
''ഒരു ജാതി ഒരു മതം
ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരം
ഒരു ഭേദവുമില്ലതിൽ.''
1925 ഒക്‌ടോബർ 8-ാം തീയതി 'കേരളകൗമുദി' പത്രാധിപരായിരുന്ന സി.വി. കുഞ്ഞുരാമനുമായുള്ള സംഭാഷണവേളയിൽ ഗുരു പറഞ്ഞു: ''ഹിന്ദുമതം ഒരു മതമേ അല്ലല്ലോ?'' 1925 സെപ്റ്റംബർ 27-ാം തീയതിയാണ് ഡോ. കെ.ബി. ഹെഡ്‌ഗേവാർ രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർ.എസ്.എസ്) രൂപീകരിക്കുന്നത്. രൂപീകരണം കഴിഞ്ഞ് 11 ദിവസം കഴിഞ്ഞാണ് ശ്രീനാരായണ ഗുരുദേവൻ ഈ ചരിത്രപ്രസിദ്ധമായ പ്രസ്താവന നടത്തുന്നത്. ഗുരുദേവൻ തുടർന്നു പറയുന്നു, പതിനൊന്ന് ആര്യൻ ബ്രാഹ്മണമതങ്ങളുടെ പൊതുപ്പേരാണ് ഹിന്ദു മതമെന്നത്. പതിനൊന്ന് വ്യത്യസ്ത മതങ്ങളുടെ പൊതുപ്പേർ എങ്ങനെയാണ് ഒരു മതത്തിന്റെ പേരാവുക?
ഗുരുദേവൻ പറഞ്ഞ പതിനൊന്ന് ആര്യ ബ്രാഹ്മണ മതങ്ങൾ ഇവയാണ്. 1. പൗരാണിക മതം, 2. വൈദിക മതം, 3. വൈഷ്ണവ മതം, 4. ശൈവ മതം, 5. ദ്വൈത മതം, 6. അദ്വൈത മതം, 7. വിശിഷ്ടാദ്വൈത മതം, 8. ശാക്തേയ മതം, 9. സാംഖ്യ മതം, 10. മീമാംസ മതം, 11. വൈശേഷിക മതം. ഇസ്ലാമിന്റെയും യഹൂദ മതത്തിന്റെയും ക്രൈസ്തവമതത്തിന്റെയും പൊതുപ്പേരാണ് അബ്രഹാമിക് മതങ്ങൾ.
1915-ൽ തന്നെ ഇൻഡ്യയിലെ ബ്രാഹ്മണർ ഹിന്ദു മഹാസഭ സ്ഥാപിച്ചു (മദൻ മോഹൻ മാളവ്യ-ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ സ്ഥാപകൻ).
1857-ലെ യുദ്ധത്തോടു കൂടിത്തന്നെ അന്നത്തെ ഇൻഡ്യയിൽ ഒരു ബുദ്ധിജീവി വർഗ്ഗമായ ബ്രാഹ്മണർ അടുത്ത കാലത്തിനുള്ളിൽ ബ്രിട്ടീഷുകാർ ഇൻഡ്യ വിടുമെന്ന് തിരിച്ചറിഞ്ഞിരുന്നു. ആ ഒഴിവിലേക്ക് തങ്ങൾക്ക് വരാമെന്ന് കരുതി തയ്യാറെടുപ്പുകൾ നടത്തി തുടങ്ങി. അതിന്റെ ഭാഗമായാണ് 1915-ൽ ഹിന്ദു മഹാസഭയും, 1925-ൽ ആർ.എസ്.എസ്സും രൂപീകരിച്ചത്. അധികാരം പിടിക്കുക മാത്രമല്ല തങ്ങളുടെ മാനവിക വിരുദ്ധമായ സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം, നീതി എന്നീ മൂല്യങ്ങൾക്കെതിരായ ബ്രാഹ്മണ-സവർണ മതം ഭൂരിപക്ഷം വരുന്ന മൂല നിവാസികളിൽ, തദ്ദേശവാസികളിൽ ബോധപൂർവ്വം അടിച്ചേൽപ്പിക്കാനും പദ്ധതിയിട്ടു.
