
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ നിരാഹാരസമരം തുടരുകയായിരുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പോലീസ് പ്രതിഷേധവേദിയിൽ നിന്ന് മാറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്നാണ് ഈ നടപടിയെന്നാണ് വിവരം.
നീറ്റ് ഉൾപ്പെടെയുള്ള ദേശീയ പ്രവേശന പരീക്ഷകളിൽ ആരോപിക്കപ്പെട്ട ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വാങ്ചുക്ക് നിരാഹാരസമരം ആരംഭിച്ചത്. സമരം ശനിയാഴ്ച 21-ാം ദിവസത്തിലെത്തിയിരുന്നു. ആരോഗ്യസ്ഥിതി വഷളായ സാഹചര്യത്തിൽ ശനിയാഴ്ച പുലർച്ചെയാണ് പോലീസ് സമരവേദിയിലെത്തി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവത്തിൽ ഡൽഹി പോലീസിനെതിരെ വിമർശനവുമായി കോക്രോച്ച് പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കെയും രംഗത്തെത്തി. വാങ്ചുക്കിനെ ബലംപ്രയോഗിച്ചാണ് പോലീസ് കൊണ്ടുപോയതെന്നും ജന്തർ മന്തറിലെ പ്രതിഷേധം അടിച്ചമർത്താനുള്ള ശ്രമമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. സമരവേദിയിലുണ്ടായിരുന്ന തനിക്കുൾപ്പെടെ നിരവധി പേരെ പോലീസ് മർദിച്ചതായും അഭിജിത് ദീപ്‌കെ ആരോപിച്ചു.










