്ചു.വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നതിനായി ഖത്തർ എയർവേയ്‌സും പ്രത്യേക സർവീസുകൾ (Repatriation Flights) പ്രഖ്യാപിച്ചു. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രത്യേക അനുമതിയോടെ
ഇന്ന് ( മാർച്ച് 7 ശനിയാഴ്ച)
മുതലാണ് പരിമിതമായ ഈ സർവീസുകൾ ആരംഭിച്ചത്.
യൂറോപ്പിലെ പ്രധാന നഗരങ്ങളായ ലണ്ടൻ (ഹീത്രൂ), പാരിസ് (ചാൾസ് ഡി ഗാൾ), മാഡ്രിഡ്, റോം, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിലേക്കാണ് നിലവിൽ വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.