ക്രാന്തദർശിയായ ഗുരുദേവൻ ആ ഭീഷണി അന്നുതന്നെ തിരിച്ചറിഞ്ഞിരുന്നു.
ഗുരുദേവനും സി.വി. കുഞ്ഞുരാമനും നടത്തിയ ചരിത്രപ്രസിദ്ധമായ സംഭാഷണം 'കേരളകൗമുദി' പ്രസിദ്ധീകരിച്ചിട്ടുണ്ട്. (കഴിഞ്ഞ വർഷം കേരളകൗമുദി പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്.) സി.വി. കുഞ്ഞുരാമന്റെ ജീവചരിത്ര ഗ്രന്ഥത്തിലും ഇത് ചേർത്തിട്ടുണ്ട്.
ബ്രാഹ്മണ മതത്തിന്റെ എല്ലാ അടിക്കല്ലുകളും വേരോടെ പിഴുത് എറിയാനാണ് ശ്രീനാരായണ ഗുരുദേവൻ ശ്രമിച്ചത്. 1888-ലെ അരുവിപ്പുറം പ്രതിഷ്ഠയും അതിന്റെ ഭാഗമായാണ് നടത്തിയത്.
''ഒരു ജാതി ഒരു മതം
ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരം
ഒരു ഭേദവുമില്ലതിൽ.''
ഗുരുദേവൻ ജാതിനിർണയത്തിൽ എഴുതി. ഈ ഭൂമുഖത്തുള്ള എല്ലാ മനുഷ്യരും ഒരേ ജാതിയിൽപ്പെട്ടവരാണ്. ജാതി എന്ന പദം കൊണ്ട് ജന്മരീതി എന്നാണ് ഉദ്ദേശിക്കുന്നത്. പദത്തിന്റെ പ്രോട്ടോ-ഇൻഡോ-യൂറോപ്യൻ ഉല്പത്തി അനുസരിച്ച് അതാണ് പറയുന്നത്. എല്ലാ മനുഷ്യർക്കും, മൃഗങ്ങൾക്കും ഓരോ ജന്മരീതി ഉണ്ട്. എല്ലാ മൃഗങ്ങൾക്കും വ്യത്യസ്തമായ ജന്മരീതി ഉണ്ട്. പശുക്കൾക്ക് ഒരു ജന്മരീതി ഉണ്ട്. കോഴികൾക്ക് ഓരോ ജന്മരീതി ഉണ്ട്. കോഴി മുട്ടയിട്ട് കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുന്നു.
ബ്രാഹ്മണരുടെ ചാതുർവർണ്യവ്യവസ്ഥ അനുസരിച്ച് മനുഷ്യർ നാല് രീതിയിൽ ജനിക്കുന്നു. ബ്രാഹ്മണൻ വിരാട്പുരുഷന്റെ മുഖത്തിൽനിന്നും, ക്ഷത്രിയൻ കൈകളിൽനിന്നും, വൈശ്യൻ തുടയിൽനിന്നും, ശൂദ്രൻ പാദങ്ങളിൽനിന്നും ജനിക്കുന്നു എന്നാണ് പറയുന്നത്. അങ്ങിനെ ആണ് മനുഷ്യർക്കിടയിൽ നാല് ജാതിക്കാരും അഞ്ചാമത് വേറൊരു കൂട്ടരുമുണ്ടെന്ന് പുരുഷസൂക്തം പറയുന്നത്. ഇതാണ് ബ്രാഹ്മണരുടെ ചാതുർവർണ ജാതിവ്യവസ്ഥയുടെ അടിസ്ഥാനം. ''എല്ലാ മനുഷ്യരും ഒരേ ജാതിക്കാരാണെന്ന പരമസത്യം ഇൻഡ്യയിൽ ബ്രാഹ്മണർക്ക് മനസ്സിലാകുന്നില്ലല്ലോ മഹാകഷ്ടം'' എന്നാണ് ഗുരു പറയുന്നത്. ഇതാണ് ഗുരു ഒരു ജാതി എന്നു പറയുന്നതിന്റെ പരമരഹസ്യം. ജാതി വർണ വ്യവസ്ഥ അനുസരിച്ച് ഈ നാലു ജാതിയിൽ പെടാത്ത ഇതര മനുഷ്യർ (ഇൻഡ്യയിലെ ബഹു ഭൂരിപക്ഷ ജനതയെ 85 ശതമാനത്തിൽ കൂടുതൽ ഉള്ളവർ) അചേതനമാണെന്നാണ് വർണ ജാതി വ്യവസ്ഥക്കാർ കരുതുന്നത്. ആ നാലു ജാതിക്കാർ ഗുരു വിവരിച്ച പതിനൊന്നു മതങ്ങളിൽപ്പെടുന്നു. ആ മതഗ്രൂപ്പിന്റെ പേരാണ് 'ഹിന്ദു' എന്നത്. യഥാർത്ഥത്തിൽ ഹിന്ദു എന്നത് സിന്ധുനദിയുടെ തീരത്ത് താമസിക്കുന്നവർ എന്നാണ്. അത് ഒരു സ്ഥലപ്പേരാണ്. അതു നൽകിയതാവട്ടെ മുസ്ലിംകളും.
