
നടൻ മമ്മൂട്ടി സിനിമകളെപ്പോലെ ഗാഡ്ജറ്റുകളെയും സ്നേഹിക്കുമെന്ന കാര്യം പ്രസിദ്ധമാണ്. ഐഫോണുകൾ ഇറങ്ങുമ്പോൾത്തന്നെ താരം സ്വന്തമാക്കാറുണ്ട്. മമ്മൂട്ടിയുടെ ഗാഡ്ജറ്റ് പ്രേമത്തെക്കുറിച്ചും അമ്പരപ്പിക്കുന്ന അപ്ഡേറ്റുകളെ കുറിച്ചുമെല്ലാം സഹതാരങ്ങളും പല സമയത്തും തുറന്നു പറഞ്ഞിട്ടുമുണ്ട്. ഏറ്റവും പുതിയ ടെക്നോളജിയെക്കുറിച്ചു ഏന്തുപറഞ്ഞാലും അതിനെക്കുറിച്ച് ആധികാരികമായി സംസാരിക്കാനാവുന്ന വിധത്തിൽ മമ്മൂക്ക അപ്ഡേറ്റായിരിക്കുമെന്നാണ് സുഹൃത്തുക്കളുടെ സക്ഷ്യം. അൽപസമയം കിട്ടിയാലുടൻ താരം സ്വന്തം മൊബൈലിൽ എന്തെങ്കിലുമൊക്കെ തിരയുന്നതും സാധാരണ കാഴ്ച്ചയാണ്. ഇപ്പോഴിതാ, മമ്മൂട്ടിയുടെ മൊബൈൽ പ്രേമത്തിന്റെ നേർചിത്രം സംബന്ധിച്ച ചർച്ചകളാണ് ഉയരുന്നത്. മമ്മൂട്ടിയുടെ കയ്യിൽ നിന്നും സ്പീക്കർ എ എൻ ഷംസീർ ഫോൺ പിടിച്ചുവാങ്ങുന്നതിലേക്ക് വരെയെത്തി കാര്യങ്ങൾ.
അതിദാരിദ്ര്യമുക്തമായി കേരളത്തെ പ്രഖ്യാപിക്കുന്ന ചടങ്ങിനിടെയാണ് മമ്മൂട്ടിയുടെ ഫോൺ സ്പീക്കർ എ എൻ ഷംസീർ പിടിച്ചുവാങ്ങിയത്. ചടങ്ങ് പുരോഗമിക്കുന്നതിനിടെ താരം തന്റെ ഫോണിൽ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് മമ്മൂട്ടിക്ക് സംസ്ഥാന സർക്കാരിൻറെ സ്നേഹ സമ്മാനം നൽകുന്ന സമയമായത്. ഇതിനായി മുഖ്യമന്ത്രിയും മമ്മൂട്ടിയും വേദിയിലുണ്ടായിരുന്ന മറ്റ് പ്രമുഖരും എഴുന്നേറ്റു. എഴുന്നേറ്റ സമയത്തും മമ്മൂട്ടിയുടെ ശ്രദ്ധ തന്റെ ഫോണിലേക്ക് പോയി.
ഈ സമയത്താണ് സ്പീക്കർ എ എൻ ഷംസീറിന്റെ സമയോചിതമായ ഇടപെടലുണ്ടായത്. ഷംസീർ ഉടൻതന്നെ മമ്മൂട്ടിയുടെ ഫോൺ പിടിച്ചുവാങ്ങി. മുഖ്യമന്ത്രി സ്നേഹോപകാരം കൈമാറിയ ശേഷം സ്പീക്കർ ഫോൺ തിരിച്ചുനൽകുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സൈബറിടങ്ങളിൽ പ്രചരിക്കുന്നുണ്ട്. മമ്മൂട്ടിയുടെ മൊബൈൽ പ്രേമം തന്നെയാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നതും.











