01:43am 30 April 2026
NEWS
​ആർത്തവം അശുദ്ധിയല്ല, നൈഷ്ഠിക ബ്രഹ്മചര്യം പ്രധാനം: വിശാല ബെഞ്ചിന് മുന്നിൽ വാദവുമായി സോളിസിറ്റർ ജനറൽ
08/04/2026  09:06 AM IST
സുരേഷ് വണ്ടന്നൂർ
​ആർത്തവം അശുദ്ധിയല്ല, നൈഷ്ഠിക ബ്രഹ്മചര്യം പ്രധാനം: വിശാല ബെഞ്ചിന് മുന്നിൽ വാദവുമായി സോളിസിറ്റർ ജനറൽ

ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച 2018-ലെ ഭരണഘടനാ ബെഞ്ചിന്റെ വിധി നിയമപരമല്ലെന്ന് പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ഒൻപതംഗ വിശാല ബെഞ്ചിന് മുന്നിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ശബരിമലയിലെ നിയന്ത്രണം സ്ത്രീകളെ അശുദ്ധരായി കാണുന്നതുകൊണ്ടല്ല, മറിച്ച് അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചാരി എന്ന സ്വഭാവം മുൻനിർത്തിയുള്ളതാണെന്ന് അദ്ദേഹം വാദിച്ചു. യുവതീ പ്രവേശനം വിലക്കുന്നത് തൊട്ടുകൂടായ്മയുടെ രൂപമാണെന്ന മുൻ വിധിയിലെ നിരീക്ഷണത്തെ കേന്ദ്രം എതിർത്തു. ഇത് ആരാധനാ രീതികളെ ബാധിക്കുന്ന വിഷയമാണെന്നും സ്ത്രീകളെ ഇകഴ്ത്തലല്ലെന്നും കേന്ദ്രം വ്യക്തമാക്കി.
മതപരമായ ആചാരങ്ങളുടെ അനിവാര്യത തീരുമാനിക്കേണ്ടത് മതഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം. വിശ്വാസപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കോടതികൾക്ക് കഴിയില്ല. ഭരണഘടനയിലെ അനുച്ഛേദം 25 ആരാധനാ സ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ടെങ്കിലും, അത് ലിംഗസമത്വത്തേക്കാൾ മതസൗഹാർദ്ദത്തിനും ആചാര സംരക്ഷണത്തിനുമാണ് മുൻഗണന നൽകുന്നത്.
​കോടതിയുടെ നിരീക്ഷണം:
വാദത്തിനിടെ, ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ജസ്റ്റിസ് ബി.വി. നാഗരത്ന സുപ്രധാനമായ ഒരു ചോദ്യം ഉന്നയിച്ചു. മാസത്തിൽ മൂന്ന് ദിവസം മാത്രം സ്ത്രീ അശുദ്ധയാകുന്നത് എങ്ങനെയെന്നും അതിന് പിന്നിലെ യുക്തി എന്താണെന്നും അവർ ചോദിച്ചു. എന്നാൽ, ഈ നിയന്ത്രണം ആർത്തവവുമായി ബന്ധപ്പെട്ടതല്ലെന്നും പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത് പ്രതിഷ്ഠയുടെ സ്വഭാവം കണക്കിലെടുത്താണെന്നും സോളിസിറ്റർ ജനറൽ മറുപടി നൽകി.
ഏപ്രിൽ 14 മുതൽ 16 വരെയാണ് കേരള സർക്കാർ കോടതിയിൽ വാദം ബോധിപ്പിക്കുക. നേരത്തെ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ പട്ടികയിലായിരുന്നു സർക്കാരെണ്ണമെങ്കിലും, നിലവിൽ എതിർക്കുന്നവരുടെ നിരയിൽ വാദം പറയാനാണ് നീക്കം. ഇക്കാര്യത്തിൽ സാങ്കേതിക തിരുത്തലുകൾക്കായി സർക്കാർ നോഡൽ ഓഫീസർക്ക് കത്തു നൽകിയിട്ടുണ്ട്.
​ശബരിമല വിധിയുമായി ബന്ധപ്പെട്ട മതം, വിശ്വാസം, ആചാരം തുടങ്ങിയ ഏഴ് സുപ്രധാന നിയമ പ്രശ്നങ്ങളിൽ മാത്രമാകും ഈ വിശാല ബെഞ്ച് തീരുമാനമെടുക്കുക. പുനഃപരിശോധനാ ഹർജികൾ പിന്നീട് അഞ്ചംഗ ബെഞ്ച് പരിഗണിക്കും. കേന്ദ്രത്തിന്റെ വാദം ഇന്നും തുടരും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img