ശ്രീനാരായണ ഗുരുദേവന്റെ മതദർശനം എന്നത് എല്ലാ മതങ്ങളേയും കുറിച്ച് പഠിക്കണം എന്നാണ്. അതിനെ ത്യാജ്യഗ്രാഹ്യവിവേചനത്തോടെ പഠിച്ച് നല്ലതിനെ ഉൾക്കൊള്ളുകയും, അല്ലാത്തതിനെ ത്യജിക്കുകയും വേണം. ഗുരു ഒരിക്കലും സനാതനധർമ്മം എന്ന് ഉപയോഗിച്ചിട്ടില്ല. സനാതന ധർമ്മങ്ങൾ എന്നു മാത്രമേ പറയാറുള്ളൂ. എല്ലാ മതത്തിലും സനാതന ധർമ്മങ്ങൾ ഉണ്ട്. ഇസ്ലാമിലുണ്ട്, ക്രൈസ്തവമതത്തിലുണ്ട്, ബുദ്ധമതത്തിലുണ്ട്.
സ്‌നേഹത്തിന്റെ അഭാവം കലശലായി വന്ന ഒരു കാലഘട്ടത്തിലാണ് ക്രിസ്തു ജനിക്കുന്നത്. യേശു ക്രിസ്തു മനുഷ്യസ്‌നേഹത്തിനാണ് പ്രാധാന്യം നൽകുന്നത്. അത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. മനുഷ്യർ തമ്മിൽ പരസ്പരം സാഹോദര്യം കുറവായ കാലത്ത് പ്രവാചകനായ മുഹമ്മദ് നബി സാഹോദര്യം ഊന്നി പറയുന്നു. ഓരോ പ്രവാചകന്മാരും ഒരു പ്രത്യേക ദൗത്യം നിർവ്വഹിക്കാനാണ് വരുന്നത് എന്നതാണ് ഗുരുവിന്റെ പക്ഷം.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നിവയാണ് ഗുരു മാനവധർമ്മം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഗുരുവിന്റെ മതത്തിന് മാനവ ധർമ്മം എന്ന പേര് നൽകാം. ഗുരു ഒരു മതത്തേയും അംഗീകരിച്ചിരുന്നില്ല, എതിർത്തിരുന്നുമില്ല. എല്ലാ മതത്തിലുമുള്ളതിലെ നല്ലതിനെ സ്വീകരിക്കുക, അല്ലാത്തതിനെ തള്ളിക്കളയുക എന്നതാണ് ഗുരുവിന്റെ നിലപാട്. നാം ഇന്നുകാണുന്ന ഒരു ജാതിയിലും മതത്തിലും പെടുന്നില്ല എന്ന വിളംബരം ശ്രീനാരായണ ഗുരുദേവൻ പുറപ്പെടുവിച്ചിട്ടുണ്ട്.
കേരളത്തിലെ ഇടതുസർക്കാർ ''ജാതി ഇല്ല മതമില്ല'' വിളംബരത്തിന് പ്രചരണം നൽകിയപ്പോൾ ''നാം ഒരു മതത്തിലും പെടുന്നില്ല'' എന്നത് തമസ്‌കരിച്ചു. ഇത് യഥാർത്ഥത്തിൽ ആർ.എസ്.എസ്. ആശയം മണക്കുന്ന നടപടി ആണ്.
ശ്രീനാരായണ ഗുരുവിന്റെ ഏറ്റവും ശ്രദ്ധേയമായ സന്ദേശം അപരവൽക്കരണത്തിന് എതിരായാണ്. 1888-ൽ അരുവിപ്പുറത്ത് ഗുരു എഴുതിവെച്ചത്: ''ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ എല്ലാരും സ്‌നേഹത്തോടെ വാഴുന്ന മാതൃകാസ്ഥാനമാണിത്'' എന്നാണ്.
ജാതിയുടെയും മതത്തിന്റെയും പേരിലുള്ള അപരവൽക്കരണശ്രമങ്ങളെ ശ്രീനാരായണ ഗുരു ശക്തമായി അപലപിച്ചു. ആ കാലഘട്ടത്തിന്റെയും ഇപ്പോഴത്തേയും ഏറ്റവും വലിയ വെല്ലുവിളി അപരവൽക്കരണത്തിന്റേതാണ് (ജാതിയുടെയും മതത്തിന്റെയും പേരിൽ നടക്കുന്നത്).
ആർ.എസ്.എസ്. മുഖ്യമായി ലക്ഷ്യമിടുന്നത് മുസ്ലിംകളെയും ക്രൈസ്തവരെയും അപരവൽക്കരിക്കുക എന്നതാണ്. അവരെ അവർ ശത്രുപക്ഷത്ത് നിർത്തുന്നു. വിശിഷ്യാ മുസ്ലിംകളെയും, ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്ര ജാതികളിൽ പെടാത്ത ഇതര മനുഷ്യരെയും അവർ അപരവൽക്കരിച്ച് അവരുടെ എല്ലാ അവകാശങ്ങളും, അധികാരവും അപഹരിക്കാനുള്ള പദ്ധതിയും അവർ നടപ്പാക്കുന്നുണ്ട്. അതാണ് ജാതി വർണ്ണ വ്യവസ്ഥ അഥവാ അവരുടെ സനാതന അധർമ്മ വ്യവസ്ഥ. ജാതി വർണ വ്യവസ്ഥ എന്നത് മതപരമായ വ്യവസ്ഥ അല്ല. അത് ഒരു രാഷ്ട്രീയ തട്ടിപ്പ് വ്യവസ്ഥയാണ്. ജനങ്ങളെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് ആദ്യത്തെ നാലു ജാതിക്കാർക്ക് (ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്ര) എല്ലാ അധികാരവും അവകാശങ്ങളും നൽകുന്നു. മാത്രമല്ല ഇതിന് പുറത്തുനിൽക്കുന്ന അഞ്ചാംഗ്രൂപ്പുകാരുടെ എല്ലാ അവകാശവും പ്രാതിനിധ്യവും കവർന്ന് നാലുപേർക്ക് വീതിച്ചു നൽകുന്നു. ആ നാലു ജാതിക്കാരിൽ ബ്രാഹ്മണർക്ക് ഏറ്റവും കൂടുതൽ അധികാരം നൽകുന്നു. ബാക്കിയുള്ളവർക്ക് അതിൽ വ്യതിയാനം വരുത്തി വിതരണം ചെയ്യുന്നു. ഇതാണ് ചാതുർവർണ്യവ്യവസ്ഥ എന്ന രാഷ്ട്രീയ വ്യവസ്ഥ. ഇതിന് മതപരമായ അടിത്തറ ഇല്ല. ഇതാണ് ആർ.എസ്.എസ്.-ബി.ജെ.പി. അജണ്ട. ഈ അജണ്ട മിക്കവാറും അവർ പൂർത്തിയാക്കിക്കഴിഞ്ഞു.
ആർ.എസ്.എസ്. രൂപീകരിച്ച് നൂറുവർഷം തികയുന്നതിനു മുമ്പേ, ഇൻഡ്യ ഇന്ന് ഒരു അപ്രഖ്യാപിത ബ്രാഹ്മണത്വ-സവർണത്വ-ഹിന്ദുത്വ രാഷ്ട്രമായി മാറി. അപ്രഖ്യാപിത അടിയന്തരാവസ്ഥയും ഉണ്ട്. നമ്മുടെ രാജ്യം ഇന്ന് ഒരു ഇലക്ട്രൽ ഡെമോക്രസി അല്ല (തെരഞ്ഞെടുപ്പ് ജനാധിപത്യ രാജ്യമല്ല). ഇപ്പോൾ നമ്മുടെ രാജ്യം ഇലക്ട്രൽ ഒട്ടോക്രസി ആയി മാറി. തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നു. ആർ.എസ്.എസ്., ബി.ജെ.പി. പാർട്ടികളേയും സഖ്യകക്ഷികളേയും മാത്രം പ്രവർത്തിക്കാൻ അനുവദിക്കുന്നുള്ളൂ. (റഷ്യയിലെ പുട്ടിൻ മോഡൽ ജനാധിപത്യം.)
1947 നു മുമ്പ് ബ്രിട്ടീഷുകാർ നടത്തിയ സെൻസസ്സുകളിൽ ബ്രാഹ്മണരേയും ക്ഷത്രിയരേയും വൈശ്യന്മാരേയും ശൂദ്രന്മാരും മാത്രമേ ഹിന്ദുക്കളായി മാറുന്നുള്ളൂ. അവർ ന്യൂനപക്ഷം ആണ് (15 ശതമാനത്തിൽ താഴെ). 1947-നു ശേഷം നടന്ന സെൻസസ്സുകളിൽ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബൗദ്ധ, ജൈന, പാഴ്‌സി മതം (ദീൃമേെൃശമി)െ എന്നിവർ ഒഴിച്ചുള്ള എല്ലാ ആൾക്കാരേയും ഹിന്ദുക്കളാക്കി രേഖപ്പെടുത്തി. അങ്ങനെ കൃത്രിമമായി ബ്രാഹ്മണ മതത്തിന് എണ്ണം കൂട്ടി. ഹിന്ദുക്കൾ എന്ന പേരും കൃത്രിമമായി നൽകി. ഇത് ഭൂരിപക്ഷ ജനതയുടെ സമ്മതമില്ലാതെ സർക്കാരുകൾ ചെയ്തതാണ്. അങ്ങിനെയാണ് ഇല്ലാത്ത മത (ഗുരുവിന്റെ നിർവ്വചനപ്രകാരം) ത്തിന്റെ പേരു പറഞ്ഞു ഹിന്ദു ഭൂരിപക്ഷം കൃത്രിമമായി സൃഷ്ടിച്ചത്.
അങ്ങിനെ ആർ.എസ്.എസ്സിന്റെ ഒന്നാമത്തെ പരിപാടി നടപ്പാക്കിയത് കോൺഗ്രസ്സ് സർക്കാരുകൾ ആണ്.
പോലീസും പട്ടാളവും അർദ്ധസൈനിക പോലീസും ചേർന്ന് കൃത്രിമ വർഗ്ഗീയ ലഹളകൾ നടത്തി മുസ്ലിംകളെ കൂട്ടക്കൊല നടത്തി മുസ്ലിംകളെ അപരവൽക്കരിക്കുകയും, ഭൂരിപക്ഷ അവർണ സമുദായങ്ങൾക്കിടയിൽ 'മുസ്ലിം ശത്രുക്കളെ' സൃഷ്ടിച്ച് അവർണരെ സവർണരുടെ അടിമകളാക്കി മാറ്റുക എന്നതാണ് ആർ.എസ്.എസ്സുകാരുടെ പ്രഥമ പരിപാടി. ഇതിൽ ആദ്യകാലത്ത് കോൺഗ്രസ്സുകാരും മുസ്ലിം വിരുദ്ധത സൃഷ്ടിച്ച് ആദ്യകാലത്ത് തിരഞ്ഞെടുപ്പുകൾ വിജയിക്കാറുണ്ട്. മസ്ജിദ്-മന്ദിർ വിവാദം ആർ.എസ്.എസുകാർ കൃത്രിമമായി ഉണ്ടാക്കിയാണ് അവർ തിരഞ്ഞെടുപ്പുകൾ ജയിക്കാറുള്ളത്. ഈ വിവാദങ്ങളിൽ കോൺഗ്രസ്സിന്റെ നിലപാടും സംശയാസ്പദമാണ്.
ഇങ്ങനെ കൃത്രിമമായി മുസ്ലിം വെറുപ്പ് സൃഷ്ടിക്കുന്നതിനെ ഇസ്ലാമോ ഫോബിയ എന്നു വിളിക്കാം.
ഇസ്ലാമോ ഫോബിയ പ്രതിരോധിക്കാൻ ഏറ്റവും വലിയ ആയുധം ശ്രീനാരായണ ദർശനം ആണ്. ജാതിഭേദം, മതദ്വേഷം എന്നിവയ്ക്ക് എതിരായി ശക്തിയായ നിലപാട് ഉള്ളതാണ് ശ്രീനാരായണ ചിന്തകളും ദർശനവും. ഗുരു എഴുതി:
''അവനവന് ആത്മസുഖത്തിനായചരിക്കുന്നവ
അപരനു സുഖത്തിനായ് വരേണം''
അവനവന് ആത്മസുഖത്തിനായി ചെയ്യുന്ന കാര്യങ്ങൾ അപരനും സുഖം നൽകണം എന്നാണ് ഗുരു നിർദ്ദേശിക്കുന്നത്.
ജാതിയുടെയും മതത്തിന്റെയും പേരിലുള്ള അപരവൽക്കരണം നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് എന്ന് ശ്രീനാരായണ ഗുരു അന്നുതന്നെ തിരിച്ചറിഞ്ഞു.
സെൻസസ് പ്രക്രിയയിലൂടെ ഹിന്ദുക്കളല്ലാത്ത ദലിത് അവർണ ഒ.ബി.സി.കളെ ഹിന്ദുക്കളാക്കി. പിന്നീട് സുപ്രീം കോടതിയുടെ നിരവധി വിധികളിലൂടെ വേദ വൈദിക വിധികൾ അടിച്ചേൽപ്പിച്ചു. അങ്ങിനെ അവർണ സമുദായങ്ങളെ ഹിന്ദുത്വ അറവുശാലയിൽ എത്തിച്ചു. ശ്രീനാരായണ ഗുരുവിന്റെ മതദർശനത്തെ മാധവധർമ്മം എന്നു വിളിക്കാം.
ദൈവം എന്ന വാക്കിന് ഗ്രീക്ക്, ലാറ്റിൻ ഉറവിടം അനുസരിച്ച് പ്രകാശം എന്നാണ് അർത്ഥം. ഗുരു പറയുന്നു, അറിവാണ് പ്രകാശം. ദൈവം അറിവാണെന്നാണ് ഗുരു പറയുന്നത്. ഗുരുവചന പ്രകാരം ദൈവമായി കാണുന്നത് അവനവനെ തന്നെ ആണ്. ഗുരു ഊന്നിപ്പറയുന്നു അറിവാണ് ദൈവം.
ഡോ. അംബേദ്കർ പ്രവചിച്ച ഒളിഗാർക്കി ഭരണത്തെ പ്രതിരോധിക്കാൻ ഭരണഘടനാ ശില്പി പലവഴികളും നിർദ്ദേശിച്ചിട്ടുണ്ട്. നമുക്ക് വേണ്ടത് പ്രാതിനിധ്യ ജനാധിപത്യ രീതി ആണ്. ഇതിലൂടെ ഇൻഡ്യയിലെ എല്ലാ സമുദായങ്ങൾക്കും ജനസംഖ്യാനുപാതത്തിൽ എല്ലാ അവകാശങ്ങളും അധികാരങ്ങളും സമസ്ത മേഖലയിലും നൽകിയാൽ ഇന്ന് ഇൻഡ്യയിലും കേരളത്തിലും നിലവിലുള്ള ഒളിഗാർക്കി ഭരണരീതി അവസാനിപ്പിക്കാൻ കഴിയും. ഭരണഘടനയിൽ ആർട്ടിക്കിൾ 16/4 അതിനുള്ള വകുപ്പ് മൗലിക അവകാശമായി ചേർത്തിട്ടുണ്ട്. സർക്കാരുകൾ അതൊന്നും ശ്രദ്ധിക്കാറില്ല. കേരളം ഇന്നു നേരിടുന്ന രണ്ടു ഭീഷണികൾ ഒന്ന് ഒളിഗാർക്കി ഭരണം, രണ്ടു ഇസ്ലാമോ ഫോബിയ ആണ്. ഒളിഗാർക്കി ജാതിക്കാരുടെ മുഖ്യ ആയുധമാണ് ഇസ്ലാമോ ഫോബിയ. കേരളത്തിൽ മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനം സാമാന്യം ശക്തമാണ്. എന്നിരുന്നാലും ഇസ്ലാമോ ഫോബിയയും ശക്തമാണ്. അങ്ങിനെയാണ് ബി.ജെ.പി. കേരളത്തിൽ 20 ശതമാനം വോട്ടിൽ എത്തിനിൽക്കുന്നത്. കേരളത്തിൽ ഇസ്ലാമോ ഫോബിയയുടെ ആചാര്യൻ ഇ.എം.എസ്. നമ്പൂതിരിപ്പാടാണ്. അദ്ദേഹമാണ് ശരിഅത്ത് വിവാദവും യൂണിഫോം സിവിൽ കോഡും ചർച്ചയാക്കിയത്. മുസ്ലിംലീഗ് കേരളത്തിൽ കോൺഗ്രസ്സിന്റെ സഖ്യശക്തി ആയതുകൊണ്ടാണ് ആ വിഷയം ഉയർത്താത്തത്. ലീഗിന്റെ അഞ്ചാം മന്ത്രി വിവാദം കോൺഗ്രസ്സുകാർ ഉണ്ടാക്കിയതാണ്.
ജാതിവർണ വ്യവസ്ഥ ഒരു രാഷ്ട്രീയ വ്യവസ്ഥ ആണെന്നും, അതിന് മതപരമായ അടിത്തറ ഇല്ലെന്നും നാം തിരിച്ചറിയേണ്ടതുണ്ട്.
ശ്രീനാരായണ ദർശനങ്ങൾ സാധാരണ എല്ലാവിഭാഗം ജനങ്ങൾക്കിടയിൽ എത്തിക്കുന്നതിന്, കേരളത്തിലെ സാമൂഹ്യ വിപ്ലവ പ്രസ്ഥാനത്തിലെ അഗ്രഗാമിയായ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പരമ്പരയിൽപ്പെടുന്ന അന്താരാഷ്ട്ര പ്രസിദ്ധിയാർജ്ജിച്ച നിയമപണ്ഡിതൻ പ്രൊഫ. ഡോ. മോഹൻ ഗോപാൽ ശ്രീനാരായണ മാനവധർമ്മ ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. അത് കേരള സമൂഹത്തിൽ ചലനങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ക്ഷീണിക്കാത്ത മനീഷിയും മഷി ഉണങ്ങാത്ത പൊൻ പേനയും അദ്ദേഹത്തിന് സ്വന്തമായി ഉണ്ട്. ഡോ. മോഹൻ ഗോപാൽ സാർ മുൻകൈ എടുത്ത് അദ്ദേഹത്തിന്റെ രക്ഷാകർതൃത്വത്തിൽ വിവിധ സമുദായങ്ങളുടെ ഒരു പ്രാതിനിധ്യ ജനാധിപത്യ പ്രതികരണവേദി രൂപീകരിച്ചിട്ടുണ്ട്. ഒ.ബി.സി. വകുപ്പ് ഡയറക്ടർ വി.ആർ. ജോഷി ആണ് വേദിയുടെ കോ-ഓർഡിനേറ്റർ. ജാതി സമുദായ സെൻസസ്സിന്, തലയെണ്ണി നടത്തിക്കുന്നതിനുള്ള പൊതുബോധം ജനങ്ങൾക്കിടയിൽ സൃഷ്ടിക്കുക എന്നതാണ് വേദിയുടെ ആദ്യപരിപാടി.
(ലേഖകൻ അഖില കേരള എഴുത്തച്ഛൻ സമാജം നേതാവാണ്)











